ഡല്‍ഹിയിലെ ആശുപത്രികളില്‍ ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രം

ഡോക്ടര്‍മാരടങ്ങുന്ന അഞ്ചംഗ പ്രത്യേക സമിതിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം
ഡല്‍ഹിയിലെ ആശുപത്രികളില്‍ ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രം
Updated on: 
1 min read

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡല്‍ഹി നിവാസികള്‍ക്ക് മാത്രമേ ചികിത്സ ലഭിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള രോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറയുമെന്നതിനാലാണ് ഈ തീരുമാനം. ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളിലെ പതിനായിരം കിടക്കകള്‍ ഡല്‍ഹി നിവാസികള്‍ക്കായി നീക്കിവെക്കാന്‍ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ എട്ട് മുതല്‍ ഡല്‍ഹിയിലെ അതിര്‍ത്തികള്‍ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികിത്സ തേടാം. പ്രത്യേക ചികിത്സ നല്‍കുന്ന സ്വകാര്യ ആശുപത്രികളും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താം. ഡോക്ടര്‍മാരടങ്ങുന്ന അഞ്ചംഗ പ്രത്യേക സമിതിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും ജൂണ്‍ അവസാനത്തോടെ ഡല്‍ഹിയില്‍ 15000 കിടക്കകള്‍ ചികിത്സയ്ക്ക് വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

നിലവില്‍ 9000 കിടക്കകളാണുള്ളത്. ഇനിയും പുറത്തുനിന്നുള്ള രോഗികളെ പ്രവേശിപ്പിച്ചാല്‍ മൂന്ന് ദിവസം കൊണ്ട് ഇവയെല്ലാം നിറയുമെന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. ആശുപത്രിയില്‍ രോഗികളുടെ എണ്ണം കൂടിയതിനാല്‍ നേരത്തെ ഡല്‍ഹി നിവാസികളില്‍നിന്ന് അരവിന്ദ് കെജരിവാള്‍ അഭിപ്രായങ്ങള്‍ തേടിയിരുന്നു. ഡല്‍ഹി നിവാസികളില്‍ 90 ശതമാനം പേരും ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രമായി നിയന്ത്രിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com