

മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസില്‍ വന്‍ ട്വിസ്റ്റ്. കേസുമായി ബന്ധപ്പെട്ട് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ, കേസിലെ സാക്ഷിയായ കെപി ഗോസാവി തുടങ്ങിയവര്‍ ഗൂഢാലോചന നടത്തിയെന്നും കോടികള്‍ കൈക്കൂലി വാങ്ങിയതായി വെളിപ്പെടുത്തല്‍. ഇവര്‍ക്കിടയില്‍ നടന്ന 18 കോടി രൂപയുടെ ഇടപാട് സംബന്ധിച്ച് തനിക്കറിയാമെന്നും സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയില്‍ പറഞ്ഞു.
ഞായറാഴ്ച ഫയല്‍ചെയ്ത സത്യവാങ്മൂലത്തിലാണ് എന്‍സിബിക്കെതിരായ പ്രഭാകറിന്റെ വെളിപ്പെടുത്തലുകള്‍. കേസില്‍ സാക്ഷിപ്പട്ടികയിലുള്ള കെപി. ഗോസാവിയുടെ ബോഡിഗാര്‍ഡാണ് പ്രഭാകര്‍. നേരത്തെ ആഡംബര കപ്പലിലെ ഗോസാവിയുടെ സാന്നിധ്യം വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ലഹരിമരുന്ന് കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയില്‍ ഗുരുതര വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
18 കോടി രൂപയുടെ ഇടപാട്
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കെ.പി. ഗോസാവിയും സാം ഡിസൂസ എന്നയാളും തമ്മില്‍ 18 കോടി രൂപയുടെ ഇടപാട് നടത്തുന്നതിനെ സംബന്ധിച്ച് താന്‍ കേട്ടിരുന്നു. ഇതില്‍ എട്ട് കോടി രൂപ സമീര്‍ വാംഖഡെയ്ക്ക് നല്‍കണമെന്നാണ് പറഞ്ഞിരുന്നത്. ഗോസാവിയില്‍നിന്ന് പണം വാങ്ങി താന്‍ സാം ഡിസൂസ എന്നയാള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും പ്രഭാകറിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. ജീവനില്‍ ഭയമുള്ളതിനാലാണ് ഇത്തരമൊരു സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗോസാവിയെ കാണാതായതിന് പിന്നാലെ സമീര്‍ വാംഖഡെയില്‍നിന്ന് തന്റെ ജീവനും ഭീഷണിയുണ്ടെന്നാണ് പ്രഭാകറിന്റെ വാദം. മാത്രമല്ല, ആഡംബര കപ്പലില്‍ റെയ്ഡ് നടന്ന ദിവസം നാടകീയ രംഗങ്ങള്‍ക്കാണ് താന്‍ സാക്ഷ്യംവഹിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഗോസാവിക്കൊപ്പമാണ് റെയ്ഡ് നടന്ന ദിവസം താന്‍ കപ്പലില്‍ പോയത്. റെയ്ഡ് നടന്നതിന് പിന്നാലെ ചില വെള്ളക്കടലാസുകളില്‍ തന്നോട് ഒപ്പിടാന്‍ പറഞ്ഞു. എന്നാല്‍ ലഹരിമരുന്ന് പിടിച്ചെടുത്തതോ മറ്റോ താന്‍ അറിഞ്ഞിരുന്നില്ലെന്നും പ്രഭാകര്‍ വെളിപ്പെടുത്തി. റെയ്ഡിനിടെ കപ്പലില്‍നിന്നുള്ള ചില ദൃശ്യങ്ങള്‍ താന്‍ പകര്‍ത്തിയിരുന്നു. ഇതിലൊന്നില്‍ ഗോസാവി ആര്യനെ ഫോണ്‍ ചെയ്യാന്‍ അനുവദിക്കുന്ന ദൃശ്യങ്ങളുണ്ടെന്നും പ്രഭാകര്‍ പറഞ്ഞു.
അതേസമയം, എന്‍സിബി സോണല്‍ ഡയറക്ടറായ സമീര്‍ വാംഖഡെ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. കേസില്‍ തെറ്റായ ഒന്നും നടന്നിട്ടില്ലെന്നും ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രഭാകറിന്റെ വെളിപ്പെടുത്തലുകളും ആരോപണങ്ങളും എന്‍.സി.ബി.യിലെ മറ്റ് ഉദ്യോഗസ്ഥരും തള്ളിക്കളഞ്ഞു. കേസ് ഒതുക്കിതീര്‍ക്കാന്‍ പണം കൈമാറിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് പ്രതികള്‍ ജയിലില്‍ കിടക്കുന്നതെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രഭാകര്‍ ഉന്നയിച്ചിട്ടുള്ളതെന്നും എന്‍.സി.ബി. വൃത്തങ്ങള്‍ പ്രതികരിച്ചു.
ഇത് അന്വേഷണ ഏജന്‍സിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ്. പ്രഭാകറിനെ കപ്പലില്‍വെച്ചാണ് ആദ്യമായി കാണുന്നതെന്നും ഇയാള്‍ ആരാണെന്ന് അറിയില്ലെന്നും എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രഭാകറിന്റെ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കാമെന്നും അങ്ങനെയാണെങ്കില്‍ അന്വേഷണ ഏജന്‍സിയുടെ പ്രതികരണം കോടതിയെ അറിയിക്കാമെന്നും എന്‍.സി.ബി. വൃത്തങ്ങള്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates