2006ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിൽ അഭിനയിച്ചാണ് പാർവതി ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. ഇതിനകം 25ലേറെ സിനിമകളുടെ ഭാഗമായിട്ടുള്ള നടി രണ്ട് തവണ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള രജതചകോരം സ്വന്തമാക്കിയ പാർവതി മലയാളത്തിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളായി പേരെടുത്തുക്കഴിഞ്ഞു. ഇപ്പോഴിതാ തൻറെ ആദ്യ സിനിമയുടെ ഓർമ്മകളുമായി എത്തിയിരിക്കുകയാണ് പാർവതി.
ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിൽ ഗായത്രി എന്നായിരുന്നു പാർവതി അഭിനയിച്ച കഥാപാത്രത്തിന്റെ പേര്. പേപ്പറിൽ ജനിച്ച് സ്ക്രീനിലേക്ക് എത്തിയ കഥാപാത്രം എന്നാണ് ഗായത്രിയെ പാർവതി വിശേഷിപ്പിക്കുന്നത്. ഇതല്ല അവസാനം എന്ന ഓർമ്മപ്പെടുത്തലുമായാണ് ഗായത്രി എന്ന കഥാപാത്രം സ്ക്രീനിലെത്തിയതെന്നും പാർവതി കുറിച്ചു. അർജുൻ ശശി, നിരഞ്ജന, ഷാലിൻ സോയ, വേണു നാഗവള്ളി തുടങ്ങി നിരവധി താരങ്ങളും ഔട്ട് ഓഫ് സിലബസിൽ വേഷമിട്ടിട്ടുണ്ട്.
മലയാളത്തിൽ നോട്ട് ബുക്ക്, വിനോദയാത്ര, ഫ്ലാഷ്, സിറ്റി ഓഫ് ഗോഡ്, ബാംഗ്ലൂർ ഡേയ്സ്, എന്നു നിൻറെ മൊയ്തീൻ, ചാർലി, ടേക്ക് ഓഫ്, ഉയരെ, കൂടെ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച പാർവതി ഹിന്ദി, തമിഴ്, കന്നഡ ചിത്രങ്ങളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. രാച്ചിയമ്മ, ഒരു ഹലാൽ ലവ് സ്റ്റോറി, വർത്തമാനം തുടങ്ങിയവയാണ് പാർവതിയുടേതായി ഒരുങ്ങുന്ന പുതിയ സിനിമകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates