

ന്യൂഡല്‍ഹി: ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും ഒഡിഷ മുഖ്യമന്ത്രിയായി ബിജെപി നേതാവ് മോഹന്‍ ചരണ്‍ മാജിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് 11. 27 ന് വിജയവാഡയിലെ ഗണവാരം വിമാനത്താവളത്തിന് സമീപമുള്ള കേസരപ്പള്ളി ഐടി പാര്‍ക്കില്‍ വച്ചാണ് ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഇത് നാലാം തവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്ര പ്രദേശിന്റെ മുഖ്യമന്ത്രിയാകുന്നത്.തെരഞ്ഞെടുപ്പില്‍ ടിഡിപി സഖ്യം വന്‍ വിജയമാണ് നേടിയത്. ആദ്യമായി 1995ലാണ് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയാകുന്നത്. തുടര്‍ച്ചയായി രണ്ടുതവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന അദ്ദേഹം 2004ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. സംസ്ഥാനം വിഭജിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ വീണ്ടും മുഖ്യമന്ത്രിയായി. 2019ല്‍ വൈഎസ് ജഗന്‍മോഹനോട് ദയനീയമായി പരാജയപ്പെട്ടു. ഇത്തവണ ബിജെപിയുമായി സഖ്യമുണ്ടാക്കി മത്സരിച്ച ടിഡിപിക്ക് സംസ്ഥാനത്ത് വന്‍ മുന്നേറ്റം ഉണ്ടാക്കാനായി. മൂന്നാം മോദി സര്‍ക്കാരിന്റെ ഭാഗമാകുകയും ചെയ്തു.
ഇന്ന് വൈകീട്ടാണ് മോഹന്‍ ചരണ്‍ മാജി ഒഡിഷ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മോഹന്‍ ചരണ്‍ മാജിക്കൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞചെയ്യും. കെവി സിങ് ദിയോ, പ്രവതി പരിദ എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍. ഭുവനേശ്വറില്‍ ഇന്നലെ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗമാണ്് മോഹന്‍ ചരണ്‍ മാജിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
കേന്ദ്ര നിരീക്ഷകരായ രാജ്‌നാഥ് സിങ്, ഭൂപേന്ദ്ര യാദവ് എന്നിവര്‍ മുതിര്‍ന്ന നേതാക്കളുമായും പുതിയ എംപിമാരും എംഎല്‍എമാരുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രഖ്യാപനം വന്നത്. 24 വര്‍ഷത്തെ നവീന്‍ പട്നായിക്കിന്റെ ഭരണം അവസാനിപ്പിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് ധര്‍മേന്ദ്ര പ്രധാന്റെയടക്കം നിരവധി പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചയ്ക്ക് 2.30-ന് ഭുവനേശ്വറിലെത്തും. തുടര്‍ന്ന് ഒഡിഷ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്ഭവനിലേക്ക് പോകും.നാലാം തവണയാണ് മോഹന്‍ ചരണ്‍ മാജി എംഎല്‍എയാകുന്നത്. ഒഡീഷയിലെ കെന്ദൂഝര്‍ മണ്ഡലത്തില്‍ നിന്ന് 11,577 വോട്ടുകള്‍ക്കായിരുന്നു വിജയം. ഗോത്രമേഖലയില്‍ വലിയ സ്വാധീനമുള്ളയാളാണ് 52-കാരനായ മാജി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates