

ന്യൂഡല്‍ഹി: ഒരു കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് താന്‍ നേരിടുന്ന നടപടിക്കുള്ള കാരണം അയാളുടെ മാതൃഭാഷയില്‍ എഴുതി നല്‍കണമെന്ന് സുപ്രീം കോടതി. അറസ്റ്റ് ചെയ്യപ്പെട്ട കുറ്റകൃത്യമോ നിയമമോ പരിഗണിക്കാതെ അറസ്റ്റിനുള്ള രേഖാമൂലമുള്ള കാരണങ്ങള്‍ കുറ്റാരോപിതന് മനസിലാകുന്ന ഭാഷയില്‍ എഴുതി നല്‍കണം എന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. പൊലീസിനും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും നിര്‍ദേശം ബാധകമാണെന്നും ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് എ ജി മാസിഹ് എന്നിവരങ്ങിയ ബെഞ്ച് വ്യക്തമാക്കി. പിഎംഎല്‍എ , യുഎപിഎ പോലുള്ള പ്രത്യേക നിയമങ്ങള്‍ പ്രകാരം ഉണ്ടാകുന്ന കേസുകള്‍ക്ക് മാത്രമല്ല, ഐപിസി/ബിഎന്‍എസ് പ്രകാരമുള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്കും അറസ്റ്റിന്റെ കാരണം രേഖാമൂലം നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
എന്തിന് അറസ്റ്റ് ചെയ്യപ്പെടുന്നു എന്നത് തിരിച്ചറിയേണ്ടത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 22(1) പ്രകാരം പൗരാവകാശമാണ്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കി. രേഖാമൂലമുള്ള കാരണങ്ങള്‍ ഉടനടി നല്‍കാന്‍ കഴിയാത്ത ചില അസാധാരണ സാഹചര്യങ്ങളില്‍, എന്തിനാണ് നടപടിയെന്ന് കുറ്റാരോപിതന് മനസിലാകുന്ന ഭാഷയില്‍ പറഞ്ഞ് മനസിലാക്കണം. അത്തരം കേസുകളില്‍ പോലും രേഖാമൂലമുള്ള വിശദീകരണം വൈകരുത്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും കാരണം പ്രതിക്ക് രേഖാമൂലം വിശദീകരിച്ച് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
ഒരാളെ അറസ്റ്റുചെയ്യാനുള്ള കാരണങ്ങള്‍ എത്രയും വേഗം അറിയിച്ചില്ലെങ്കില്‍, അത് അയാളുടെ മൗലികാവകാശങ്ങളുടെ ലംഘനത്തിന് തുല്യമാകും, അതുവഴി ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള പൗരന്റെ ജീവിക്കാനുള്ള അവകാശത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും മേലുള്ള ഇടപെടലായി മാറും. ഇത്തരം സാഹചര്യങ്ങളില്‍ അറസ്റ്റ് നിയമവിരുദ്ധമാക്കപ്പെടും. ഒരു വ്യക്തിയെ അറസ്റ്റിനുള്ള കാരണങ്ങള്‍ എത്രയും വേഗം അറിയിക്കേണ്ടത് ആര്‍ട്ടിക്കിള്‍ 22(1) പ്രകാരം സംസ്ഥാനത്തിന്റെ നിര്‍ബന്ധിതമായ കടമയാണെന്നും ബെഞ്ച് വിലയിരുത്തി. വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമാണ് അറസ്റ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനുള്ള അവകാശമെന്നും കോടതി വ്യക്തമാക്കി.
2024ല്‍ മുംബൈയില്‍ നടന്ന വോര്‍ളി ബിഎംഡബ്ല്യു അപകടവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നീരീക്ഷണം. അറസ്റ്റിന് രേഖാമൂലമുള്ള കാരണങ്ങള്‍ നല്‍കാത്തത് ആര്‍ട്ടിക്കിള്‍ 22(1)ന്റെ ലംഘനമാണെന്നും, ഇത്തരത്തിലുള്ള നടപടി അറസ്റ്റിനെ നിയമ വിരുദ്ധമാക്കുന്നു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിക്ക് മുന്നില്‍ അപ്പീലുകള്‍ എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates