

കമ്പം: അരിക്കൊമ്പനെ നിരീക്ഷിച്ചു വരികയാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. അരിക്കൊമ്പൻ വനത്തിനുള്ളിൽ തന്നെ തുടരുകയാണ്.
ഇന്നലെ രാത്രിയിൽ സിഗ്നൽ ലഭിക്കുമ്പോൾ ഷൺമുഖ നദി ഡാമിൽ നിന്ന് നാല് കിലോമീറ്ററോളം അകലെ, പൂശാനംപെട്ടിക്കടുത്ത് ഉൾവനത്തിലാണ് കൊമ്പൻ നിലയുറപ്പിച്ചിരുന്നത്. ആരോഗ്യം വീണ്ടെടുത്തതോടെ ആനയുടെ സഞ്ചര ദൂരവും കൂടിയിട്ടുണ്ട്.
മുതുമലയിൽ നിന്നുള്ള പ്രത്യേക സംഘത്തിൻ്റെ സഹായത്തോടെയാണ് നിരീക്ഷണം. അരിക്കൊമ്പൻ വന മേഖല കടന്ന് ജനവാസ മേഖലയിലെത്തി ശല്യമുണ്ടാക്കിയാൽ മാത്രം മയക്കുവെടി വച്ചാൽ മതിയെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെ തീരുമാനം. മയക്കു വെടി വെച്ചിട്ട് ഒരു മാസം മാത്രമായതിനാൽ വീണ്ടും വെടി വെക്കുന്നത് ആനയുടെ ആരോഗ്യത്തെ ബാധിക്കുമോയെന്ന കാര്യവും തമിഴ്നാട് വനംവകുപ്പിനെ കുഴക്കുന്നുണ്ട്.
അതേസമയം ഇന്ന് തിരുവനന്തപുരത്ത് അരിക്കൊമ്പന് ഐക്യദാർഢ്യം എന്ന പേരിൽ മൃഗസ്നേഹികളും സംഘടനകളും ഒന്നിക്കുമെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ക്യാമ്പയിൻ നടക്കുന്നുണ്ട്. പീപ്പിൾ ഫോർ അനിമൽസ് തിരുവനന്തപുരം ചാപ്റ്ററിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം വഴുതക്കാടുള്ള വനം വകുപ്പ് ആസ്ഥാനത്തേക്ക് ധർണ സംഘടിപ്പിക്കുമെന്ന് അറിയിച്ചു. ഇതിനിടെ അരിക്കൊമ്പനെ കേരളത്തിലേക്ക് കൊണ്ട് വരണം സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ആനയെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ഹർജി പരിഗണിക്കവെ കോടതി ചോദിച്ചു. ഹര്‍ജിയുടെ സത്യസന്ധത സംശയിക്കുന്നതായും കോടതി അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഹർജിയെ എതിർത്തു. ആന ഒരു സംസ്ഥാനത്തിന്റെ ഭാഗമെന്ന് പറയാനാവില്ലെന്ന് കേരളം കോടതിയെ അറിയിച്ചു. അരിക്കൊമ്പന് സുരക്ഷയും ആവശ്യമായ ചികിത്സയും നല്‍കണം. തമിഴ്‌നാട് പിടികൂടിയാലും ആനയെ കേരളത്തിന് കൈമാറണം, കേരളത്തിലെ മറ്റൊരു ഉള്‍വനത്തിലേക്ക് അരിക്കൊമ്പനെ തുറന്നു വിടണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സാബു എം ജേക്കബ് ഹര്‍ജി നല്‍കിയത്. കേന്ദ്രസര്‍ക്കാരിനെയും തമിഴ്‌നാട് സര്‍ക്കാരിനെയും കേസില്‍ എതിര്‍കക്ഷികളാക്കിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates