

നടൻ വിജയ്‌സേതുപതിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പരാതിയുമായി ഫാൻസ് അസോസിയേഷൻ. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ചാണ് നടനെതിരെ സൈബർ രംഗത്ത് ആക്രമണം ശക്തമാകുന്നത്. ഒരു വർഷം മുൻപ് നടൻ നടത്തിയ ഒരു പരാമർശമാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
അന്തരിച്ച നടനും തിരക്കഥാകൃത്തുമായ ക്രേസി മോഹൻ ദൈവത്തെ കുറിച്ച് പരിഹാസ രൂപേണ പറഞ്ഞ വാക്കുകൾ ആവർത്തിക്കുകയായിരുന്നു വിജയ്. ഹിന്ദു ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങളെ സ്‌നാനം ചെയ്യിക്കുന്നത് ഭക്തരെ കാണിക്കുമെന്നും, എന്നാൽ വസ്ത്രം ധരിപ്പിക്കുമ്പോൾ ക്ഷേത്രനട അടച്ചിടുമെന്നുമായിരുന്നു പരാമർശം. 'നമ്മ ഊരു ഹീറോ' എന്ന ടിവി ഷോയിൽ സംസാരിക്കുകയായിരുന്നു വിജയ് സേതുപതി.
വിഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടൻ ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ച് സൈബർ ആക്രമണം ശക്തമായത്. ട്വിറ്ററിൽ നടനെതിരെ ഹെയിറ്റ് ക്യാമ്പെയിനും തുടങ്ങിയിരുന്നു. തുടർന്നാണ് വിജയ് സേതുപതി ഫാൻസ് അസോസിയേഷൻ സൈബർ സെല്ലിൽ പരാതി നൽകിയത്.നടന് പിന്തുണയുമായും നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. #WeSupportVijaySethupathi എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ഇപ്പോൾ ട്രെൻഡിങ്ങാണ്.
ഒരു വർഷം മുമ്പ് സംപ്രേഷണം ചെയ്ത വീഡിയോ ഉപയോഗിച്ച് ഒരുവിഭാഗം ആളുകൾ നടനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നതായി പരാതിയിൽ പറയുന്നു. ക്രേസി മോഹൻ എന്താണോ പറഞ്ഞത് അത് ആവർത്തിക്കുക മാത്രമാണ് നടൻ ചെയ്തത്. വിദ്വേഷ പരാമർശങ്ങളുടെ പരിധി കടക്കുകയാണ്, ഇത്തരം സന്ദേശങ്ങൾ നീക്കം ചെയ്യണമെന്നും, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates