ജാമ്യം നേടി ജയിലില്‍ നിന്ന് പുറത്തേക്ക്; പിന്നാലെ അസം ഖാനെ കസ്റ്റഡിയിലെടുത്ത് ഇഡി

416.14 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത ഇടപാടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇഡി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു
Azam Khan waves following his release from Rampur jail, in Rampur on Saturday
Azam Khan waves following his release from Rampur jail, in Rampur on SaturdayPhoto | ANI
Updated on: 
2 min read

ലഖ്നൗ: വ്യാജ പാന്‍കാര്‍ഡ് കേസില്‍ 11 മാസത്തിലേറെ നീണ്ട തടവിന് ശേഷം ജാമ്യം ലഭിച്ച് റാംപൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മുതിര്‍ന്ന സമാജ്വാദി പാര്‍ട്ടി (എസ്പി) നേതാവ് അസം ഖാനെ, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച മകന്‍ അബ്ദുല്ല അസമിനൊപ്പം ജയില്‍ മോചിതനായി നിമിഷങ്ങള്‍ക്കകമാണ് അസം ഖാനെ കേന്ദ്ര ഏജന്‍സി നാടകീയമായി കസ്റ്റഡിയിലെടുത്തത്.

ജയില്‍ കവാടത്തിന് പുറത്ത് വെച്ച് ഇഡി ഉദ്യോഗസ്ഥരും അസം ഖാനും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന്, പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ക്കിടയിലൂടെ ഇഡി സംഘം അദ്ദേഹത്തെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയി. ഒപ്പമുണ്ടായിരുന്ന മകന്‍ അബ്ദുല്ല അസം വീട്ടിലേക്ക് മടങ്ങി. അസം ഖാന്‍ പുറത്തിറങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് തന്നെ കനത്ത സുരക്ഷാ സന്നാഹങ്ങളോടെ ഇഡി സംഘം ജയില്‍ വളപ്പില്‍ പ്രവേശിച്ചിരുന്നു. ക്രമസമാധാന പാലനത്തിനായി സിആര്‍പിഎഫ് ജവാന്മാരെയും ജയിലിന് പുറത്ത് വിന്യസിച്ചിരുന്നു. പാന്‍കാര്‍ഡ് തട്ടിപ്പ് കേസില്‍ അസം ഖാനും മകനും വിചാരണക്കോടതി വിധിച്ച 10 വര്‍ഷത്തെ തടവുശിക്ഷ ഒക്ടോബര്‍ 29ന് അലഹബാദ് ഹൈക്കോടതി റദ്ദാക്കുകയും ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

റാംപൂരിലെ മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് 416.14 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത ഇടപാടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്, ഒക്ടോബര്‍ 14ന് അസം ഖാന്‍, മൗലാന മുഹമ്മദ് അലി ജൗഹര്‍ ട്രസ്റ്റ് എന്നിവര്‍ക്കെതിരെ ഇഡി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ജയിലില്‍ വെച്ച് അസം ഖാനെ ചോദ്യം ചെയ്ത ശേഷമായിരുന്നു നടപടി. ഭാരതീയ ന്യായ സംഹിതയിലെയും അഴിമതി നിരോധന നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം റാംപൂരിലെ അസീംനഗര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അസം ഖാന്‍, മൗലാന മുഹമ്മദ് അലി ജൗഹര്‍ ട്രസ്റ്റ്, എസ്എസ് ആന്‍ഡ് എസ് എന്റര്‍പ്രൈസസ്, എസ്എസ് ചിക് അസോസിയേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുള്‍പ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്.

സര്‍വകലാശാല നിര്‍മാണത്തിനായി കാണിച്ച ചെലവും കെട്ടിടങ്ങളുടെ യഥാര്‍ഥ മൂല്യവും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2023 നവംബര്‍ 10ലെ ആദായനികുതി വകുപ്പിന്റെ മൂല്യനിര്‍ണയ റിപ്പോര്‍ട്ട് പ്രകാരം ക്യാമ്പസിലെ കെട്ടിടങ്ങളുടെ നിര്‍മാണച്ചെലവ് 494.46 കോടി രൂപയാണ്. എന്നാല്‍, 2013-14 മുതല്‍ 2024-25 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ട്രസ്റ്റ് ഫയല്‍ ചെയ്ത ആദായനികുതി റിട്ടേണുകളില്‍ 78.32 കോടി രൂപ മാത്രമാണ് മൂലധനച്ചെലവായി കാണിച്ചിട്ടുള്ളത്. ബാക്കി 416.14 കോടി രൂപയുടെ സ്രോതസ്സ് വെളിപ്പെടുത്താന്‍ ട്രസ്റ്റിന് കഴിഞ്ഞിട്ടില്ലെന്നാണ് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അസം ഖാന്റെ ജയില്‍മോചനം രാഷ്ട്രീയമായി വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കണ്ടത്. ഒക്ടോബര്‍ 22ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് റാംപൂര്‍ ജയിലിലെത്തി അസം ഖാനെ കണ്ടിരുന്നു. 2020 ഫെബ്രുവരി 26നാണ് അസം ഖാന്‍ ആദ്യമായി ജയിലിലാകുന്നത്. തുടര്‍ന്ന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് 2022 മെയ് 20ന് പുറത്തിറങ്ങി. രണ്ടാമതും 2023 ഒക്ടോബര്‍ 18ന് ജയിലിലായ അദ്ദേഹം 2025 സെപ്റ്റംബര്‍ 23നാണ് മോചിതനായത്. പിന്നീട് 2025 നവംബര്‍ 17ന് വീണ്ടും ജയിലിലാവുകയും ശനിയാഴ്ച ജാമ്യത്തിലിറങ്ങിയ ഉടന്‍ തന്നെ ഇഡി കസ്റ്റഡിയിലാവുകയുമായിരുന്നു.

Azam Khan waves following his release from Rampur jail, in Rampur on Saturday
പിണറായിയുടെ ഭാവി ജീവിതം ജയിലില്‍; പ്രതിപക്ഷനേതൃസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജനകീയപ്രക്ഷോഭം: ഷോണ്‍ ജോര്‍ജ്ജ്
Azam Khan waves following his release from Rampur jail, in Rampur on Saturday
മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന്‍ സര്‍ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്‍ക്കണം'
Azam Khan waves following his release from Rampur jail, in Rampur on Saturday
അഭിഭാഷകനിൽ നിന്ന് ഗ്രാനൈറ്റ് രാജാവിലേക്ക്; ആർ. വീരമണിയുടെ ഇരുണ്ട സാമ്രാജ്യവും തമിഴ്നാടിനെ ഇളക്കി മറിക്കുന്ന രാഷ്ട്രീയ കൊടുങ്കാറ്റും
Summary

SP Leader Azam Khan Taken Into ED Custody Moments After Walking Out of Rampur Jail

X

FOLLOW US

ON GOOGLE DISCOVER