ഹൈദരാബാദ്: മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതില്‍ അന്വേഷണത്തിന് ഹാജരാകാത്തതിനെത്തുടര്‍ന്ന് ചലച്ചിത്ര സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്‌ക്കെതിരെ ആന്ധ്രാപൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒളിവില്‍ പോയ രാം ഗോപാല്‍ വര്‍മക്കായി ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും പൊലീസ് തിരച്ചില്‍ നടത്തുകയാണ്.
മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെയും കുടുംബാംഗങ്ങളുടേയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് നവംബര്‍ 11ന് മദ്ദിപ്പാട് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി പൊലീസിന് മുന്നില്‍ ഹാജരാകാന്‍ രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും രാം ഗോപാല്‍ വര്‍മ ഹാജരായില്ല. വീട്ടിലും ഹൈദരാബാദിലെ ഫിലിം നഗറിലും പൊലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. ഫോണ്‍ സ്വിച്ച് ഓഫാണെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഒളിവില്‍ പോയ രാംഗോപാല്‍ വര്‍മ ഡിജിറ്റലായി ഹാജരാകാമെന്ന് അഭിഭാഷകന്‍ മുഖേന അറിയിച്ചിട്ടുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത പ്രകാരം നിയമത്തില്‍ ഇത്തരം വ്യവസ്ഥകളുണ്ടെന്നും രാംഗോപാല്‍ വര്‍മയുടെ അഭിഭാഷകന്‍ പറഞ്ഞു.
സിനിമാ ഷൂട്ടിങുമായി ബന്ധപ്പെട്ട തിരക്കുകള്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ രാംഗോപാല്‍ വര്‍മ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം 25 ാം തിയതി വരെയാണ് പൊലീസ് സമയം നീട്ടി നല്‍കിയത്. പറഞ്ഞ സമയത്ത് ഹാജരാകാത്തതിനാല്‍ നിയമപരമായി തന്നെ മുന്നോട്ടു പോകുമെന്ന് പൊലീസ് വ്യക്തമാക്കി. മഡിപ്പാട് സ്വദേശി രാമലിംഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വര്‍മക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. വര്‍മയുടെ പോസ്റ്റുകള്‍ മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രിയുടേയും സമൂഹത്തിലുള്ള നിലയെ തകര്‍ക്കുന്നുവെന്നും അവരുടെ വ്യക്തിത്വത്തെ വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് രാമലിംഗം കേസ് ഫയല്‍ ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates