

മസ്‌കത്ത്: ഒമാനിലെ വാദി ബാനി ഖാലിദിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം പെരിനാട് പനയം സ്വദേശി മഹേഷ് കുമാറാണ് മരിച്ചത്. അപകടത്തില്‍ നേരത്തെ പാലക്കാട് തൃത്താല സ്വദേശികളായ രണ്ട് പേര്‍ മരിച്ചിരുന്നു. തച്ചറത്തൊടിയില്‍ യൂസഫ് (38), മാളിയേക്കല്‍ ഷംല (32) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. യൂസഫിന്റെ മാതാവ് റംലയ്ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. മഴക്കെടുതിയില്‍ ഒമാനില്‍ ഇതുവരെ നാല് പേർ മരിച്ചതായാണ് കണക്ക്.
വിനോദസഞ്ചാര കേന്ദ്രമായ വാദി ബാനി ഖാലിദിന് സമീപത്തെ വെള്ളച്ചാട്ടത്തില്‍ അകപ്പെട്ടാണ് മഹേഷ് കുമാര്‍ അപകടമുണ്ടായത്. നിലവില്‍ ഇബ്ര ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കൈരളി ഒമാന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
ഇന്‍കാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് മരിച്ച തൃത്താല സ്വദേശിനി ഷംല. പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബങ്ങള്‍ ഒന്നിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മിന്നല്‍ പ്രളയത്തില്‍ അകപ്പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഒന്‍പത് പേരില്‍ നാല് കുട്ടികളടക്കം ആറ് പേര്‍ രക്ഷപ്പെട്ടിരുന്നു. കാണാതായ റംലയ്ക്കായി ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ നേതൃത്വത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates