രക്ഷാദൗത്യത്തിന് 26 വിമാനങ്ങൾ; മോസ്കോയിലെ ഇന്ത്യൻ എംബസി സംഘം റഷ്യൻ അതിർത്തിയിലേക്ക്

ഖാർകീവ്, സുമി പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കുന്നതിന് പ്രഥമ പരി​ഗണന
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ
Updated on
2 min read

ന്യൂഡൽഹി: യുക്രൈനിൽ കുടുങ്ങിയ ശേഷിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷൻ ​ഗം​ഗ വിപുലീകരിച്ച് കേന്ദ്രം. മോസ്ക്കോയിലെ ഇന്ത്യൻ എംബസി സംഘം ഖാർകീവിനടുത്തുള്ള റഷ്യൻ അതിർത്തിയിൽ എത്തിയതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്‌ല. 

വ്യോമസേനാ വിമാനങ്ങൾ നാളെ മുതൽ രക്ഷാദൗത്യത്തിൽ പങ്കാളികളാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് ദിവസങ്ങളിലായി 26 വിമാനങ്ങളാണ് രക്ഷാദൗത്യത്തിനായി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. വ്യോമ സേനയുടെ 17 വിമാനങ്ങളും ദൗത്യത്തിൽ ചേരും. ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി അടുത്ത മൂന്ന് ദിവസം 26 വിമാനങ്ങൾ ബുഡാപേസ്റ്റ്, ബുക്കാറസ്റ്റ് എന്നിവിടങ്ങളിലേക്ക് അയയ്ക്കും. പോളണ്ട്, സ്ലോവാക്യ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും ഉപയോഗിക്കും.

സി7 വിമാനം ബുധനാഴ്ച റൊമേനിയയിലേക്ക് എത്തും. വ്യോമസേനാ വിമാനങ്ങൾ ബുധനാഴ്ച മുതൽ രക്ഷാദൗത്യത്തിൽ പങ്കെടുക്കും.

ആദ്യ മുന്നറിയിപ്പ് നൽകിയ സമയത്ത് യുക്രൈനിൽ ഏതാണ്ട് 20,000 ഇന്ത്യൻ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. അതിൽ 12,000 ഇന്ത്യക്കാർ ഇതുവരെ യുക്രൈൻ വിട്ടു. അത് ഏകദേശം  60 ശതമാനം വരും. അതിൽ 40 ശതമാനം പേർ സംഘർഷം രൂക്ഷമായ ഖാർകീവ്, സുമി മേഖലകളിലാണ്. ബാക്കിയുള്ളവർ യുക്രൈനിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ എത്തുകയോ അവിടേക്ക് പുറപ്പെടുകയോ ചെയ്തിട്ടുണ്ട്. 

ഖാർകീവ്, സുമി പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കുന്നതിന് പ്രഥമ പരി​ഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു. യുക്രൈനിന്റെ പടിഞ്ഞാറൻ അതിർത്തിയിലേക്കും കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ അയയ്ക്കും.  കീവിൽ ഇനി ഇന്ത്യക്കാർ ആരും ഇല്ലെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമായത്. ഇന്ത്യൻ പൗരൻമാരെ രാജ്യത്ത് തിരിച്ചെത്തിക്കാൻ റഷ്യയും യുക്രൈനും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

രക്ഷാദൗത്യം തുടരുന്നതിനിടെ യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥി റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കർണാടകക്കാരനായ നവീൻ കുമാറാണ് റഷ്യൻ ഷെല്ലാക്രമണത്തിൽ മരിച്ചത്. 21വയസായിരുന്നു. നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ് നവീൻ കുമാർ. 

യുക്രൈനിൽ സ്ഥിതി ഗുരുതരമാകുന്നതായി നേരത്തെ ഇന്ത്യ വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യുക്രൈൻ തലസ്ഥാനമായ കീവിലുള്ള ഇന്ത്യൻ പൗരന്മാർ ഇന്നു തന്നെ നഗരം വിടണമെന്ന് ഇന്ത്യൻ എംബസി നിർദേശവും നൽകിയിരുന്നു.  ട്രെയിനോ മറ്റേതെങ്കിലും മാർഗമോ ഉപയോഗിച്ച് പുറത്തു കടക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. 

കീവ് പിടിച്ചടക്കാനായി റഷ്യൻ സേന ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുള്ളത്. നഗരത്തിൽ വ്യോമാക്രമണ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി 40 മൈൽ (65 കിലോമീറ്റർ) ദൂരത്തിൽ റഷ്യൻ സൈനിക വ്യൂഹം നീങ്ങി കൊണ്ടിരിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

യുക്രൈൻ രക്ഷാദൗത്യത്തിൽ പങ്കാളിയാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമസേനയോട് ആവശ്യപ്പെട്ടിരുന്നു. ഒഴിപ്പിക്കൽ നടപടികൾക്ക് സി 17 വിമാനങ്ങൾ ഉപയോഗിക്കുന്നത്. എത്രയും വേഗം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. 

പ്രധാനമന്ത്രി നരേന്ദ്രമോദി സ്ലോവാക്യ, റോമേനിയ പ്രധാനമന്ത്രിമാരുമായി സംസാരിച്ചു. യുക്രൈനിൽ നിന്നുള്ള ഇന്ത്യാക്കാരുടെ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടാണ് ചർച്ച ചെയ്തത്. 

പ്രധാനമന്ത്രി രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിച്ചിരുന്നു. യുക്രൈൻ ഒഴിപ്പിക്കൽ നടപടികൾ അടക്കമുള്ള വിഷയങ്ങൾ രാഷ്ട്രപതിയെ അറിയിച്ചു. ഇതിനിടെ, രാഷ്ട്രപതി ത്രിരാഷ്ട്ര സന്ദർശനം റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യാക്കാരുടെ ഒഴിപ്പിക്കലിനാണ് ഈ സമയത്ത് പ്രാധാന്യമെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com