

സമൂഹമാധ്യമങ്ങളില്‍ വിമര്‍ശങ്ങള്‍ക്കും ട്രോളുകള്‍ക്കും വിധേയയായിക്കൊണ്ടിരിക്കുകയാണ് ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ. നടനും മുതിര്‍ന്ന ബിജെപി നേതാവും കൂടിയായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകള്‍ കൂടിയായ സൊനാക്ഷിയെ ആളുകള്‍ വിമര്‍ശിക്കുന്നത് രാമായണം അറിയില്ല എന്നതിന്റെ പേരിലാണ്.
ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്ന സെലിബ്രിറ്റികള്‍ പലപ്പോഴും പൊതുവിജ്ഞാനം കുറഞ്ഞതിന്റെ പേരില്‍ വിമര്‍ശിക്കപ്പെടാറുണ്ട്. പുരാണം അറിയാത്തത്തിന്റെ പേരില്‍ ഇപ്പോള്‍ സൊനാക്ഷിയും ട്രോളുകള്‍ക്ക് പാത്രമായിരിക്കുകയാണ്. അമിതാഭ് ബച്ചന്‍ അവതാരകനായ 'കോന്‍ ബനേഗാ ക്രോര്‍പതി' പരിപാടിയില്‍ പങ്കെടുക്കവെയാണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്.
വെള്ളിയാഴ്ച രാത്രി സംപ്രേഷണം ചെയ്ത കെബിസിയുടെ പ്രത്യേക എപ്പിസോഡില്‍, രാജസ്ഥാനില്‍ നിന്നുള്ള എന്‍ജിഒ ജീവനക്കാരിയായ റൂമ ദേവിയെന്ന കരാമവീര്‍ മത്സരാര്‍ഥിയെ പിന്തുണയ്ക്കാന്‍ സൊനാക്ഷി എത്തിയിരുന്നു. പരിപാടിക്കിടെ ഇരുവരും രാമായണവുമായി ബന്ധപ്പെട്ട ചോദ്യം അഭിമുഖീകരിച്ചു, ഇതിഹാസമനുസരിച്ച് 'ഹനുമാന്‍ ആര്‍ക്കുവേണ്ടിയാണ് സഞ്ജീവനി കൊണ്ടുവന്നത്?' ഇതായിരുന്നു ബച്ചന്റെ ചോദ്യം. സുഗ്രീവന്‍, ലക്ഷ്മണന്‍, സീത, രാമന്‍ എന്നീ നാല് ഓപ്ഷനുകളും നല്‍കി.
ഇരുവരും ആശയക്കുഴപ്പത്തിലാവുകയും ഉത്തരം നല്‍കാന്‍ ലൈഫ്‌ലൈന്‍ തിരഞ്ഞെടുക്കുകയും ചെയ്തു. ലൈഫ്‌ലൈന്‍ വഴി ഇരുവരും ഉത്തരം പറഞ്ഞെങ്കിലും നെറ്റിസണ്‍സിന് കലിയിളകി. സൊനാക്ഷിക്ക് പുരാണം അറിയില്ലെന്ന് കളിയാക്കി നിരവധി പേരാണ് താരത്തെ ട്രോള്‍ ചെയ്യുന്നത്.
#YoSonakshiSoDumb എന്ന ഹാഷ്ടാഗില്‍ സൊനാക്ഷിക്കെതിരെ സോഷ്യല്‍ മീഡിയ കാംപെയ്‌നും നടക്കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ അമ്മ പൂനം സിംഹയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കുന്ന ഒരു വീഡിയോ സഹിതമാണ് താരത്തിനെതിരെ പ്രചരണം നടക്കുന്നത്. കാറില്‍ കയറുന്നതിനിടെ തന്നെ കാണാന്‍ തിരക്ക് കൂട്ടുന്ന ആരാധകരോട് ദേഷ്യപ്പെടുന്ന സൊനാക്ഷിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.
അതേസമയം, നിരവധി പേര്‍ സൊനാക്ഷിയെ പിന്തുണയ്ക്കുന്നുണ്ട്. ഒരാള്‍ക്ക് എല്ലാം അറിഞ്ഞിരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് തെറ്റാണെന്നും സൊനാക്ഷി നടിയാണ്, അല്ലാതെ പ്രഫസറോ വിക്കിപീഡിയയോ അല്ലെന്നും ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു.
കരണ്‍ ജോഹര്‍ അവതാരകനായ 'കോഫി വിത്ത് കരണ്‍' പരിപാടിയില്‍ ആലിയ ഭട്ട് അതിഥിയായെത്തിയപ്പോഴും ഇത്തരമൊരു സംഭവമുണ്ടായി. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ഇന്ത്യയുടെ രാഷ്ട്രപതിയുടെയും പേരുകള്‍ തമ്മില്‍ ആലിയയ്ക്ക് ആശയക്കുഴപ്പമായി. ഈ സംഭവവുമായാണ് നെറ്റിസണ്‍സ് സൊനാക്ഷിയേയും താരതമ്യപ്പെടുത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates