

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷാ ക്രമക്കേടുകളും രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കെ, സിവോട്ടര്‍ നടത്തിയ സര്‍വേയില്‍ അമ്പരപ്പിക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവന്നത്. സര്‍വേ പ്രകാരം, ഭരണകക്ഷിയായ എന്‍ഡിഎയെ പിന്തുണയ്ക്കുന്ന വോട്ടര്‍മാരില്‍ 58 ശതമാനം പേരും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് അഭിപ്രായപ്പെട്ടു. പരീക്ഷാ നടത്തിപ്പുകാരായ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നിലവിലെ രൂപത്തില്‍ തുടരേണ്ടതില്ലെന്നും വലിയൊരു വിഭാഗം പ്രതികരിച്ചു.
സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം പേര്‍ ധര്‍മേന്ദ്ര പ്രധാന്‍ സ്ഥാനമൊഴിയണം എന്ന് അഭിപ്രായപ്പെട്ടു. 21 ശതമാനം പേര്‍ മാത്രമാണ് അദ്ദേഹം തുടരണമെന്ന് പറഞ്ഞത്. ശേഷിക്കുന്നവര്‍ വ്യക്തമായ പ്രതികരണം നല്‍കിയില്ല. ബിജെപി നയിക്കുന്ന എന്‍ഡിഎ അനുകൂലികളില്‍ തന്നെ 58 ശതമാനം പേര്‍ വിദ്യാഭ്യാസ മന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും രാജി ആവശ്യമാണ് എന്നും അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക വ്യക്തമാക്കുന്നതാണ് ഇതെന്ന് സര്‍വേപറയുന്നു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് ആരാണ് ഉത്തരവാദി എന്ന ചോദ്യത്തിന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 46 ശതമാനം പേര്‍ വിദ്യാഭ്യാസമന്ത്രിയെയാണ് ചൂണ്ടിക്കാട്ടിയത്. 12 ശതമാനം പേര്‍ എന്‍ടിഎയെ കുറ്റപ്പെടുത്തി. 24 ശതമാനം പേര്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട് എന്ന് അഭിപ്രായപ്പെട്ടു. ശേഷിക്കുന്നവര്‍ കോച്ചിങ് സെന്ററുകളെയും മറ്റ് ഘടകങ്ങളെയും കുറ്റപ്പെടുത്തി. സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം പേര്‍ എന്‍ടിഎ പിരിച്ചുവിടണം എന്ന് അഭിപ്രായപ്പെട്ടു. പരീക്ഷാ നടത്തിപ്പ് വീണ്ടും സംസ്ഥാനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും കൈമാറണമെന്ന് പലരും ആവശ്യപ്പെട്ടു. കേന്ദ്രവത്കരിച്ച പരീക്ഷാ സംവിധാനം വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നാണ് വിമര്‍ശനം.
മേയ് 3ന് നടന്ന നീറ്റ് യുജി പരീക്ഷയില്‍ 22 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പിന്നാലെ, പരീക്ഷയ്ക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ചില ചോദ്യങ്ങള്‍ യഥാര്‍ഥ ചോദ്യപേപ്പറുമായി പൊരുത്തപ്പെടുന്നുവെന്ന ആരോപണം ഉയര്‍ന്നു. അന്വേഷണത്തിന് പിന്നാലെ എന്‍ടിഎ പരീക്ഷ റദ്ദാക്കുകയും ജൂണ്‍ 21ന് പുനഃപരീക്ഷ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പിന്നീട് വീഴ്ച സംഭവിച്ചുവെന്ന് സമ്മതിക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനകം വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എന്‍ടിഎ പിരിച്ചുവിടണമെന്നും പ്രധാന്‍ രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിനിടെയാണ് സിവോട്ടര്‍ സര്‍വേ ഫലവുമായി രംഗത്തെത്തിയത്. എന്‍ഡിഎ അനുകൂലികളില്‍ പോലും ഭൂരിപക്ഷം വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതും എന്‍ടിഎ പിരിച്ചുവിടണമെന്ന് പറയുന്നതും വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാക്കുന്നു. ഇതോടെ, ജൂണ്‍ 21ന് നടക്കുന്ന പുനഃപരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കുക എന്നത് കേന്ദ്രത്തിനും എന്‍ടിഎയ്ക്കും വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates