

ന്യൂഡല്‍ഹി : കര്‍ഷകരുടെ മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹി അതിര്‍ത്തിയില്‍ സംഘര്‍ഷം. മാര്‍ച്ച് തടഞ്ഞ പൊലീസിന്‍രെ നടപടിയില്‍ പ്രതിഷേധിച്ച് സമരക്കാര്‍ പൊലീസിന് നേര്‍ക്ക് കല്ലെറിഞ്ഞു. വഴി ബ്ലോക്ക് ചെയ്ത ബാരിക്കേഡുകള്‍ പ്രതിഷേധക്കാര്‍ പുഴയിലെറിഞ്ഞു.
സംഘര്‍ഷം ശക്തമായതോടെ പൊലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഇതേത്തുടര്‍ന്ന് പിന്തിരിഞ്ഞ കര്‍ഷകര്‍ കൂടുതല്‍ ശക്തമായി പ്രതിഷേധിച്ചു. പഞ്ചാബ് - ഹരിയാന അതിര്‍ത്തിയിലെ അംബാലയിലെ ശംഭു ബോര്‍ഡറിലെ പാലത്തില്‍ വെച്ചാണ് സമരക്കാരെ പൊലീസ് തടഞ്ഞത്.
പാലം കടത്തിവിടാന്‍ പൊലീസ് തയ്യാറാകാതിരുന്നതാണ് സമരക്കാരെ പ്രകോപിപ്പിച്ചത്. ഡല്‍ഹിയിലെ അഞ്ച് അതിര്‍ത്തികളും ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ അടച്ചിരിക്കുകയാണ്. അതിര്‍ത്തികളില്‍ നിരീക്ഷണത്തിനായി ഡ്രോണിനെയും വിന്യസിച്ചിട്ടുണ്ട്.
പൊലീസിന് പുറമെ സിആര്‍പിഎഫ് ജവാന്മാരെയും വിന്യസിച്ചിട്ടുണ്ട്. മാര്‍ച്ച് തടയുക ലക്ഷ്യമിട്ട് നിരവധി പ്രദേശങ്ങളില്‍ നിരോധനാജ്ഞയും ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് കണക്കിലെടുത്ത് നഗരത്തില്‍ റാലി നടത്തുന്നതിന് ഡല്‍ഹി സര്‍ക്കാരും അനുമതി നിഷേധിച്ചിട്ടുണ്ട്.
അതേസമയം കര്‍ഷകര്‍ക്ക് നേര്‍ക്ക് പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചതിനെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വിമര്‍ശിച്ചു. സമരക്കാര്‍ സമാധാനപരമായി പ്രതിഷേധിക്കുമ്പോഴാണ് പൊലീസിന്റെ നടപടി. ഇത് ന്യായീകരിക്കാവുന്നതല്ല. സമാധാനപരമായി സമരം ചെയ്യാന്‍ ഭരണഘടനാപരമായി അവകാശമുണ്ടെന്നും കെജരിവാള്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ച് നടത്തുന്നത്. ഇന്നും നാളെയുമായി നടക്കുന്ന മാര്‍ച്ചില്‍ പഞ്ചാബിനും ഹരിയാനയ്ക്കും പുറമെ, യുപി, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകരും അണിചേരുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates