പ്രാര്‍ഥന വിഫലം,16 മണിക്കൂര്‍ നീണ്ട പരിശ്രമം; കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്ത പത്തുവയസുകാരന്‍ മരിച്ചു, മരണം ഹൈപ്പോതെര്‍മിയ മൂലമോ?- വിഡിയോ

മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ 140 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ 10 വയസ്സുകാരനെ 16 മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിന് ഒടുവില്‍ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല
10-year-old rescued from borewell after 16 hours rescue operation dies in Madhya Pradesh
കുഴൽക്കിണറിൽ വീണ പത്തുവയസുകാരന് വേണ്ടി നടത്തിയ രക്ഷാപ്രവർത്തനംപിടിഐ
Updated on
1 min read

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ 140 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ 10 വയസ്സുകാരനെ 16 മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിന് ഒടുവില്‍ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഞായറാഴ്ച രാവിലെ 9.30ഓടേയാണ് കുട്ടിയെ പുറത്തെടുത്തത്. ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഗുണ ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള രഘോഗഡ് അസംബ്ലി സെഗ്മെന്റിന് കീഴിലുള്ള പിപ്ലിയ ഗ്രാമത്തില്‍ ശനിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സുമിത് മീണ എന്ന കുട്ടി കുഴല്‍ക്കിണറില്‍ വീണത്. 16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് കുട്ടിയെ പുറത്തെടുത്തത്. എന്നാല്‍ ഈ സന്തോഷം അല്‍പ്പസമയത്തിനകം നാടിന്റെ ദുഃഖമായി മാറുകയായിരുന്നു. കുട്ടിയെ പുറത്തെടുത്തപ്പോള്‍ തന്നെ പ്രതികരണമുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 'ക്ഷമിക്കണം, അവന്‍ ഇനിയില്ല'- ഗുണ ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജ്കുമാര്‍ ഋഷിശ്വര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.' തണുത്ത കാലാവസ്ഥയില്‍ രാത്രി മുഴുവന്‍ കുട്ടി ഇടുങ്ങിയ കുഴല്‍ക്കിണറില്‍ തന്നെയായിരുന്നു. അവന്റെ കൈകളും കാലുകളും നനഞ്ഞിരുന്നു. അവന്റെ വസ്ത്രങ്ങളും നനഞ്ഞിരുന്നു, വായില്‍ ചെളിയും ഉണ്ടായിരുന്നു,'- അദ്ദേഹം പറഞ്ഞു. ശരീര താപനില 95 ഡിഗ്രി ഫാരന്‍ഹീറ്റിന് താഴെയാകുമ്പോള്‍ ഉണ്ടാകുന്ന ഹൈപ്പോതെര്‍മിയ മൂലമാണോ ശരീരഭാഗങ്ങള്‍ മരവിച്ചതെന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചതായും ഡോ. രാജ്കുമാര്‍ ഋഷിശ്വര്‍ പറഞ്ഞു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.

കുഴല്‍ക്കിണറിന് സമാന്തരമായി ഒരു കുഴി എടുത്താണ് കുട്ടിയെ പുറത്തെടുത്തത്. കുഴല്‍ക്കിണറില്‍ 39 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയതെന്ന് ഗുണ കളക്ടര്‍ സതേന്ദ്ര സിങ് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ തിരച്ചില്‍ നടത്തിയപ്പോഴാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണ കാര്യം അറിഞ്ഞതെന്ന് പ്രദേശവാസികള്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com