

ഹൈദരാബാദ്: നാൽപത് കോവിഡ് രോഗികളിൽ ആൻറിബോഡി കോക്ടെയിൽ പരീക്ഷിച്ച് ഹൈദരാബാദിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎൻഡ്രോളജി. മോണോക്ലോണൽ കോക്ടെയിൽ മരുന്നിന്റെ ഒറ്റ ഡോസാണ് രോഗികൾക്ക് നൽകിയത്. മരുന്ന് നൽകി 24 മണിക്കൂറിനുള്ളിൽ രോഗികൾക്ക് പനി ഉൾപ്പടെയുള്ള രോഗലക്ഷണങ്ങൾ മാറിയെന്ന് ആശുപത്രി മേധാവി പറഞ്ഞു.
യു എസിൽ നടന്ന പഠനങ്ങളിൽ കോവിഡിന്റെ ബ്രിട്ടീഷ്, ബ്രസീൽ, ദക്ഷിണാഫ്രിക്കൻ വകഭേദങ്ങൾക്കെതിരെ ആൻറിബോഡി കോക്ടെയിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. അതേസമയം ഡെൽറ്റ വകഭേദത്തിനെതിരെ ഇതുവരെ ആരും പരീക്ഷണം നടത്തിയിട്ടില്ല. ജനിതകമാറ്റം സംഭവിച്ച വൈറസിനെതിരെ ചികിത്സ ഫലപ്രദമാണോയെന്നാണ് ഹൈദരാബാദിലെ ആശുപത്രിയൽ പരിശോധിച്ചത്.
40 രോഗികളെ ഒരാഴ്ചയോളം നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഇവർ പൂർണമായും രോഗമുക്തി നേടിയെന്നും തുടർന്നു നടത്തിയ ആർടിപിസിആർ പരിശോധനയിൽ വൈറസ് സാന്നിധ്യം ഇല്ലെന്ന് വ്യക്തമായെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചപ്പോൾ മോണോക്ലോണൽ കോക്ടെയിൽ ആണ് നൽകിയത്. ഇതോടെയാണ് ഈ മരുന്നിനെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ ആരംഭിച്ചത്. കാസിറിമ്പ്, ഇൻഡെവിമ്പ് തുടങ്ങിയ മരുന്നുകളുടെ കോക്ടെയിലാണിത്. രോഗം ബാധിച്ച് മൂന്ന് മുതൽ ഏഴ് ദിവസത്തിനുള്ളിലാവും ആന്റിബോഡി കോക്ടെയിൽ രോഗിക്ക് നൽകുക. ഏകദേശം 70,000 രൂപയാണ് ഇന്ത്യയിൽ ഈ കോക്ടെയിലിന് വിലവരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates