ഓവിയയെ നായികയായി അനിത ഉദീപ് ഒരുക്കിയ 90 എംഎല്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. സ്ത്രീകളെ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം മദ്യപാനത്തേയും പുകവലിയേയും ഒപ്പം ലൈംഗികതയേയും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നാണ് വിമര്‍ശകരുടെ വാദം. ഇത് ചെറുപ്പക്കാരെ വഴിതെറ്റിക്കുമെന്നും അതിനാല്‍ ഓവിയയെ അറസ്റ്റ് ചെയ്യണമെന്നുമാണ് അവര്‍ പറയുന്നത്. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച് ചിത്രത്തിനെതിരേ സിനിമയിലെ പ്രമുഖര്‍ വരെ രംഗത്ത് വന്നു. എന്നാല്‍ ചിത്രത്തിന് എതിരേ നടക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായക അനിത ഉദീപ്.
സ്ത്രീകള്‍ ആഘോഷിക്കുന്നതും ലൈംഗിക താല്‍പ്പര്യത്തെക്കുറിച്ച് തുറന്നു പറയുന്നതുമെല്ലാം എങ്ങനെയാണ് സമൂഹത്തിന് ദോഷമാകുന്നത് എന്നാണ് അനിതയുടെ ചോദ്യം. സ്ത്രീകള്‍ അവരുടെ താല്‍പ്പര്യങ്ങളും ഇഷ്ടങ്ങളും തുറന്നു പറയുന്നത് പുരുഷന്മാര്‍ക്ക് ദഹിക്കില്ലെന്നും സ്ത്രീകളുടെ ത്യാഗങ്ങള്‍ പോലും അവര്‍ക്ക് മനസിലാക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. സ്ത്രീപക്ഷ സിനിമകള്‍ എല്ലാം സമൂഹത്തിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നവയോ സന്ദേശത്തോടെ അവസാനിക്കുന്നവയോ ആവേണ്ടതില്ല എന്നാണ് അനിത പറയുന്നത്. 90 എംഎല്ലിലെ സ്ത്രീകഥാപാത്രങ്ങള്‍ എല്ലാം പുരുഷന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാതെ അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നവരാണ്. എന്നാല്‍ ഒരു പുരുഷ കഥാപാത്രത്തേയും മോശമായി കാണിക്കുന്നില്ലെന്നും ഉറപ്പാക്കിയിട്ടുണ്ട്. ചിത്രത്തിലെ അധോലോക നായകന്റെ വികാരങ്ങളെ വരെ ബഹുമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സംവിധായിക പറയുന്നു.
ഇനിയും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഭാവിയില്‍ പുറത്തുവരും എന്നാണ് അനിത ഉദീപ് പറയുന്നത്. മോശം കമന്റുകള്‍ തനിക്ക് വേദനയില്ലെന്നും എന്നാല്‍ ചിത്രത്തെ പിന്തുണച്ചുകൊണ്ട് നിരവധി പുരുഷന്മാര്‍ എത്തുന്നതില്‍ വളരെ അധികം സന്തോഷമുണ്ടെന്നും അവര്‍കൂട്ടിച്ചേര്‍ത്തു. താന്‍ പ്രതീക്ഷിച്ചതിലും അപ്പുറമാണ് ഇതെന്നാണ് പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ അക്രമണത്തിനാണ് അനിത ഇരയാവുന്നത്. ഇവരുടെ ഫേയ്‌സ്ബുക്കില്‍ ചിത്രത്തിനെതിരേ കമന്റുകള്‍ നിറയുകയാണ്. അതിനൊപ്പം അനിതയെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള ശ്രമങ്ങളുമുണ്ടാകുന്നുണ്ട്. ചിത്രത്തിനെതിരേയുള്ള വിമര്‍ശനങ്ങളെ അതേ രീതിയില്‍ എടുക്കാന്‍ തനിക്കാവുമെന്നും എന്നാല്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അനിത വ്യക്തമാക്കി.
എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പോലും ഇറങ്ങിയത്. അപ്പോള്‍ മുതല്‍ ഓവിയയും 90 എംഎലും വിവാദത്തിന് പിന്നാലെയാണ്.
മലയാളിതാരം ആന്‍സന്‍ പോളും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരാണ് മറ്റുതാരങ്ങള്‍. തമിഴ് താരം ചിമ്പു അതിഥി താരമായും ചിത്രത്തില്‍ എത്തുന്നുണ്ട്. കൂടാതെ ചിത്രത്തിന് സംഗീതം നല്‍കിയതും ചിമ്പുവാണ്. മാര്‍ച്ച് ഒന്നിന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates