ഭുബനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരുമായുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ ചെന്നൈയിലേക്ക് പുറപ്പെട്ടു. 250 യാത്രക്കാരാണ് ഈ ട്രെയിനില്‍ ഉള്ളത്. ഒഡീഷയിലെ ഭദ്രക് റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെട്ടത്. രാത്രി 9.30 ന് വജയവാഡയില്‍ എത്തുന്ന ട്രെയിന്‍ ഞായറാഴ്ച ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ എത്തും.
ഭേരംപുരില്‍ ഇറങ്ങുന്ന 4പേര്‍, വിശാഖപട്ടണത്ത് ഇറങ്ങുന്ന 41പേര്‍, രാജമഹേന്ദ്രവാരത്തിലിറങ്ങുന്ന ഒരാള്‍, തടപ്പലിഗുഡത്തില്‍ ഇറങ്ങുന്ന രണ്ടുപേര്‍, ചെന്നൈയില്‍ ഇറങ്ങുന്ന 133പേര്‍ ഇങ്ങനെയാണ് ട്രെയിനിലവിലുള്ളത്.
ഇന്ന് വൈകുന്നേരം ചെന്നൈയില്‍ നിന്ന് ഒരു സ്പഷ്യല്‍ ട്രെയിന്‍ ഒഡീഷയിലേക്ക് പുറപ്പെടും. ബന്ധുക്കളെ കുറിച്ച് അന്വേഷിക്കുന്നവര്‍ക്ക് ഈ ട്രെയിനില്‍ പോകാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, മൂന്നു ട്രെയിനുകളുടെ കൂട്ടിയിടിയില്‍ മണ്ണില്‍ പുതഞ്ഞുപോയ അവസാന കോച്ച് ഉയര്‍ത്താന്‍ രക്ഷാപ്രവര്‍ത്തകരുടെ തീവ്രശ്രമം തുടരുകയാണ്. വലിയ ക്രെയിനുകളും ബുള്‍ഡോസറുകളും ഉപയോഗിച്ച് ഈ കോച്ച് ഉയര്‍ത്താനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിപ്പെടാനായിട്ടില്ലാത്ത ഈ കോച്ച് ഉയര്‍ത്തിയാല്‍ മരണസംഖ്യ ഉയരുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂട്ടിയിടിയില്‍ മറ്റൊരു കോച്ച് മുകളില്‍ വന്നു കയറിയപ്പോള്‍ ഈ കോച്ച് മണ്ണില്‍ പുതയുകയായിരുന്നെന്നാണ് കരുതുന്നത്. ഉയര്‍ത്താനുള്ള ബോഗി ഏതാണ്ട് പൂര്‍ണമായ തകര്‍ന്ന നിലയിലാണെന്ന് ദേശീയ ദുരന്ത പ്രതികരണ സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദുരന്തത്തില്‍ ഇതുവരെ 261 മരണമാണ് സ്ഥിരീകരിച്ചത്. 900ല്‍ ഏറെ പേര്‍ക്കു പരുക്കുണ്ട്. രാക്ഷാദൗത്യം പൂര്‍ണമായതായി തെക്കു കിഴക്കന്‍ റെയില്‍വേയുടെ വക്താവ് ആദിത്യ ചൗധരി പറഞ്ഞു.
ഇരുന്നൂറ് ആംബുലന്‍സുകളും അന്‍പതു ബസ്സുകളും 45 മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റുകളും ഉള്‍പ്പെടുന്ന വന്‍ രക്ഷാദൗത്യമാണ് രാത്രി മുഴുവന്‍ പ്രവര്‍ത്തിച്ചത്. വ്യോമസേനയുടെ രണ്ടു റെസ്‌ക്യൂ ഹെലികോപ്റ്ററുകള്‍ ദൗത്യത്തില്‍ പങ്കു ചേര്‍ന്നു.
രാജ്യത്തെ നാലാമത്തെ വലിയ ട്രെയിന്‍ ദുരന്തമാണ് ഒഡിഷയിലെ ബാലസോറില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് റെയില്‍വേ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ (തെക്കു കിഴക്കന്‍ സര്‍ക്കിള്‍) എഎം ചൗധരി അന്വേഷണത്തിനു നേതൃത്വം നല്‍കും.
അപകടത്തിനു കാരണമായത് എന്താണ് എന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. സിഗ്‌നല്‍ പിഴവ് ആണെ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ 'കവച്' ഇല്ലാത്ത റൂട്ട്; അപകടത്തിന്റെ കാരണം തേടി റെയില്‍വെ, രക്ഷാദൗത്യം അവസാനിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
