'സ്റ്റെഫി ജനിക്കുമ്പോൾ ഞാൻ സിനിമയിൽ വന്ന ആളാണ്', പൈസ ചോദിച്ചപ്പോൾ മാസ്സ് ഡയലോ​ഗ്; ഡബ്ല്യൂസിസി നേതൃനിരയ്ക്കെതിരെ പുതിയ ആരോപണം

സ്ത്രീ സംഘടനയിൽ തന്നെ പ്രിവിലേജ്ഡ് ലെയർ ഉണ്ടെന്ന് സ്റ്റെഫി  സേവ്യർ
'സ്റ്റെഫി ജനിക്കുമ്പോൾ ഞാൻ സിനിമയിൽ വന്ന ആളാണ്', പൈസ ചോദിച്ചപ്പോൾ മാസ്സ് ഡയലോ​ഗ്; ഡബ്ല്യൂസിസി നേതൃനിരയ്ക്കെതിരെ പുതിയ ആരോപണം
Updated on
2 min read

ലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്യൂസിസിക്കെതിരെ വീണ്ടും ആരോപണം. സംസ്ഥാന അവാർഡ് ജേതാവായ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറാണ് പുതിയ ആരോപണം ഉന്നയിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. സ്ത്രീ സംഘടനയിൽ തന്നെ പ്രിവിലേജ്ഡ് ലെയർ ഉണ്ടെന്നാണ് സ്റ്റെഫി ചൂണ്ടിക്കാട്ടുന്നത്.

ഡബ്യൂസിസിയുടെ നേതൃനിരയിലുള്ള സംവിധായികയ്ക്കെതിരെയും സ്റ്റെഫി ആരോപണമുന്നയിച്ചിട്ടുണ്ട്. 2017ൽ ഈ സംവിധായികയുടെ സിനിമയ്ക്കായി വസ്ത്രാലങ്കാരം നടത്തുകയും പിന്നീട് പണം നൽകാതെ വഞ്ചിക്കപ്പെടുകയും ചെയ്തെന്ന് സ്റ്റെഫി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. പ്രതികരിച്ചപ്പോൾ 'സ്റ്റെഫി' ജനിക്കുമ്പോൾ ഞാൻ സിനിമയിൽ വന്ന ആളാണ് " എന്ന മാസ്സ് ഡയലോഗ് ആയിരുന്നു മറുപടിയെന്ന് സ്റ്റെഫി ഫേസ്​ബുക്കിൽ കുറിച്ചു.

നേരത്തെ ഡബ്ല്യൂസിസിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളും മാധ്യമവക്താവുമായിരുന്ന സംവിധായിക വിധു വിൻസെന്റ് സംഘടനയ്ക്കെതിരെ രം​ഗത്തെത്തിയിരുന്നു. സംഘടനയിൽ നിന്ന് രാജിവച്ച വിധു ഡബ്ല്യൂസിസിക്കുള്ളിലെ വിവേചനത്തെക്കുറിച്ച് തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റെഫിയുടെ ആരോപണം.

സ്റ്റെഫിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

2017ൽ, WCCയുടെ അമരത്തിരിക്കുന്ന സംവിധായകയുടെ, പിന്നീട് നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട സിനിമയിൽ കോസ്ട്യും ചെയ്യാൻ വിളിക്കുകയും, വ്യക്തിപരമായി അവരോടുള്ള വിശ്വാസം കൊണ്ട് പറഞ്ഞുറപ്പിച്ച തുകയുടെ അഡ്വാൻസോ, എഗ്രിമെന്റോ ഇല്ലാതെ തന്നെ എന്നെ ഏൽപ്പിച്ച രണ്ടു ഷെഡ്യുളുകളിൽ ഒന്ന് പൂർത്തിയാക്കുകയും, അവസാന ഷെഡ്യുൾ പ്രീ പ്രൊഡക്ഷനും, ട്രയലും വരെ കഴിയുകയും ചെയ്തു. അതിന് ശേഷം ഞാൻ റെമ്യുണറേഷൻ ചോദിച്ചപ്പോൾ, അത് ചോദിച്ചു എന്ന ഒറ്റ കാരണം കൊണ്ടോ എന്തോ, വ്യക്തമായ കാരണം പോലും പറയാതെ എന്നെ പ്രോജക്ടിൽ നിന്ന് മാറ്റി നിർത്തിക്കൊണ്ട് പോകുകയും, ഇതിനെതിരെ ഞാൻ പ്രതികരിച്ചപ്പോൾ, "'സ്റ്റെഫി' ജനിക്കുമ്പോൾ ഞാൻ സിനിമയിൽ വന്ന ആളാണ് " എന്ന മാസ്സ് ഡയലോഗ് അടിച്ചതും ഞാൻ വ്യക്തമായി ഓർക്കുന്നു.

അതോടൊപ്പം എന്റെ അസിസ്റ്റന്റ്സിനോട് എന്നെ അറിയിക്കാതെ അവരോട് ഒപ്പം ചെന്ന് വർക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് സിനിമയുടെ ടൈറ്റിൽ കാർഡിലോ, താങ്ക്സ് കാർഡിലോ പോലും എന്റെ പേര് ഒന്ന് വെക്കാൻ തയ്യാറാകാതിരുന്ന ആളുകളാണ് വനിതകളുടെ ഉന്നമനത്തിന് എന്ന പേരിൽ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ കൊണ്ട് WCC നേതൃത്വത്തിൽ നിന്ന് സംസാരിക്കുന്നത്.

സ്ത്രീകളെ ചൂഷണം ചെയ്യുന്നതും, സ്ത്രീകളെ തുല്യരായി കാണാത്തതും പുരുഷന്മാർ മാത്രമാണെന്ന് വിശ്വസിക്കുന്ന, സ്ത്രീ സംഘടനയിൽ തന്നെ പ്രിവിലേജ്ഡ് ലെയർ ഉള്ള നിങ്ങളാണ് മാറ്റം ആദ്യം കൊണ്ടു വരേണ്ടത്.

അതോടൊപ്പം മറ്റൊരു സിനിമയുടെ സെറ്റിൽ WCC മെമ്പറായ ഒരു വനിതാ അസ്സോസിയേറ്റ് ഡയറക്റ്ററിൻറെ ഭാഗത്തു നിന്നുണ്ടായ അത്യന്തം മോശമായ പെരുമാറ്റത്തെ തുടർന്ന് ഞങ്ങൾ കുറച്ചുപേർ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ സാറിനെ കാണുകയും, പരാതി പറഞ്ഞപ്പോൾ, WCCയ്ക്ക് എതിരെയുള്ള ചട്ടുകമായി ഈ വിഷയത്തെ എടുക്കാതെ, ഏറ്റവും സുതാര്യമായി ഈ വിഷയം ഒത്തുതീർപ്പാക്കുകയും ചെയ്തത് ശ്രീ ബി. ഉണ്ണികൃഷ്ണൻ സാറാണ്. തുല്യത എന്ന് പറയുമ്പോൾ, അവനവൻ ഇരിക്കുന്നതിന് മുകളിലേക്കുള്ള വളർച്ച മാത്രമല്ല, മറിച്ച് തോട്ടു താഴെയുള്ള ജൂനിയർ ആർട്ടിസ്‌റ്റുകളുടെയും, ടെക്നിഷ്യൻസിന്റെയും വളർച്ച കൂടി ഒന്നു പരിഗണിക്കാം...

വനിതകളുടെ പുരോഗമനത്തിനും, തുല്യതയ്ക്കും അവരുടെ അവകാശങ്ങൾക്കും വേണ്ടി എന്ന് പറഞ്ഞു തുടങ്ങിയ ഒരു സംഘടന പിന്നീട് പ്രധാന അംഗങ്ങളുടെ മാത്രം ഗ്രേഡും, ലെയറും ഇമ്പോർട്ടൻസും പൊസിഷനും നോക്കി കാര്യങ്ങളെ തീരുമാനിക്കുകയും ഗ്രൂപ്പ് തിരിക്കുകയും ചെയ്യുന്നത് നിർഭാഗ്യവശാൽ വളരെ സങ്കടമുള്ള കാര്യമാണ്.

2015 ൽ എൻറെ സിനിമാജീവിതം തുടങ്ങിയ സമയത്ത് ലൊക്കേഷനിൽ ഒരു പ്രശ്നം ഉണ്ടായപ്പോൾ, ലൊക്കേഷനിൽ നിന്നു മറ്റാരോ പറഞ്ഞറിഞ്ഞു ആ പ്രശ്നത്തിൽ ഇടപെട്ട് അത് സോൾവ് ചെയ്തു തരുകയും ചെയ്ത സംഘടനയാണ് ഫെഫ്ക. അന്നുമുതൽ ഇന്നുവരെ ഒരു റൂറൽ ഏരിയയിൽ നിന്ൻ സിനിമയിൽ എത്തിയ പെൺകുട്ടി എന്ന നിലയിൽ എല്ലാവിധ സഹായങ്ങളുമായി കൂടെ നിന്നിട്ടുള്ളതും, എനിക്ക് മാത്രമല്ല, സിനിമയുടെ ടെക്നിക്കൽ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകൾക്കും താങ്ങും തണലുമായി നിൽക്കുന്നതും ഫെഫ്ക തന്നെയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com