

ബംഗളൂരു: മുഡ ഭൂമി ഇടപാട് കേസിന് ആധാരമായ വിവാദഭൂമി തിരിച്ചുനല്‍കാന്‍ തയ്യാറായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ. തന്റെ കുടുംബത്തിനെതിരെയുള്ള കേസുകളുടെ കേന്ദ്രമായ ഭൂമി തിരിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മുഡയ്ക്ക് (മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി) ബി എന്‍ പാര്‍വതി കത്ത് നല്‍കി. തന്റെ മനഃസാക്ഷിക്ക് അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. 'ഭൂമി തിരികെ നല്‍കുന്നതിനൊപ്പം, മുഡയുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളിലും സമഗ്രമായ അന്വേഷണം വേണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു,'- ബി എന്‍ പാര്‍വതി പറഞ്ഞു.
ഇന്നലെ സിദ്ധരാമയ്യക്ക് എതിരെ ഇഡി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മുഡ ഭൂമിയിടപാട് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമം ചുമത്തിയാണ് സിദ്ധരാമയ്യ അടക്കം നാല് പേര്‍ക്കെതിരെ ഇഡി പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തേ കര്‍ണാടക ലോകായുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ മുഡ ഭൂമിയിടപാട് കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിദ്ധരാമയ്യക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് വിവാദ ഭൂമി തിരികെ നല്‍കാന്‍ തയ്യാറാണെന്ന് ബി എന്‍ പാര്‍വതി അറിയിച്ചത്.കേസരെ വില്ലേജിലെ 3.16 ഏക്കര്‍ ഭൂമിക്ക് പകരമായി വിജയനഗര്‍ ഫേസ് 3, 4 എന്നിവയില്‍ തനിക്ക് അനുവദിച്ച 14 പ്ലോട്ടുകള്‍ തിരികെ നല്‍കാമെന്നാണ് പാര്‍വതി കത്തില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
'എനിക്ക് മൈസൂരു നഗരവികസന അതോറിറ്റി അനുവദിച്ച 14 പ്ലോട്ടുകളുടെ രേഖകള്‍ റദ്ദാക്കി തിരികെ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാനും പ്ലോട്ടുകളുടെ കൈവശാവകാശം മൈസൂര്‍ അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിക്ക് കൈമാറുന്നു. ദയവായി എത്രയും വേഗം ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക,'- കത്തില്‍ പറയുന്നു.
'ഈ ഘട്ടത്തില്‍ എന്തിനാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നതെന്ന് ചിലര്‍ ചോദിച്ചേക്കാം. ആരോപണം ഉയര്‍ന്ന ദിവസം തന്നെ ഞാന്‍ ഈ തീരുമാനമെടുത്തിരുന്നു. എന്നിരുന്നാലും, മുഡ പ്ലോട്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമായതിനാല്‍, ഈ അനീതിക്കെതിരെ പോരാടണമെന്നും അവരുടെ ചതിയില്‍ വീഴരുതെന്നും ചില അഭ്യുദയകാംക്ഷികള്‍ ഉപദേശിച്ചു. അതുകൊണ്ടാണ് പ്ലോട്ടുകള്‍ തിരികെ നല്‍കുന്നതില്‍ നിന്ന് ഞാന്‍ ആദ്യം പിന്മാറിയത്,'- അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
'എന്റെ ഭര്‍ത്താവ്, സിദ്ധരാമയ്യ 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിലുടനീളം ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ഒരുതരത്തിലുള്ള കളങ്കങ്ങളും അദ്ദേഹത്തിന് ഇല്ല.. എനിക്ക് വീടോ പ്ലോട്ടോ സമ്പത്തോ ഒന്നുമില്ല. എന്റെ ഭര്‍ത്താവിന്റെ ബഹുമാനം, അന്തസ്, മനഃസമാധാനം എന്നിവയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം, എനിക്കോ എന്റെ കുടുംബത്തിനോ വേണ്ടി ഞാന്‍ വ്യക്തിപരമായ നേട്ടങ്ങളൊന്നും തേടിയിട്ടില്ല. ഈ വിഷയത്തില്‍ എന്റെ ഭര്‍ത്താവിന്റെ അഭിപ്രായം എനിക്കറിയില്ല. എന്റെ മകനോ മറ്റ് കുടുംബാംഗങ്ങളോ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് ആശങ്കയുണ്ട്,'- പാര്‍വതി പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും നേതാക്കളോടും മാധ്യമപ്രവര്‍ത്തകരോടും ഞാന്‍ വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. രാഷ്ട്രീയ കുടുംബങ്ങളിലെ സ്ത്രീകളെ രാഷ്ട്രീയ തര്‍ക്കങ്ങളില്‍ ഉള്‍പ്പെടുത്തി അവരുടെ അന്തസ്സിനും ബഹുമാനത്തിനും കോട്ടം വരുത്തരുത്. '- പാര്‍വതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates