ദുബൈ: ഏഷ്യാ കപ്പ് ടൂർണമെന്റിലെ ആവേശകരമായ ഇന്ത്യ -പാകിസ്ഥാൻ മത്സരം നാളെയാണ് നടക്കുന്നത്. ദുബൈ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. പഹൽഗാം ആക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നിവക്ക് ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റിൽ നേരിട്ട് ഏറ്റുമുട്ടുന്നത്.
എന്നാൽ കളി കാണാൻ എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികളാണ് ദുബൈ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ആരാധകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ അല്ലാതെ വാഹനങ്ങൾ പാർക്ക് ചെയ്താൽ കർശന നടപടി സ്വീകരിക്കും.
അനുമതിയില്ലാതെ സ്റ്റേഡിയത്തിൽ പ്രവേശിക്കുകയോ പടക്കങ്ങൾ പോലുള്ള നിരോധിത വസ്തുക്കൾ കൈവശം വയ്ക്കുകയോ ചെയ്യുന്നവർക്ക് ഒന്ന് മുതൽ മൂന്ന് മാസം വരെ തടവും 5,000 മുതൽ 30,000 ദിർഹം വരെ പിഴയും ഈടാക്കും.
സ്റ്റേഡിയത്തിനുള്ളിൽ അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ, കാണികൾക്ക് നേരെയോ മൈതാനത്തിലേക്കോ വസ്തുക്കൾ വലിച്ചെറിയുകയോ വംശീയ അധിക്ഷേപ പരാമർശങ്ങൾ നടത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. കുറ്റക്കാർക്ക് തടവും 10,000 ദിർഹം മുതൽ 30,000 ദിർഹം വരെ പിഴ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.
ദുബൈ പൊലീസ് സ്റ്റേഡിയത്തിൽ നിരോധിച്ച വസ്തുക്കൾ ഏതൊക്കെയാണെന്ന് നോക്കാം
റിമോട്ട് കൺട്രോൾ ഉപകരണങ്ങൾ
വളർത്ത് മൃഗങ്ങൾ
നിയമവിരുദ്ധമോ വിഷാംശമുള്ളതോ ആയ വസ്തുക്കൾ
പവർ ബാങ്കുകൾ
പടക്കം
ലേസർ പോയിന്ററുകൾ
ഗ്ലാസ് വസ്തുക്കൾ
സെൽഫി സ്റ്റിക്കുകൾ, മോണോപോഡുകൾ, കുടകൾ
മൂർച്ചയുള്ള വസ്തുക്കൾ
പുകവലി
പുറത്ത് നിന്നുള്ള ഭക്ഷണ പദാർത്ഥങ്ങൾ
കൊടികൾ അല്ലെങ്കിൽ ബാനറുകൾ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates