

മസ്‌കറ്റ്: പൊതുസ്ഥലങ്ങളില്‍ ചപ്പുചവറുകളും മാലിന്യങ്ങളും വലിച്ചെറിയുന്നതും തുപ്പുന്നതുമടക്കം നിയമലംഘനങ്ങള്‍ക്കുള്ള വര്‍ധിപ്പിച്ച ശിക്ഷ ഇന്നുമുതല്‍ നിലവില്‍ വരുമെന്ന് മസ്‌കറ്റ് നഗരസഭ അറിയിച്ചു. വാണിജ്യ പ്രവര്‍ത്തനങ്ങളുടെ ക്രമീകരണവും പൊതുജനാരോഗ്യവും ശുചിത്വവും സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള 55/2017 നിയമ ഭേദഗതി പ്രകാരമാണ് ശിക്ഷ ഭേദഗതി വന്നിരിക്കുന്നത്.
ലൈസന്‍സും പെര്‍മിറ്റുമില്ലാതെ വാണിജ്യ സ്ഥാപനങ്ങള്‍ നടത്തുന്നവരില്‍നിന്നും മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍നിന്നും ഒപ്പം ആരോഗ്യ, പരിസ്ഥിതി ശുചിത്വം സംബന്ധിച്ച നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍നിന്നും കനത്ത തുക പിഴ ഈടാക്കാന്‍ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. മാലിന്യങ്ങളും ചപ്പുചവറുകളും പൊതുസ്ഥലങ്ങളിലോ ഒഴിഞ്ഞിടത്തോ തള്ളിയാല്‍ ആയിരം റിയാല്‍ ആയിരിക്കും പിഴ. വാദികളില്‍ മാലിന്യം തള്ളുന്നവര്‍ക്കും ഇത് ബാധകമാണ്. കുറ്റകൃതം ആവര്‍ത്തിക്കുന്നപക്ഷം പിഴ ഇരട്ടിയാകും.
 24 മണിക്കൂറിനുള്ളില്‍ നിക്ഷേപിച്ച മാലിന്യം നഗരസഭയുടെ മാലിന്യപ്പെട്ടിയിലേക്കോ അംഗീകൃത മാലിന്യശേഖരണ സ്ഥലത്തേക്കോ മാറ്റണം. അല്ലാത്തപക്ഷം പിഴസംഖ്യയില്‍ ലെവിയും ചുമത്തുമെന്ന് അഘധികൃതര്‍ അറിയിച്ചിട്ടുണ്ട്. അവശിഷ്ടങ്ങള്‍, കടപുഴകിയ മരങ്ങള്‍, പഴകിയ ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക് മാലിന്യങ്ങള്‍ തുടങ്ങിയ മാലിന്യപ്പെട്ടിക്ക് പുറത്ത് കൊണ്ടുവന്ന് ഇട്ടാല്‍ അമ്പത് റിയാലാകും പിഴ. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. പൊതുനിരത്തില്‍ തുപ്പിയാല്‍ 20 റിയാല്‍ ഈടാക്കും. മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ പൊതുനിരത്തിലോ മാലിന്യപ്പെട്ടികള്‍ക്ക് സമീപമോ ഇട്ടാല്‍ നൂറ് റിയാല്‍ നല്‍കേണ്ടി വരും.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates