റിയാദ്: സ്വകാര്യമേഖലയിൽ ഉൾപ്പടെ 69 തസ്തികകളിൽ കൂടി സ്വദേശിവൽക്കരണം ശക്തമാക്കി സൗദി അറേബ്യ. നിലവിൽ ഉള്ളതിന് പുറമെ 69 തസ്തികകളിൽ കൂടി അധികമായി ഈ നയം നടപ്പിലാക്കിയതായി സൗദി അറേബ്യൻ ഔദ്യോഗിക വാർത്താ ഏജൻസിയായ എസ് പി എ റിപ്പോർട്ട് ചെയ്തു.
മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (എച്ച്ആർഎസ്ഡി) ആണ് പുതുതായി 69 തസ്തികകൾ കൂടി സമ്പൂർണ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി കൂട്ടിച്ചേർത്തതായി അറിയിച്ചിട്ടുള്ളത്. ഈ ജോലികൾ ഇനി മുതൽ സൗദി പൗരർക്ക് മാത്രമായിരിക്കും ലഭിക്കുക.
സ്വകാര്യമേഖലയിലെ അഡ്മിനിസ്ട്രേറ്റീവ് മേഖലയിലെ തസ്തികകൾ ഉൾപ്പടെയാണ് ഇതിനായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. സെക്രട്ടേറിയൽ ജോലി, ട്രാൻസ്ലേഷൻ , ഡേറ്റാ എൻട്രി, അഡ്മിനിസ്ട്രേറ്റീവ് സപ്പോട്ട്, എന്നിങ്ങനെ ഉള്ള 69 തസ്തികളിലാണ് സമ്പൂർണ്ണ സ്വദേശിവൽക്കരണം (സൗദിവൽക്കരണം) പ്രഖ്യാപിച്ചത്. ഏപ്രിൽ അഞ്ച് മുതൽ ഇത് പ്രാബല്യത്തിൽ വന്നതായി എസ് പിഎയുടെ ഇന്നത്തെ റിപ്പോർട്ടിൽ പറയുന്നു.
ഈ തസ്തികകളിൽ ഒന്നോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും പുതിയ ഉത്തരവ് ബാധകമാണ്. നിശ്ചിത തസ്തികകളിൽ വിദേശികളെ നിയമിക്കുന്നത് തൊഴിൽ നിയമ ലംഘനമായി കണക്കാക്കും. ഇങ്ങനെയുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പിഴയും മറ്റ് ശിക്ഷാ നടപടികളും ഉണ്ടാകുമെന്നും എച്ച്ആർഎസ്ഡി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
സ്വദേശിവൽക്കരണ പദ്ധതി കൃത്യമായി നടപ്പാക്കുന്ന സ്ഥാപനങ്ങൾക്ക്എച്ച്ആർഎസ്ഡി മന്ത്രാലയത്തിന്റെ പ്ലാറ്റ്‌ഫോമുകൾ വഴി ആവശ്യമായ പിന്തുണയും പ്രോത്സാഹനങ്ങളും നൽകും.
സമ്പൂർണ്ണ സ്വദേശിവൽക്കരണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള പുതിയ പ്രൊഫഷനുകളുടെയും അത് നടപ്പാക്കൽ സംവിധാനങ്ങളുടെയും വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന അപ്‌ഡേറ്റ് ചെയ്ത നടപടിക്രമ ഗൈഡ് എച്ച്ആർഎസ്ഡി അതിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിയമപരമായ നടപടികൾ ഒഴിവാക്കാൻ എല്ലാ സ്വകാര്യ കമ്പനികളും എത്രയും വേഗം പുതിയ വ്യവസ്ഥകൾ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകളെ സൗദിവൽക്കരിക്കുന്നതിനുള്ള എച്ച്ആർഎസ്ഡിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates