'സമരം ചെയ്യണമെങ്കിൽ യുഎസിൽ പോകൂ, ഇവിടെ നടക്കില്ല'; നിരുപാധികം മാപ്പ് പറയാൻ നടൻ ഇമ്രാൻ ഖാനോട് ബോംബെ ഹൈക്കോടതി; രാജ്യം വിടാനുള്ള നോട്ടീസിൽ താൽക്കാലിക ആശ്വാസം

രാജ്യത്ത് ജീവിച്ചുകൊണ്ട് ഭരണകൂട സംവിധാനങ്ങൾക്കെതിരെ സമരം ചെയ്യാൻ ഒസിഐ കാർഡുകാർക്ക് അവകാശമില്ലെന്ന് കോടതി
Actor Imran Khan Bombay High Court
Actor Imran Khan Bombay High Court
Edited By:
Updated on: 
1 min read

മുംബൈ:മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് നിരുപാധികം മാപ്പ് പറയാൻ നിർദ്ദേശിച്ച് ബോംബെ ഹൈക്കോടതി. ഭാവിയിൽ ഇന്ത്യയിൽ ഇത്തരം ഒരു സമരങ്ങളിലും പങ്കാളിയാകില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം നൽകാനും കോടതി ആവശ്യപ്പെട്ടു. ഇന്ത്യ വിടാൻ ആവശ്യപ്പെട്ട് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് നൽകിയ ഇന്ത്യ വിടാനുള്ള നോട്ടീസിനെതിരെ നടൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

രാജ്യത്ത് നടപ്പാക്കുന്ന എസ്.ഐ.ആർ പ്രക്രിയയുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് നടന്ന സമരത്തിലാണ് അമേരിക്കൻ പൗരത്വമുള്ള ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഉടമയായ ഇമ്രാൻ ഖാൻ പങ്കെടുത്തത്. ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്ന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നടന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചു. ഇന്ത്യൻ പൗരത്വവും ഒസ.ഐ കാർഡ് ആനുകൂല്യങ്ങളും തമ്മിൽ വലിയ അന്തരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, രാജ്യത്ത് ജീവിച്ചുകൊണ്ട് ഭരണകൂട സംവിധാനങ്ങൾക്കെതിരെ സമരം ചെയ്യാൻ ഒസിഐ കാർഡുകാർക്ക് അവകാശമില്ലെന്ന് വ്യക്തമാക്കി. പ്രതിഷേധിക്കാൻ ആഗ്രഹമുണ്ടെങ്കിൽ യുഎസിൽ പോയി സമരം ചെയ്യാനും അവിടെ വോട്ട് ചെയ്യാനും കോടതി ഓർമ്മിപ്പിച്ചു. ഒരു ഇന്ത്യൻ പൗരൻ യുഎസിൽ പോയി രാഷ്ട്രീയ സമരത്തിൽ ഏർപ്പെട്ടാൽ അടുത്ത വിമാനത്തിൽ തന്നെ നാടുകടത്തുമെന്ന യാഥാർത്ഥ്യം നടൻ ഓർക്കണമെന്നും ബെഞ്ച് നിരീക്ഷിച്ചു.

എസ്ഐആർ പ്രക്രിയ ഒരു തരത്തിലും ബാധിക്കാത്ത വിദേശ പൗരനായ ഇമ്രാൻ ഖാന് ഈ വിഷയത്തിൽ എന്ത് കാര്യമാണുണ്ടായിരുന്നതെന്ന് കോടതി വാക്കാൽ ചോദിച്ചു. അബദ്ധവശാൽ സമരത്തിൽ പെട്ടുപോയതാണെങ്കിൽ നിരുപാധികം മാപ്പ് പറയാൻ തയ്യാറാകണം. അത്തരം നിരുപാധിക മാപ്പപേക്ഷ ഇല്ലാതെ നടന്റെ സത്യവാങ്മൂലം അംഗീകരിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. രാഷ്ട്രീയ റാലിയുമായി യാതൊരു ബന്ധവുമില്ലെന്ന് കൃത്യമായി രേഖപ്പെടുത്തണം. ഒക്ടോബർ 28-നകം രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു മുംബൈ എഫ്ആർആർഒ നടന് നോട്ടീസ് നൽകിയത്. ഇതിനെ ചോദ്യം ചെയ്താണ് ഇമ്രാൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഏറെക്കാലമായി നടൻ ഇന്ത്യയിൽ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നതും ഇവിടെ നിന്നാണ് തൊഴിലും അംഗീകാരവും നേടിയതെന്നതും കണക്കിലെടുത്ത് സർക്കാർ ഉദാരമായ സമീപനം സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. എഫ്ആർആർഒ നോട്ടീസിന് മറുപടി നൽകാൻ നടന് സമയം അനുവദിച്ച ഹൈക്കോടതി, അതുവരെ നടപടികൾ നിർത്തിവെച്ച മുൻ ഉത്തരവിന്റെ കാലാവധി നീട്ടി നൽകുകയും ചെയ്തു. കൃത്യമായ മറുപടിയും നിരുപാധിക മാപ്പപേക്ഷയും സമർപ്പിക്കുന്ന മുറയ്ക്കായിരിക്കും കേസിൽ തുടർനടപടികൾ സ്വീകരിക്കുക.

Summary

The Bombay High Court directed Bollywood actor Imran Khan to tender an unconditional apology and furnish a binding undertaking that he will refrain from participating in political protests in the country in the future

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER