

ഗുവാഹത്തി: ഗോവയ്ക്ക് പിന്നാലെ മണിപ്പൂരിലും സ്ഥാനാർത്ഥികളെക്കൊണ്ട് പ്രതിജ്ഞ എടുപ്പിച്ച് കോൺഗ്രസ്! കൂറുമാറ്റം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് വിവിധ ആരാധനലായങ്ങളിൽ എത്തിച്ച് സ്ഥാനാർത്ഥികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിച്ചത്.
ഇംഫാലിലെ കംഗ്ല കോട്ടയിലെത്തിയ സ്ഥാനാർത്ഥികൾ തുടർന്ന് ക്ഷേത്രം, ക്രിസ്ത്യൻ പള്ളി, മുസ്ലീം പള്ളി എന്നിവിടങ്ങളിലെത്തി പ്രതിജ്ഞ എടുത്തു. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഒക്രം ഇബോബി സിങ്, പാർട്ടി സംസ്ഥാന ഘടകത്തിന്റെ ചുമതലയുള്ള ഭക്ത ചരൺ ദാസ് എന്നിവർ ചേർന്നാണ് പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകിയത്.
കോൺഗ്രസ് പാർട്ടിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശേഷം മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് കൂറുമാറില്ലെന്ന് സ്ഥാനാർത്ഥികൾ പ്രതിജ്ഞയെടുത്തു. പാർട്ടിയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുമെന്നും അവർ പ്രതിജ്ഞയെടുത്തു. 2017ലെ തെരഞ്ഞെടുപ്പിന് ശേഷം നിരവധി കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറിയിരുന്നു. ഇതേത്തുടർന്നാണ് ഇത്തരത്തിലൊരു നീക്കത്തിന് കോൺഗ്രസ് മുതിർന്നത്.
കോൺഗ്രസ് മതേതരത്വത്തിൽ വിശ്വസിക്കുന്നുവെന്നും അതിനാലാണ് വിവിധ സമുദായങ്ങളുടെ പ്രധാന ആരാധനാലയങ്ങളിലെത്തി പ്രതിജ്ഞയെടുക്കാൻ തീരുമാനിച്ചതെന്നും കംഗ്ല കോട്ടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ഇബോബി സിങ് പറഞ്ഞു. മണിപ്പൂരിലെ ജനങ്ങളുടെ ജനവിധിയെ എല്ലാ രാഷ്ട്രീയ പാർട്ടികളും ബഹുമാനിക്കണമെന്ന് ഭക്ത ചരൺ ദാസും പറഞ്ഞു. 2017ലെ തെരഞ്ഞെടുപ്പിൽ ചില എംഎൽഎമാർ കൂറുമാറി ജനവിധിയെ അവഗണിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates