ന്യൂഡല്‍ഹി: അസമും മേഘാലയയും തമ്മിലുള്ള അരനൂറ്റാണ്ടു നീണ്ട അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ വെച്ചു നടന്ന ചര്‍ച്ചയിലാണ് തര്‍ക്കത്തിന് പരിഹാരമായത്. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശര്‍മ്മയും മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയും അതിര്‍ത്തി കരാറില്‍ ഒപ്പുവെച്ചു.
അസം, മേഘാലയ ചീഫ് സെക്രട്ടറിമാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നടന്ന ചര്‍ച്ചയില്‍ മേഘാലയ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് 11 പേരും അസമിനെ പ്രതിനിധീകരിച്ച് ഒമ്പതുപേരും പങ്കെടുത്തു. പതിറ്റാണ്ടുകള്‍ നീണ്ട തര്‍ക്കം പരിഹരിക്കാനായത് രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയെ സംബന്ധിച്ചിടത്തോളം ചരിത്രദിനമാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു.
തര്‍ക്കമുണ്ടായിരുന്ന 12 പോയിന്റുകളില്‍ ആറെണ്ണവും പരിഹരിച്ചു. ഇത് അതിര്‍ത്തിയിലെ 70 ശതമാനം വരും. ശേഷിക്കുന്ന ആറുപോയിന്റുകള്‍ ഉടന്‍ പരിഹരിക്കുമെന്നും കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. അടുത്ത് ആറ്-ഏഴു മാസത്തിനുള്ളില്‍ അവശേഷിക്കുന്ന പ്രശ്‌നവും പരിഹരിക്കാനാവുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശര്‍മ്മ പറഞ്ഞു.
അസമും മേഘാലയയും തമ്മില്‍ 885 കിലോമീറ്ററാണ് അതിര്‍ത്തി പങ്കിടുന്നത്. അരുണാചല്‍ പ്രദേശുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനും കേന്ദ്രമന്ത്രി അമിത് ഷാ നിര്‍ദേശിച്ചിട്ടുണ്ട്. 122 പോയിന്റുകളിലാണ് തര്‍ക്കമുള്ളത്. പ്രശ്‌നപരിഹാരത്തിനായി അരുണാചല്‍ മുഖ്യമന്ത്രിയെ ഉടന്‍ കാണുമെന്നും ഹിമന്ദ ബിശ്വശര്‍മ്മ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates