ന്യൂഡൽഹി: ഡോക്ടർമാർ കുറിച്ചു നൽകിയ ചുമയ്ക്കുള്ള സിറപ്പ് കഴിച്ച് ഡൽഹിയിൽ മൂന്ന് കുട്ടികൾ മരിച്ചു. ഡൽഹി കലാവതി സരൺ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കുട്ടികളാണ് മരിച്ചത്. മൊഹല്ല ക്ലിനിക്കിലെ ഡോക്ടർമാരാണ് കുറിപ്പ് നൽകിയത്.
സംഭവത്തിൽ മൂന്ന് ഡോക്ടർമാരുടെ സേവനം റദ്ദാക്കാനും അന്വേഷണം നടത്താനും ഡൽഹി സർക്കാർ തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ടു സമർപ്പിക്കാൻ ഡൽഹി മെഡിക്കൽ കൗൺസിലിനോടു നിർദേശിച്ചതായും ഡൽഹി ആരോഗ്യമന്ത്രി അറിയിച്ചു. മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനും രാജിവെക്കണമെന്നും കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ബിജെപിയും കോൺഗ്രസും ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കലാവതി സരൺ കുട്ടികളുടെ ആശുപത്രിയിൽ ഡെക്സ്ട്രോമെത്തോർഫാൻ എന്ന മരുന്നു കഴിച്ച്
വിഷബാധയേറ്റ് 16 കുട്ടികളെയാണ് പ്രവേശിപ്പിച്ചത്. ജൂൺ 29നും നവംബർ 21 നുമിടയിലാണ് ഒരു വയസിനും ആറ് വയസിനും ഇടയിലുള്ള ഇത്രയും കുട്ടികൾ ചികിത്സ തേടിയത്.
മിക്ക കുട്ടികൾക്കും ശ്വാസം തടസം നേരിട്ടു. മരിച്ച മൂന്ന് കുട്ടികളേയും മോശം അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചതെന്നും കലാവതി സരൺ ആശുപത്രിയിലെ മുതിർന്ന ഡോക്ടർ പറഞ്ഞു. ജൂലൈയിൽ തന്നെ ആശുപത്രി അധികൃതർ ഇത് സംബന്ധിച്ച് ഡൽഹി സർക്കാരിനേയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തേയും അറിയിച്ചിരുന്നു. ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഒക്ടബോറിൽ അന്വേഷണം ആരംഭിച്ചതായും ഡോക്ടർ പറഞ്ഞു.
വില്ലനായത് ഡെക്സ്ട്രോമെത്തോർഫാൻ
ചുമ ശമനത്തിനായി വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു മരുന്നാണ് ഡെക്സ്ട്രോമെത്തോർഫാൻ. അതേ സമയം തന്നെ അനാവശ്യ ഉപയോഗത്തിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതാണ് ഈ മരുന്ന്. മരുന്നിന്റെ ഉയർന്ന അളവിലുള്ള ഉപഭോഗം കുട്ടികളിൽ ഉറക്കമില്ലായ്മയ്ക്കിടയാക്കും. തല കറക്കം, ഓക്കാനം, അസ്വസ്ഥത, ശ്വസന പ്രശ്‌നങ്ങൾ വയറിളക്കം മുതലായവയ്ക്കും കാരണമാകും.
ഡിസംബർ ഏഴിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഹെൽത്ത് സർവീസിലെ ഡോക്ടർ സുനിൽകുമാർ, മൊഹല്ല ക്ലിനിക്കിലെ ഡോക്ടർമാരെ നാല് വയസിന് താഴെയുള്ള കുട്ടികൾക്ക് ഡെക്സ്ട്രോമെത്തോർഫാൻ കുറിച്ച് നൽകുന്നതിൽ നിന്ന് തടയണമെന്നാവശ്യപ്പെട്ട് ഡൽഹി സർക്കാരിന് കത്തയച്ചിരുന്നു. പൊതു താത്പര്യം കണക്കിലെടുത്ത് ഒമേഗ ഫാർമ നിർമിക്കുന്ന ഈ മരുന്ന് വിപണിയിൽ നിന്ന് പിൻവലിക്കാനും ഡോ. സുനിൽകുമാർ നിർദേശം നൽകിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
