സ്പോൺസർ ഇല്ലാതെ ദുബായിൽ ജോലി അന്വേഷിക്കാം: തൊഴിൽ വിസിറ്റ് വിസ അനുവദിച്ച് സർക്കാർ

യുഎഇയിൽ ആതിഥേയനോ ജാമ്യക്കാരനോ ആവശ്യമില്ല, 60, 90, 120 ദിവസങ്ങളിലേക്ക് വിസ ലഭിക്കും
Dubai Job Exploration Visit Visa
Dubai special arrangement
Edited By:
Updated on
2 min read

ദുബായ്: ആഗോള തൊഴിൽ പ്രതിഭകളെയും വിദഗ്ദ്ധ തൊഴിലാളികളെയും രാജ്യത്തേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി, തൊഴിലവസരങ്ങൾ നേരിട്ടെത്തി കണ്ടെത്തുന്നതിനായുള്ള സന്ദർശക വിസ (ജോബ് എക്സ്പ്ലോറേഷൻ വിസിറ്റ് വിസ ) സംബന്ധിച്ച സുപ്രധാന വിവരങ്ങൾ പുറത്തുവിട്ട് ദുബായ് സർക്കാർ. യുഎഇയിൽ പ്രാദേശിക സ്പോൺസറോ ആതിഥേയനോ (ഹോസ്റ്റ്) ജാമ്യക്കാരോ ആവശ്യമില്ലാതെ തന്നെ ഉദ്യോഗാർത്ഥികൾക്ക് ഈ വിസ വഴി രാജ്യത്ത് പ്രവേശിച്ച് നേരിട്ട് അഭിമുഖങ്ങളിലും തൊഴിൽ അന്വേഷണങ്ങളിലും പങ്കാളികളാകാം. സിംഗിൾ എൻട്രി വ്യവസ്ഥയിലോ ഒന്നിലധികം തവണ വരാവുന്ന മൾട്ടിപ്പിൾ എൻട്രി വ്യവസ്ഥയിലോ ഈ വിസ സൗകര്യം പ്രയോജനപ്പെടുത്താം.

ആർക്കൊക്കെ അപേക്ഷിക്കാം? പ്രധാന യോഗ്യതകൾ

വിസ ലഭിക്കുന്നതിനായി കർശനമായ ചില മാനദണ്ഡങ്ങളാണ് അധികൃതർ നിഷ്കർഷിച്ചിരിക്കുന്നത്:

മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അംഗീകരിച്ച തൊഴിൽ വർഗ്ഗീകരണത്തിൽ ഒന്ന്, രണ്ട്, അല്ലെങ്കിൽ മൂന്ന് പ്രൊഫഷണൽ തലങ്ങളിൽ ഉൾപ്പെടുന്ന നൈപുണ്യമുള്ള തൊഴിലാളിയായിരിക്കണം.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റാങ്കിംഗ് പ്രകാരം ലോകത്തെ മികച്ച 500 സർവകലാശാലകളിൽ ഒന്നിൽ നിന്ന് പഠനം പൂർത്തിയാക്കിയവരായിരിക്കണം. ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത അംഗീകൃത ബാച്ചിലേഴ്സ് ബിരുദമോ തത്തുല്യ യോഗ്യതയോ ആയിരിക്കണം.

വിസ ഫീസും മറ്റ് നിരക്കുകളും

വിസ കാലയളവിന് അനുസരിച്ചാണ് അടിസ്ഥാന ഫീസ് നിശ്ചയിച്ചിരിക്കുന്നത്:

60 ദിവസത്തെ സന്ദർശക വിസയ്ക്ക് 200 ദിർഹം.

90 ദിവസത്തെ സന്ദർശക വിസയ്ക്ക് 300 ദിർഹം.

120 ദിവസത്തെ സന്ദർശക വിസയ്ക്ക് 400 ദിർഹം.

ഈ തുകകൾക്ക് പുറമെ അഞ്ച് ശതമാനം മൂല്യവർദ്ധിത നികുതിയും (വാറ്റ്) ഈടാക്കും.

ഇതിന് പുറമെ സുരക്ഷാ നിക്ഷേപമായി (സെക്യൂരിറ്റി എമൗണ്ട്) 1,000 ദിർഹവും, വാറന്റി സർവീസ് ഫീസായി 20 ദിർഹവും, നിക്ഷേപ തുക തിരികെ നൽകുന്നതിനുള്ള നിരക്കായി 40 ദിർഹവും കെട്ടിവെക്കണം. അപേക്ഷകൻ നിലവിൽ യുഎഇക്ക് ഉള്ളിലാണെങ്കിൽ ആഭ്യന്തര ഫീസായി 500 ദിർഹവും, നോളജ് ദിർഹം ഇനത്തിൽ 10 ദിർഹവും, ഇന്നൊവേഷൻ ദിർഹം ഇനത്തിൽ 10 ദിർഹവും അധികമായി നൽകേണ്ടിവരും. ഉദ്യോഗാർത്ഥിയുടെ വ്യക്തിഗത പശ്ചാത്തലവും സാഹചര്യങ്ങളും അനുസരിച്ച് ആകെ തുകയിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം.

അപേക്ഷിക്കേണ്ട വിധം

ഡിജിറ്റൽ സംവിധാനങ്ങൾ വഴിയും നേരിട്ടും ഇതിനായി അപേക്ഷ സമർപ്പിക്കാം:

ഔദ്യോഗിക വെബ്സൈറ്റ് വഴിയോ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ 'യുഎഇ പാസ്' ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ സർവീസ് തിരഞ്ഞെടുത്ത് വിവരങ്ങൾ രേഖപ്പെടുത്തുകയും രേഖകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്ത ശേഷം ഓൺലൈനായി ഫീസ് അടയ്ക്കാം.

അടുത്തുള്ള കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിൽ നേരിട്ടെത്തി ടോക്കൺ എടുത്ത് കാത്തിരിക്കുക. തുടർന്ന് സർട്ടിഫിക്കറ്റുകളും രേഖകളും ഉദ്യോഗസ്ഥർക്ക് സമർപ്പിച്ച് ഫീസ് അടച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാം.

അർഹരായ തൊഴിലന്വേഷകർക്ക് ഇടനിലക്കാരുടെ ചൂഷണമില്ലാതെ നേരിട്ട് യുഎഇയിലെ കമ്പനികളെ സമീപിക്കാനും വ്യവസ്ഥാപിതമായി അഭിമുഖങ്ങളിൽ പങ്കെടുക്കാനും വലിയ തുണയാകുന്നതാണ് പുതിയ സംവിധാനം.

Summary

In a strategic policy push designed to attract premier global talent, the Dubai Government has outlined the comprehensive regulatory framework for its dedicated 'Job Exploration Visit Visa'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com