ഹൈദരാബാദ്: സര്‍ക്കാര്‍ ഉളളി വിതരണ കേന്ദ്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേര്‍ക്ക് പരിക്ക്. സബ്‌സിഡി നിരക്കില്‍ ഉളളി വിതരണം ചെയ്യുന്നത് അറിഞ്ഞ് നാട്ടുകാര്‍ ഒഴുകിയെത്തുകയായിരുന്നു.
ആന്ധ്രാപ്രദേശിലെ വിജയനഗരയിലാണ് സംഭവം. രാജ്യത്ത് ഓരോ ദിവസം കഴിയുന്തോറും ഉളളിവില ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. ഇത് കുടുംബബജറ്റുകളെ വരെ താളം തെറ്റിക്കുകയാണ്. ഇത് കണക്കിലെടുത്ത് വിപണിയില്‍ ഇടപെടാന്‍ ഉളളി സംഭരിച്ച് കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യാന്‍ ആന്ധ്രാ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്ത കേന്ദ്രത്തിലാണ് തിക്കിലും തിരക്കിലും പെട്ട് നാട്ടുകാര്‍ക്ക് പരിക്കേറ്റത്.
വിപണിയില്‍ 95 രൂപ വിലയുളള ഉളളി 25 രൂപ വിലയ്ക്കാണ് സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് വിഭാഗം വഴിയാണ് ഉളളി വിതരണം ചെയ്യുന്നത്.ഇത് അറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു.
നാട്ടുകാരുടെ ക്രമാതീതമായ കടന്നുവരവിനെ തുടര്‍ന്ന് ഉളളി വിതരണ കേന്ദ്രത്തിന്റെ ഗേറ്റ് അടക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഉളളി കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിന് നാട്ടുകാര്‍ മതില്‍ ചാടി കടന്നും മറ്റും അകത്ത് കടക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതിനിടെ നാട്ടുകാരെ അധികൃതര്‍ തടയാന്‍ ശ്രമിച്ചത് ചെറിയ സംഘര്‍ഷത്തിന് ഇടയാക്കി. ഈ ബഹളത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നിരവധിപ്പേര്‍ക്ക് പരിക്കേറ്റത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates