കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സുന്ദര്‍ബന്‍സ് സ്വദേശികളായ യുവതികള്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായി. 19 കാരിയായ റിയ സര്‍ദാറും 20 വയസുള്ള രാഖി നാസ്‌കറുമാണ് സാമൂഹിക മാനദണ്ഡങ്ങളെയെല്ലാം മാറ്റിമറിച്ച് സ്വവര്‍ഗ വിവാഹം ചെയ്തത്. പ്രൊഫഷണല്‍ നര്‍ത്തകിമാരാണ് റിയയും രാഖിയും. രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും കണ്ടുമുട്ടിയത്. ക്രമേണ ഇവര്‍ പ്രണയത്തിലാവുകയായിരുന്നു.
നൂറുകണക്കിന് ഗ്രാമീണര്‍ ആണ് ശംഖ് മുഴക്കി ദമ്പതികളെ അനുഗ്രഹിച്ചത്. പുരോഹിതന്റെ സാന്നിധ്യത്തിലാണ് വിവാഹത്തിന്റെ ചടങ്ങുകള്‍ എല്ലാം നടത്തിയത്. ക്ഷേത്രത്തിന്റെ മുറ്റം ദീപങ്ങളാല്‍ അലങ്കരിച്ചിരുന്നു. വധുവിന്റെ വേഷം ധരിച്ച റിയയും വരന്റെ കിരീടം ധരിച്ച രാഖിയും പരസ്പരം ഹാരം അണിഞ്ഞു.
'ഞങ്ങള്‍ ജീവിത പങ്കാളികളാകാന്‍ പ്രതിജ്ഞയെടുത്തു,' മന്ദിര്‍ബസാറിലെ രാമേശ്വര്‍പൂരില്‍ നിന്നുള്ള റിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ഞങ്ങള്‍ മുതിര്‍ന്നവരാണ്. നമ്മുടെ ജീവിതം നമുക്ക് തീരുമാനിക്കാം. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ ലിംഗഭേദം എന്തിന് പ്രധാനമാകണം? ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടുവെന്നും അമ്മായി കവിത കോയല്‍ ആണ് വളര്‍ത്തിയെന്നും റിയ പറഞ്ഞു, അവര്‍ ആദ്യം സ്തബ്ധരായി, പക്ഷേ പിന്നീട് ഞങ്ങളുടെ തീരുമാനത്തെ എതിര്‍ത്തില്ലെന്നും റിയ പറഞ്ഞു. 'എന്റെ കര്‍ഷക കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം വകവയ്ക്കാതെ, ഞാന്‍ ശരിക്കും സ്‌നേഹിക്കുന്ന ആളെ മാത്രമേ വിവാഹം കഴിക്കാന്‍ തീരുമാനിച്ചുള്ളൂ എന്ന് ഒന്‍പതാം ക്ലാസ് വരെ പഠിച്ച രാഖി പറഞ്ഞു. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട റിയയെ അമ്മായിയും അമ്മാവനുമാണ് വളര്‍ത്തിയത്.
രാഖിയുമായുള്ള ബന്ധത്തെ റിയയുടെ ബന്ധുക്കള്‍ എതിര്‍ത്തു. എന്നാല്‍, രാഖിയുടെ കുടുംബവും നിരവധി പ്രദേശവാസികളും ഇവരെ പിന്തുണച്ചു. ഇവരുടെയെല്ലാം സഹായത്തോടെയാണ് പ്രദേശത്തുള്ള ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹച്ചടങ്ങ് നടത്തിയത്. യുവതികള്‍ പരസ്പരം മാലയിട്ടപ്പോള്‍ നാട്ടുകാര്‍ ആര്‍പ്പുവിളിച്ച് അവരുടെ സന്തോഷം അറിയിച്ചു. 'ഇതുപോലൊരു വിവാഹം ഞങ്ങള്‍ മുമ്പ് കണ്ടിട്ടില്ല. പക്ഷേ, ഇവരുടെ പരസ്പര സ്നേഹം കണ്ടില്ലെന്ന് നടിക്കാനായില്ല. അതിനാലാണ് ഞങ്ങള്‍ പിന്തുണച്ചത് ', നാട്ടുകാരിലൊരാള്‍ പറഞ്ഞു. 'സോഷ്യല്‍ മീഡിയയില്‍ കണ്ടുമുട്ടിയ ഇരുവരും, നമ്പറുകള്‍ കൈമാറി. മണിക്കൂറുകളോളം സംസാരിച്ചു. അങ്ങനെ സൗഹൃദം പ്രണയത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. 'ഞങ്ങളുടെ രണ്ട് പെണ്‍മക്കളെ അവരുടെ പുതിയ ജീവിതം ആരംഭിക്കാന്‍ സഹായിക്കാന്‍ ഞങ്ങള്‍ എല്ലാവരും ഒത്തുകൂടി,' നാട്ടുകാരനായ മിലന്‍ സര്‍ദാര്‍ പറഞ്ഞു.
ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹം നിയമപരമായി അംഗീകരിച്ചിട്ടില്ലെങ്കിലും റിയയെയും രാഖിയെയും പോലുള്ള ദമ്പതികള്‍ ധാരാളമുണ്ട്. സ്വവര്‍ഗ വിവാഹത്തിന് മൗലികാവകാശമില്ലെന്നും സ്പെഷ്യല്‍ വിവാഹ നിയമം സ്വവര്‍ഗ ദമ്പതികള്‍ക്ക് ബാധകമല്ലെന്നും 2023 ഒക്ടോബറില്‍ സുപ്രീംകോടതി വിധിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates