

ദുബൈ: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കുള്ള പുതിയ പാസ്‌പോർട്ട് അപേക്ഷാ ചട്ടം ദുബൈ ഇന്ത്യൻ കോൺസുലേറ്റ് പുറപ്പെടുവിച്ചു. ഫോട്ടോഗ്രാഫുകൾക്ക് പുതുക്കിയ മാനദണ്ഡങ്ങൾ സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
ഈ മാറ്റം മൂലം മിക്ക അപേക്ഷകരും പാസ്‌പോർട്ട് അപേക്ഷകൾ സമർപ്പിക്കുമ്പോൾ പുതിയ ഫോട്ടോഗ്രാഫുകൾ എടുക്കേണ്ടി വരും.
പാസ്‌പോർട്ട് അപേക്ഷകൾക്കായി ഐസിഎഒ (ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ-ICAO ) അനുസരിച്ചുള്ള ഫോട്ടോഗ്രാഫുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള യാത്രാ രേഖകൾക്കായി ബയോമെട്രിക്, ഐഡന്റിറ്റി ബെഞ്ച്മാർക്കുകൾ നിശ്ചയിക്കുന്ന ആഗോള വ്യോമയാന സ്ഥാപനമാണ് ഐസിഎഒ.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (എംഇഎ) പാസ്‌പോർട്ട് സേവാ പോർട്ടൽ വഴി എംബസികൾക്കും കോൺസുലേറ്റുകൾക്കും നൽകിയ നിർദ്ദേശത്തെ തുടർന്നാണ് കോൺസുലേറ്റിന്റെ അറിയിപ്പ്.
“2025 സെപ്റ്റംബർ 1 മുതൽ, പാസ്‌പോർട്ട് അപേക്ഷകൾ സമർപ്പിക്കുന്നതിന് ഐസിഎഒ നിശ്ചയിട്ടുള്ള നിലവാരത്തിലുള്ള ഫോട്ടോഗ്രാഫുകൾ ആവശ്യമാണ്,” നിർദ്ദേശത്തിൽ പറയുന്നു.
ഐസിഎഒ മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോഗ്രാഫുകൾ ഉള്ള പാസ്‌പോർട്ട് അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ മാധ്യമ വിഭാഗം സ്ഥിരീകരിച്ചു. ഈ ആവശ്യകത ഐസിഎഒയുടെ അന്താരാഷ്ട്ര യാത്രാ ചട്ടങ്ങളുടെ ഭാഗമാണെന്ന് കോൺസുലേറ്റ് വ്യക്തമാക്കി.
കുവൈത്തിലെ ഇന്ത്യൻ എംബസി കർശനമായ പാസ്‌പോർട്ട് ഫോട്ടോ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചതായി കഴിഞ്ഞ ദിവസം ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. അബുദാബിയിലെ ഇന്ത്യൻ എംബസിയും പുതിയ നിയമം ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
* കളർ ഫോട്ടോ, വലുപ്പം 630x810 പിക്സൽ, വെളുത്ത പശ്ചാത്തലം.
* തലയുടെയും തോളുകളുടെയും ക്ലോസ്-അപ്പ്, 80–85% ഫ്രെയിമിൽ മുഖം കാണണം .
* പൂർണ്ണ മുഖം, മുൻ കാഴ്ച, കണ്ണുകൾ തുറന്നിരിക്കണം, സ്വാഭാവിക ഭാവം.
* കണ്ണുകളിൽ കൂടി മുടി വീണ് കിടക്കാൻ പാടില്ല; വായ അടച്ചിരിക്കണം; ഷാഡോകൾ, റെഡ്-ഐ അല്ലെങ്കിൽ ഫ്ലാഷ് പ്രതിഫലനങ്ങൾ പാടില്ല.
*ചർമ്മത്തിന്റെ ടോണുകൾ സ്വാഭാവികമായി കാണപ്പെടുന്ന ഏകീകൃത ലൈറ്റിങ്.
*തല ഫ്രെയിമിൽ വരുമ്പോൾ, മുടിയുടെ മുകളിൽ നിന്ന് താടി വരെ ഉണ്ടാകുന്ന രീതിയിലാകണം ഫോട്ടോ
*ഏകദേശം 1.5 മീറ്റർ അകലെ നിന്ന് എടുത്തത്, ബ്ലർ ചെയ്യുകയോ ഡിജിറ്റലായി മാറ്റുകയോ ചെയ്യാൻ പാടില്ല.
* കണ്ണട ഒഴിവാക്കണം
* മതപരമായ കാരണങ്ങളാൽ മാത്രമേ ശിരോവസ്ത്രം അനുവദനീയമാകൂ, പക്ഷേ മുഖ സവിശേഷതകൾ പൂർണ്ണമായും ദൃശ്യമായിരിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
