

ലഖ്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നയിച്ച റോഡ് ഷോയ്ക്കിടെ ബുൾഡോസർ ഇടിച്ച് പന്ത്രണ്ടുകാരൻ മരിച്ചു. ചൗരി ചൗരയിലെ രാജധാനി ഗ്രാമവാസിയായ ആര്യവർധൻ സിംഗ് ആണ് മരിച്ചത്. പ്രാദേശിക ബി.ജെ.പി. നേതാവായ ഓംകാർ സിംഗിന്റെ മകനാണ് ആര്യവർധൻ. സമാജ്‌വാദി പാർട്ടിയുടെ പി.ഡി.എ. രഥയാത്രയ്ക്കിടെ കൂടാഘട്ട് മേഖലയിലായിരുന്നു ദാരുണമായ അപകടം നടന്നത്.
റാലിക്ക് മുകളിലേക്ക് പുഷ്പവൃഷ്ടി നടത്തുന്നതിനായി എത്തിച്ച ബുൾഡോസർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കുട്ടിയുടെ പിതാവ് ഓംകാർ സിംഗ് ആരോപിച്ചു. അഖിലേഷ് യാദവിന്റെ വാഹനവ്യൂഹം കടന്നുപോയതിന് പിന്നാലെ അമിതവേഗതയിലെത്തിയ ബുൾഡോസർ തന്റെ മകനെ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ റോഡ് ഡിവൈഡറിലേക്ക് തെറിച്ചുവീണ കുട്ടിയുടെ തലയുടെ പിൻഭാഗത്ത് ഗുരുതരമായി പരിക്കേൽക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. രാഷ്ട്രീയ റാലികളിൽ ജനക്കൂട്ടത്തിനിടയിലേക്ക് ഇത്തരം ഭാരവാഹനങ്ങൾ പ്രവേശിപ്പിച്ചതിലുള്ള സുരക്ഷാ വീഴ്ചയെക്കുറിച്ചും, ആൾക്കൂട്ട നിയന്ത്രണത്തിലുണ്ടായ പാളിച്ചകളെക്കുറിച്ചും വലിയ വിമർശനങ്ങളാണ് ഉയരുന്നത്. റാലിയിൽ പങ്കെടുത്ത വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിൽ ആർക്കായിരുന്നു ഉത്തരവാദിത്തമെന്നതും ചർച്ചയായിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates