എബോള ജാഗ്രത: യാത്രാക്കാര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി യുഎഇ, അറിയേണ്ടതെല്ലാം

uae
uae
Updated on
1 min read

ദുബൈ: എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട മുന്‍കരുതലുകളുടെ ഭാഗമായി വിദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്കും പൗരന്മാര്‍ക്കുമായി യുഎഇ ആരോഗ്യ മന്ത്രാലയം പുതിയ യാത്രാ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ യുഎഇയില്‍ എത്തുന്നതിന് മുന്‍പ് കുറഞ്ഞത് 21 ദിവസങ്ങളെങ്കിലും മറ്റ് രാജ്യങ്ങളില്‍ കഴിഞ്ഞിരിക്കണമെന്നും നിര്‍ദേശമുണ്ട്.

യാത്രകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

യാത്രാ വിവരങ്ങള്‍ പരിശോധിക്കുക : യാത്ര പുറപ്പെടുന്നതിന് മുന്‍പായി പോകുന്ന രാജ്യത്തെ എബോള വ്യാപന സ്ഥിതിയും അവിടുത്തെ ആരോഗ്യ മന്ത്രാലയങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ള പ്രത്യേക നിര്‍ദ്ദേശങ്ങളും കൃത്യമായി മനസ്സിലാക്കുക.

വ്യക്തിശുചിത്വം പാലിക്കുക : ലക്ഷണങ്ങളുള്ള വ്യക്തികളുമായോ എബോള ബാധിതരുമായോ യാതൊരുവിധ സമ്പര്‍ക്കവും പുലര്‍ത്തരുത്. കൈകള്‍ എപ്പോഴും സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ചും വൃത്തിയാക്കുക.

വന്യമൃഗങ്ങളില്‍ നിന്ന് അകലം പാലിക്കുക : വൈറസ് ബാധയുള്ള മൃഗങ്ങളില്‍ നിന്നോ അവയുടെ മാംസത്തില്‍ നിന്നോ രോഗം പകരാന്‍ സാധ്യതയുള്ളതിനാല്‍ വന്യമൃഗങ്ങളുമായുള്ള സമ്പര്‍ക്കവും ശരിയായി വേവിക്കാത്ത മാംസാഹാരവും പൂര്‍ണ്ണമായും ഒഴിവാക്കുക.

രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കുക : ശരീരത്തില്‍ വൈറസ് പ്രവേശിച്ച് 2 മുതല്‍ 21 ദിവസങ്ങള്‍ക്കുള്ളിലാണ് ലക്ഷണങ്ങള്‍ കാണുക. കടുത്ത പനി, ക്ഷീണം, തലവേദന, പേശി വേദന, ഛര്‍ദ്ദി, വയറിളക്കം, തൊണ്ടവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ഗുരുതരമായാല്‍ ശരീരത്തിനകത്തോ പുറത്തോ രക്തസ്രാവം ഉണ്ടായേക്കാം.

മെഡിക്കല്‍ സഹായം തേടുക: യാത്രയ്ക്കിടയിലോ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമോ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ഡോക്ടറെ കാണുകയും നിങ്ങളുടെ യാത്രാ വിവരങ്ങള്‍ കൃത്യമായി അവരെ ധരിപ്പിക്കുകയും ചെയ്യുക.

എബോള വായുവിലൂടെ പകരുന്ന രോഗമല്ലെന്നും രോഗബാധിതരുടെ രക്തം, ശരീരസ്രവങ്ങള്‍ എന്നിവയിലൂടെ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ മലിനമായ പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നതിലൂടെയോ മാത്രമേ പകരുകയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി.

Summary

UAE issues updated Ebola travel advisory

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com