അന്തരിച്ച യുവ സംവിധായിക നയന സൂര്യന് ആദരാഞ്ജലികള്‍ നേര്‍ന്ന് വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. ഒരു സ്ത്രീ സിനിമക്ക് ഉടലെടുക്കാനുള്ള പോരാട്ടത്തിലെ രക്തസാക്ഷിത്വങ്ങളായി മാത്രമേ ഇത്തരം കൊഴിഞ്ഞു വീഴലുകളെ കാണാനാവൂ എന്ന് ഡബ്ല്യൂസിസിയുടെ കുറിപ്പില്‍ പറയുന്നു.
'എപ്പോള്‍ കാണുമ്പോഴും ചെയ്യാനാഗ്രഹിക്കുന്ന സിനിമകളുടെ സ്വപ്നങ്ങളുടെ ഒരു ഭാണ്ഡവും പേറിയാണവള്‍ നടക്കാറ്. എന്നാല്‍ നടക്കാതെ പോകുന്ന സ്വപ്നങ്ങളെല്ലാം ഒരു വ്യക്തിയുടെ മാത്രം തലവേദനയാണ് എന്ന നിലയിലാണ് കാര്യങ്ങള്‍. പെണ്‍കൂട്ടായ്മകള്‍ എത്രമാത്രം ഒന്നിച്ചു നില്‍ക്കേണ്ടതുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ മരണം നല്‍കുന്ന മുന്നറിയിപ്പ്. ഇല്ലെങ്കില്‍ നമുക്കിനിയും നയനമാരെ നഷ്ടപ്പെടുത്തേണ്ടി വരും', കുറിപ്പില്‍ പറയുന്നു.
ഡബ്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സ്വപ്നങ്ങൾ ഒപ്പം പങ്കുവച്ച പ്രിയ മിത്രം നയന സൂര്യൻ നമ്മെ വിട്ടു പോയ വിവരം ഉള്ള് പിടയാതെ പങ്കുവയ്ക്കാനാകില്ല. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സ്ത്രീ യാത്രകളുടെ സമാഹാരമായ ക്രോസ്സ്റോഡ്സ് എന്ന സിനിമയിലെ പക്ഷികളുടെ മണം എന്ന മനോഹരമായ കൊച്ചു സിനിമ നമുക്കായി ബാക്കി വച്ചാണ് അകാലത്തിലുള്ള ഈ വിടപറച്ചിൽ. വംശനാശം വന്നുകൊണ്ടിരിക്കുന്ന അപൂർവ്വയിനം പക്ഷി വേട്ടയാടപ്പെടുന്നതിനെ പറക്കാൻ കൊതിക്കുന്ന സ്ത്രീയുടെ സ്വാതന്ത്ര്യ മോഹവുമായി എത്ര സത്യസത്യമായാണ് നയന ആ സിനിമയിൽ കൂട്ടിയിണക്കുന്നത്. പ്രണയത്തിന്റെ കാലത്തെ പുരുഷനല്ല ദാമ്പത്യത്തിന്റെ കാലത്തിന്റെ പുരുഷൻ എന്ന വാസ്തവം ആ കൊച്ചു സിനിമ അനാവരണം ചെയ്യുന്നു. അത് അർഹിക്കുന്ന ബഹുമതികളോടെ നമുക്ക് കാണാനായോ എന്നത് സംശയമാണ്. വലിയ കച്ചവട വിജയമാകുമ്പോൾ മാത്രം കണ്ണ് തുറക്കുന്നതാണ് സിനിമയുടെ കണ്ണുകൾ. ഒരു സ്ത്രീ സിനിമക്ക് ഉടലെടുക്കാനുള്ള പോരാട്ടത്തിലെ രക്തസാക്ഷിത്വങ്ങൾ തന്നെയായി മാത്രമേ ഇത്തരം കൊഴിഞ്ഞു വീഴലുകളെ കാണാനാവൂ. അത്രമേൽ ദുഷ്ക്കരമാണ് പുരുഷാധിപത്യ മൂലധന താല്പര്യങ്ങളും താരാധിപത്യ പ്രവണതകളും പിടിമുറുക്കി തീരുമാനമെടുക്കപ്പെടുന്ന ഇടങ്ങളിലേക്ക് സ്ത്രീക്ക് പ്രവേശനം അസാധ്യമാക്കായ മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥ. ഇവിടെ ഒരു പെൺകുട്ടിക്ക് ഒത്തുതീർപ്പില്ലാതെ പിടിച്ചു നിൽക്കുക എന്നത് യുദ്ധമുഖത്ത് ജീവൻ നിലനിർത്തുന്നത് പോലെ സാഹസികമായ ഒരു യാത്ര തന്നെയാണ്. എപ്പോൾ കാണുമ്പോഴും ചെയ്യാനാഗ്രഹിക്കുന്ന സിനിമകളുടെ സ്വപ്നങ്ങളുടെ ഒരു ഭാണ്ഡവും പേറിയാണവൾ നടക്കാറ്. എന്നാൽ നടക്കാതെ പോകുന്ന സ്വപ്നങ്ങളെല്ലാം ഒരു വ്യക്തിയുടെ മാത്രം തലവേദനയാണ് എന്ന നിലയിലാണ് കാര്യങ്ങൾ .സമൂഹവും അത്രമേൽ സാമൂഹിക വിരുദ്ധമായി മാറി വരുന്നു. കെ.എസ്.എഫ്.ഡി.സി.ചെയർമാൻ കൂടിയായിരുന്ന തന്റെ ഗുരുനാഥൻ ലെനിൻ രാജേന്ദ്രന്റെ സമീപകാല സിനിമകളുടെയും നാടകങ്ങളുടെയുമൊക്കെ നെടുംതൂണായിരുന്നു നയന . പെൺകൂട്ടായ്മകൾ എത്രമാത്രം ഒന്നിച്ചു നിൽക്കേണ്ടതുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് ഈ മരണം നൽകുന്ന മുന്നറിയിപ്പ്. ഇല്ലെങ്കിൽ നമുക്കിനിയും നയനമാരെ നഷ്ടപ്പെടുത്തേണ്ടി വരും.പ്രിയപ്പെട്ട നയനക്ക് വുമൺ ഇൻ സിനിമ കളക്ടീവിന്റെ ആദരാഞ്ജലികൾ!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates