

ന്യൂഡല്‍ഹി : നവീകരണത്തിന്റെ ഭാഗമായി സൈനികരുടെ എണ്ണം വെട്ടിക്കുറച്ച്, പകരം ആയുധ സംഭരണ ശേഷി വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നു. ആത്യാധുനിക ആയുധങ്ങള്‍ സംഭരിക്കാനാണ് ആലോചിക്കുന്നത്. ഇതിനായി സൈനികരുടെ എണ്ണത്തില്‍ ഒന്നര ലക്ഷത്തോളം കുറവ് വരുത്താനും, ഇതുവഴി 5000 മുതല്‍ 7000 കോടി വരെ പണം കണ്ടെത്താനാകുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ കണക്കുകൂട്ടല്‍.
നിലവില്‍ സൈന്യത്തിന്റെ മൊത്തം ബജറ്റിന്റെ 83 ശതമാനം അതായത്, 1.28 ലക്ഷം കോടിയോളം രൂപ ദൈനംദിന പ്രവര്‍ത്തനത്തിനും സൈനികരുടെ ശമ്പളത്തിനുമായാണ് വിനിയോഗിക്കുന്നത്. സൈനികരുടെ പെന്‍ഷന്‍ തുക ഉള്‍പ്പെടാതയാണ് ഇത്. നിലവില്‍ 12 ലക്ഷത്തോളം സൈനികരാണുള്ളത്. അഞ്ചുവര്‍ഷംകൊണ്ട് ഇതില്‍ ഒന്നരലക്ഷംമുതല്‍ രണ്ടുലക്ഷംപേരെ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. സൈന്യത്തിന്റെ ആധുനീകരണത്തിന് ലഭിക്കുന്ന തുക പര്യാപ്തമല്ലെന്ന് സൈന്യം നേരത്തേ തന്നെ പരാതിപ്പെട്ടിരുന്നു.
നിലവിലുള്ള സൈനികരെ പിരിച്ചുവിട്ടായിരിക്കില്ല, പകരം പുതിയ നിയമനങ്ങളില്‍ കത്തിവെക്കാനാണ് ആലോചന. പുതുതായി നിയമിക്കുന്നവരുടെ എണ്ണം കുറച്ച്് സൈന്യത്തിന്റെ വലുപ്പം കുറയ്ക്കുക. വിവിധവിഭാഗങ്ങള്‍ സംയോജിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് പരിഗണനയിലുള്ളത്. ഇതുസംബന്ധിച്ച് പഠിക്കാന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
നവീകരണം കരസേനാ ആസ്ഥാനത്തുനിന്നുതന്നെ തുടങ്ങാനാണ് റാവത്തിന്റെ തീരുമാനം. ഒരേ സ്വഭാവമുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ട്രെയിനിങ്ങിന്റെ ഏതാനും ചുമതലകള്‍ സിംല ട്രെയിനിങ് കമാന്‍ഡിനെയും ബാക്കിയുള്ളവ കോംബാറ്റ് എന്‍ജിനീയറിങ് ഡയറക്ടറേറ്റിനും കൈമാറിയേക്കും. ഇന്‍ഫര്‍മേഷന്‍ വാര്‍ഫെയര്‍ വിഭാഗവും പൊതുവിവര വിഭാഗവും സംയോജിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വെപ്പണ്‍, എക്വിപ്‌മെന്റ്, പോളിസി പ്ലാനിങ് ഡയറക്ടറേറ്റുകള്‍ തമ്മില്‍ സംയോജിപ്പിക്കുന്നതും പരിഗണിച്ചേക്കും. എന്‍ജിനീയറിങ് സിഗ്‌നല്‍ റെജിമെന്റ്, ഓപ്പറേറ്റിങ് സിഗ്‌നല്‍ റെജിമെന്റ് എന്നിവ സംയോജിപ്പിച്ച് 8000ത്തോളം പോസ്റ്റുകള്‍ കുറയ്ക്കാനും സാധ്യതയുണ്ട്. 1998 ല്‍ കാര്‍ഗില്‍ യുദ്ധത്തിനുമുമ്പാണ് ഏറ്റവും ഒടുവില്‍ സൈനികബലം വെട്ടിക്കുറച്ചത്. അന്നത്തെ കരസേനാ മേധാവി ജനറല്‍ വി.പി. മാലിക് 50,000 സൈനികരെയാണ് കുറച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates