കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ട ലോറി ഡ്രൈവര്‍ അര്‍ജുന്റെ സഹോദരി അഭിരാമി വിവാഹിതയായി. ചാത്തമംഗലം സ്വദേശി ആദര്‍ശ് ആണ് വരന്‍. ഞായറാഴ്ച രാവിലെ 10.30-നും 11.15-നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ കോഴിക്കോട് കണ്ണാടിക്കല്‍ ശ്രീ കുഞ്ഞിക്കുട്ടി സ്മാരക ഹാളിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസയര്‍പ്പിച്ചു.
2024 ജൂലൈ 16 ന് രാവിലെ 8.45 നാണ് ഷിരൂരില്‍ ദേശീയപാത 66ല്‍ കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടാകുന്നത്. ചരക്ക് ലോറിയുമായി പോകുകയായിരുന്ന അര്‍ജുന്‍ ഈ അപകടത്തില്‍പ്പെടുകയായിരുന്നു. 72 ദിവസം നീണ്ടുനിന്ന സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് ഷിരൂരില്‍ നടന്നത്. കരസേന, നാവികസേന, എന്‍ഡിആര്‍എഫ് തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങള്‍ക്കൊപ്പം ലോറി ഉടമ മനാഫ്, രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ ഉറക്കമില്ലാതെ പ്രയത്‌നിച്ചു.
സെപ്റ്റംബര്‍ 25 നാണ് ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ 12 മീറ്റര്‍ ആഴത്തില്‍ നിന്ന് അര്‍ജുന്റെ ലോറി കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളില്‍ അര്‍ജുന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. അര്‍ജുന്റെ മടങ്ങി വരവിനായി കണ്ണാടിക്കലിലെ വീട്ടില്‍ കാത്തിരുന്ന കുടുംബത്തിനൊപ്പം കേരളമൊന്നടങ്കം പ്രാര്‍ത്ഥനയിലായിരുന്നു. ആ കാത്തിരിപ്പിന് അറുതിയായത് കണ്ണീരോടെയായിരുന്നുവെങ്കിലും, സഹോദരിയുടെ വിവാഹത്തിലൂടെ കുടുംബം വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates