

സ്ത്രീപക്ഷ സിനിമകള്‍ ആഗ്രഹിച്ച് ചെയ്താലും പുറത്ത് വരുന്നത് പുരാഷാധിപത്യ സിനിമകളെന്ന് സംവിധായകന്‍ ശ്യാം പുഷ്‌കരന്‍. മലയാള സിനിമയിലെ സ്ത്രീ കൂട്ടായമയായ ഡബ്ല്യൂസിസിയുടെ രണ്ടാം വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് ധൈര്യം പകരുന്ന സംഘടനയായതിനാലാണ് ഡബ്ല്യൂസിസിക്കൊപ്പം താന്‍ നില്‍ക്കുന്നതെന്നും ശ്യാം പുഷ്‌കരന്‍ പറയുന്നു. ചലച്ചിത്രമേഖലയിലെ ലൈംഗികകാതിക്രമങ്ങളെ തുറന്നു കാണിക്കുന്ന മീടു കാംപെയ്‌നെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
'മീടു സിനിമാമേഖലയില്‍ ഉയര്‍ത്തിയ ഭയം ചെറുതല്ല. എന്റെ സിനിമയുടെ ഭാഗമായ എന്റെ സുഹൃത്തുകൂടിയായ നടന്‍ മീടു വിവാദത്തിലകപ്പെട്ടപ്പോള്‍ സന്ധിസംഭാഷണത്തിന് വന്നവരോട് സൗഹൃദത്തിന്റെ പേരില്‍ ഇതില്‍ നിന്ന് ഒഴിയാനാവില്ലെന്ന് തുറന്ന് പറഞ്ഞു. ഇരയ്ക്ക് കൂടി തൃപ്തികരമായ പരിഹാരമുണ്ടാകാതെ സന്ധിയില്ലെന്നും പറഞ്ഞു'- ശ്യാം പുഷ്‌കരന്‍ വ്യക്തമാക്കി.
ഹിന്ദി സിനിമാമേഖലയിലും സ്ത്രീകളുടെ അവകാശത്തിനായി ചില നടപടികള്‍ സ്വീകരിക്കണമെന്ന് സമ്മര്‍ദ്ദം ചെലുത്താന്‍ ഡബ്ല്യൂസിസിയുടെ വരവ് കൊണ്ട് കഴിഞ്ഞു എന്നാണ് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ പറഞ്ഞത്. സ്ത്രീകള്‍ക്ക് തങ്ങളുടേതായ ഇടം എവിടെയുമുണ്ടെന്ന ആത്മാഭിമാനത്തിന്റെ ബോധമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നതാണ് ഈ സംഘടനയുടെ നേട്ടമെന്നും സ്വര ഭാസ്‌കര്‍ അഭിപ്രായപ്പെട്ടു.
സിനിമയിലെ പുരുഷാധിപത്യം സംവിധാനത്തിന്റെ ഭാഗമാണെന്ന് സാമൂഹ്യപ്രവര്‍ത്തക കെ അജിത പറഞ്ഞു. അത് വ്യക്തിപരമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'എന്തായാലും ഡബ്ല്യൂസിസി അത് പൊളിച്ചിരിക്കുന്നു. ഈ കൂട്ടായ്മ ഇന്ത്യയൊട്ടാകെ യാഥാര്‍ത്ഥ്യമാകണം. അതിന് പുറമെ കേരളത്തിലെ പാര്‍ശ്യവല്‍ക്കരിക്കപ്പെട്ട ഇതരവിഭാഗങ്ങളുടെ കൂട്ടായ്മയ്ക്കും രൂപം നല്‍കണം'- അജിത വ്യക്തമാക്കി.
ആണധികാരങ്ങളില്‍ തീ കോരിയിടാന്‍ ഈ കൂട്ടായ്മയ്ക്ക് സാധിച്ചു എന്നതാണ് ഡബ്ല്യൂസിസിയുടെ സുപ്രധാന നേട്ടമെന്ന് അഭിപ്രയപ്പെട്ട സംവിധായകന്‍ ഡോ. ബിജു ചലച്ചിത്രമേഖലയിലെ വര്‍ണ്ണവെറിക്കെതിരെയും സംസാരിച്ചു. ജാതിയുടെ പേരില്‍ മലയാള സിനിമ നാടുകടത്തിയ റോസിയെ 90 വര്‍ഷത്തിന് ശേഷവും തിരിച്ച് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാത്ഥാര്‍ത്ഥ്യം. വര്‍ണ്ണവെറി ആഘോഷത്തോടെ സ്വീകരിച്ച മലയാളികള്‍ ഡബ്ല്യൂസിസിയുടെ വരവോടെ ഇത്തരം സിനിമാ പരാമര്‍ശങ്ങളെ വിമര്‍ശനത്തോടെ നേരിടാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര സംവിധായകന്‍ പാ രഞ്ജിത്തും പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു. ഡബ്ല്യൂസിസിയുടെ വരവ് സിനിമാ മേഖലയ്ക്ക് തൊഴിലാളി യൂണിയന്റെ അന്തരീക്ഷം പകര്‍ന്നിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. മീടു പ്രസ്ഥാനവും യുവതലമുറയ്ക്ക് ആവേശം പകര്‍ന്നിട്ടുണ്ടെന്നാണ് പാ രഞ്ജിത്തിന്റെ അഭിപ്രായം.
'താന്‍ ദളിതനാണെന്ന് തുറന്ന് പറഞ്ഞാല്‍ അവസരം നിഷേധിക്കുന്നുവെങ്കില്‍ അതിന് തയാറായി മുന്നോട്ട് പോകണം. സിനിമാ മേഖലയിലെ ജാതിവിവേചനത്തിനെതിരായ പോരാട്ടത്തിനും തുടക്കമിടണം'- പാ രഞ്ജിത്ത് പറയുന്നു. ഈ മുന്നേറ്റം തമിഴ്‌നാട്ടിലേക്കും വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates