

ഗോപേശ്വർ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ നിതി താഴ്വരയിൽ ഉണ്ടായ ഹിമപാതത്തിൽ 291 പേരെ രക്ഷപ്പെടുത്തി. ഇന്ത്യ- ചൈന അതിർത്തിക്കടുത്താണ് ഹിമപാതമുണ്ടായത്.
ഹിമപാതത്തെക്കുറിച്ച് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) അധികൃതരാണ് ആദ്യം അറിയിച്ചത്. മേഖലയിൽ റോഡുപണി നടക്കുന്നുണ്ടായിരുന്നതിനാൽ ആളപായമുണ്ടാവാൻ സാധ്യതയുണ്ടെന്ന് ബിആർഒ വ്യക്തമാക്കുകയും ചെയ്തു. ജോഷിമഠ് സെക്ടറിലെ സുംന മേഖലയിൽ കനത്ത മഞ്ഞ് വീഴ്ച്ചക്കിടെയാണ് സംഭവമെന്ന് ഇന്ത്യൻ സേനയുടെ സെൻട്രൽ കമാൻഡ് അറിയിച്ചു.
കനത്ത മഞ്ഞുവീഴ്ച കാരണം പ്രദേശത്തേക്ക് ബന്ധപ്പെടാൻ ആദ്യം സാധിച്ചിരുന്നില്ല. ആഭ്യന്തര മന്ത്രി അമിത് ഷാ സഹായം ഉറപ്പു നൽകിയതായും ജാഗ്രത പാലിക്കാൻ നിർദേശിച്ചതായും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത് പ്രതികരിച്ചു.
പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. ഋഷി ഗംഗാ നദിയിലെ ജലനിരപ്പ് രണ്ടടി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ സേന വൃത്തങ്ങൾ പറഞ്ഞു. പ്രദേശത്ത് ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ ചമോലിയിൽ ഉണ്ടായ മഞ്ഞിടിച്ചിൽ ദുരന്തത്തിൽ എൺപതോളം പേർ കൊല്ലപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates