

ചെന്നൈ: പ്രതിരോധശേഷി വർധിപ്പിക്കാൻ എന്ന പേരിൽ ലഭിച്ച ഗുളിക കഴിച്ച സ്ത്രീ മരിച്ചു. തമിഴ്നാട്ടിലാണ് സംഭവം. ഈറോഡ് കെജി വലസ് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. ഇതേ മരുന്ന് കഴിച്ച ഇവരുടെ ഭർത്താവ് ഉൾപ്പെടെ കുടുംബത്തിലെ മൂന്ന് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോവിഡ് ലക്ഷണങ്ങളുള്ള രോഗികളെ കണ്ടെത്താനെത്തിയ ആരോഗ്യവകുപ്പ് പ്രതിനിധിയെന്ന സംശയിക്കുന്നയാളാണ് ഇവർക്ക് ഗുളിക നൽകിയതെന്നാണ് റിപ്പോർട്ടുകൾ. കുടുംബത്തിൽ ആര്‍ക്കെങ്കിലും പനിയോ ചുമയോ മറ്റോ ഉണ്ടോയെന്ന് ഇയാൾ ചോദിച്ചിരുന്നു. ഇല്ലായെന്നായിരുന്നു കുടുംബത്തിന്‍റെ മറുപടി. ഇതിന് പിന്നാലെ പ്രതിരോധ ശേഷി വർധിപ്പിക്കാനെന്ന പേരിൽ ഇയാൾ കുറച്ച് ഗുളികകൾ നൽകി എന്നാണ് പൊലീസ് പറയുന്നത്. ഗുളിക കഴിച്ച കറുപ്പണ്ണനും ഭാര്യയും ഉൾപ്പെടെ കുടുംബാംഗങ്ങൾ അബോധാവസ്ഥയി.
അയൽവാസികൾ ഇവരെ ഈ അവസ്ഥയിൽ കണ്ടെത്തുമ്പോഴേക്കും കറുപ്പണ്ണന്‍റെ ഭാര്യ മരിച്ചിരുന്നു. അവശനിലയിലായ മറ്റുള്ളവരെ അയൽവാസികൾ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആളുകളെ കണ്ടെത്താൻ വീടുകൾ സന്ദർശിക്കുന്നതിനായി ആരോഗ്യവകുപ്പ് താത്കാലിക പ്രതിനിധികളെ നിയമിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ ഇത്തരത്തിൽ ആരെങ്കിലും ആകാം കറുപ്പണ്ണന്‍റെ വീട് സന്ദർശിച്ച് കുടുംബത്തിന് ഗുളിക നൽകിയതെന്നാണ് ഇവർ സംശയിക്കുന്നത്. എങ്കിലും സംഭവത്തിൽ മറ്റുസാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവർക്ക് ഗുളിക നൽകിയെന്ന് സംശയിക്കുന്ന ആരോഗ്യപ്രവർത്തകനെ കണ്ടെത്താൻ നാല് സ്പെഷ്യൽ ടീമുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates