

ഷാർജ: നിയമലംഘനങ്ങൾക്ക് പിടിച്ചെടുക്കുകയും ആറ് മാസത്തിലേറെയായി യാർഡിൽ കിടക്കുകയും ചെയ്യുന്ന വാഹനങ്ങൾ ഉടനെ തിരികെ എടുക്കണമെന്ന് ഉടമകൾക്ക് അന്ത്യശാസനം നൽകി ഷാർജ മുനിസിപ്പാലിറ്റി.
ഷാർജ സിറ്റി മുനിസിപ്പാലിറ്റി തിങ്കളാഴ്ച രാവിലെയാണ് ഈ അറിയിപ്പ് പുറപ്പെടുവിച്ചത്.
എന്തെങ്കിലും കാരണത്താൽ പിടിച്ചെടുക്കുകയും ആറ് മാസത്തിലേറെയായി തിരിച്ചെടുക്കാൻ ഉടമസ്ഥരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും സ്വീകരിക്കാതെയോ നടപടിക്രമങ്ങൾ പാലിക്കാതെയോ കിടക്കുന്ന വാഹനങ്ങളും വസ്തുക്കളും സംബന്ധിച്ചാണ് ഈ നോട്ടീസ്.
പിടിച്ചെടുത്ത മോട്ടോർ സൈക്കിളുകൾ, സൈക്കിളുകൾ യന്ത്രങ്ങൾ, കാറുകളും മറ്റ് വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. പിടിച്ചെടുത്തിൽ പിഴയൊടുക്കി വാഹനങ്ങൾ തിരികെയെടുക്കാത്ത ഉടമകളെയാണ് നോട്ടീസ് അഭിസംബോധന ചെയ്യുന്നത്.
നോട്ടീസ് പ്രസിദ്ധീകരിച്ച തീയതി മുതൽ നാല് ദിവസത്തിനുള്ളിൽ ഉടമകൾ ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ 5 ലെ പരിശോധനാ നിയന്ത്രണ വകുപ്പ് സന്ദർശിക്കണം. തുടർന്ന് ഉടമകൾ ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ച് അവരുടെ വാഹനങ്ങൾ തിരികെ എടുക്കണം എന്നാണ് അറിയിപ്പിൽ നിർദ്ദേശിച്ചിട്ടുള്ളത്.
അവർ അങ്ങനെ ചെയ്തില്ലെങ്കിൽ, സെപ്റ്റംബർ 11 വ്യാഴാഴ്ച പൊതു ലേലത്തിലൂടെ വാഹനങ്ങൾ വിൽക്കുമെന്ന് അതോറിറ്റി അറിയിച്ചു.
സെപ്റ്റംബർ രണ്ടിന് ഷാർജ ഒരു പുതിയ ഭേദഗതി പാസാക്കി, അത് പ്രകാരം പിടിച്ചെടുത്ത വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ തിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടമ പാലിച്ചില്ലെങ്കിൽ അവ നീക്കം ചെയ്യുമെന്ന് വ്യക്തമാക്കുന്നു.
പിടിച്ചെടുത്തതിന് പിന്നിലെ കാരണങ്ങൾ ഉടമകൾ പരിഹരിക്കണമെന്നും ഗ്രേസ് പിരീഡിനുള്ളിൽ മോചന നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ്, ഖലീജ് ടൈംസ് എന്നീ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വാഹനങ്ങൾ തിരിച്ചെടുക്കുന്നതിന്, ഉടമകൾ സാധാരണയായി 5,000 ദിർഹം മുതൽ 30,000 ദിർഹം വരെ പിഴ അടയ്ക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ഈ വർഷം ആദ്യം പിഴ പുതുക്കിയിരുന്നു.
പിടിച്ചെടുത്തുതും ഉപേക്ഷിക്കപ്പെട്ടതുമായ വാഹനങ്ങളും ഉപകരണങ്ങളും നീക്കം ചെയ്യുന്നതിനുള്ള ഷാർജയുടെ തീരുമാനത്തെ തുടർന്നാണ് പുതിയ നടപടി. സുരക്ഷാ ഭീഷണി, അപകട സാധ്യത മലിനീകരണ സാധ്യത എന്നിവ ഒഴിവാക്കുന്നതിനാണ് തിരിച്ചെടുക്കാത്ത വാഹനങ്ങൾ ലേലം ചെയ്യാൻ തീരുമാനിച്ചെതന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates