

ഹൈദരാബാദ്: ആശാവര്‍ക്കര്‍മാര്‍ക്ക് ഗ്രാറ്റുവിറ്റിയും പ്രസവാവധിയും പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഒന്നരലക്ഷം രൂപ ഗ്രാറ്റുവിറ്റി നല്‍കും. ആശാവര്‍ക്കര്‍മാരുടെ പെന്‍ഷന്‍ പ്രായം രണ്ടു വര്‍ഷം വര്‍ധിപ്പിച്ച് 60 ല്‍ നിന്ന് 62 ആക്കി ഉയര്‍ത്താനും ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ തീരുമാനിച്ചു.
ആന്ധ്രപ്രദേശില്‍ എന്‍ഡിഎയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. നിലവില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് 10000 രൂപയാണ് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പ്രതിമാസം നല്‍കുന്നത്. ഇതിനു പുറമേ 180 ദിവസത്തെ പ്രസവാവധിയും അനുവദിച്ചിട്ടുണ്ട്. ആദ്യത്തെ രണ്ടു പ്രസവങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
സംസ്ഥാനത്തെ 42,752 ആശാ വര്‍ക്കര്‍മാര്‍ക്കാണ് പുതിയ ആനുകൂല്യങ്ങള്‍ ലഭ്യമാകുക. രാജ്യത്ത് ആശാവര്‍ക്കര്‍മാര്‍ക്ക് ഗ്രാറ്റിവിറ്റി ആനുകൂല്യങ്ങള്‍ നല്‍കുന്ന ആദ്യ സംസ്ഥാനമാണ് ആന്ധ്രയെന്നും, മറ്റൊരു സംസ്ഥാനമോ/കേന്ദ്രഭരണ പ്രദേശമോ ആശാ വര്‍ക്കര്‍മാര്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കുന്നില്ലെന്നും ആന്ധ്ര ആരോഗ്യമന്ത്രി സത്യകുമാര്‍ യാദവ് പറഞ്ഞു.
2028 ല്‍ ടിഡിപി സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാര്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ വിതരണം ചെയ്തിരുന്നു. ചന്ദ്രണ്ണ ഭീമ യോജന, എന്‍ടിആര്‍ വൈദ്യ സേവ തുടങ്ങിയ ആനുകൂല്യങ്ങളും ആശാവര്‍ക്കര്‍മാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ വിരമിക്കുന്നവര്‍ക്ക് 60 വയസ്സുമുതല്‍ വാര്‍ധക്യകാല പെന്‍ഷന് അര്‍ഹത നല്‍കുകയും ചെയ്തിരുന്നു. ആശ വര്‍ക്കര്‍മാരുടെ ദീര്‍ഘകാലമായ ആവശ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് നന്ദി അറിയിക്കുന്നതായി മന്ത്രി സത്യകുമാര്‍ യാദവ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates