

ന്യൂഡല്‍ഹി: ഭീകര ഭീഷണി മുന്നില്‍ കണ്ട് രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) നിര്‍ദേശം. സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള കാലയളവില്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്ന് ഭീഷണി സന്ദേശങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്താണ് നീക്കം.
'2025 സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 02 വരെയുള്ള കാലയളവില്‍ സാമൂഹിക വിരുദ്ധരില്‍ നിന്നോ തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നോ വിമാനത്താവളങ്ങളില്‍ ഭീഷണിയുണ്ടാകാന്‍ സാധ്യതയുള്ളതായി കേന്ദ്ര സുരക്ഷാ ഏജന്‍സിയില്‍ നിന്ന് അടുത്തിടെ ലഭിച്ച വിവരങ്ങള്‍ കണക്കിലെടുത്ത്, വിമാനത്താവളങ്ങള്‍, എയര്‍സ്ട്രിപ്പുകള്‍, എയര്‍ഫീല്‍ഡുകള്‍, വ്യോമസേന സ്റ്റേഷനുകള്‍, ഹെലിപാഡുകള്‍ തുടങ്ങിയ എല്ലാ സിവില്‍ ഏവിയേഷന്‍ ഇന്‍സ്റ്റാളേഷനുകളിലും സുരക്ഷാ വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,' ബിസിഎഎസ് പ്രസ്താവനയില്‍ പറഞ്ഞു.
പാകിസ്ഥാന്‍ ഭീകര ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരത്തിന്റെ അടിസ്ഥാനമാക്കിയാണ് ബിസിഎഎസ് ഉപദേശം എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ഓഗസ്റ്റ് 4-ന് നല്‍കിയ നിര്‍ദേശത്തില്‍ ലോക്കല്‍ പൊലീസ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഇന്റലിജന്‍സ് ബ്യൂറോ (ഐബി), മറ്റ് പ്രസക്തമായ ഏജന്‍സികള്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കാനും ബിസിഎഎസ് നിര്‍ദേശിച്ചിട്ടുണ്ട്.
വിമാനത്തവളങ്ങളില്‍ ജീവനക്കാര്‍ക്കും, കോണ്‍ട്രാക്ടര്‍മാര്‍ക്കും, സന്ദര്‍ശകരുടെയും ഐഡി പരിശോധിക്കണമെന്നും സിസിടിവി സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും സുരക്ഷാ ഏജന്‍സി നിര്‍ദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates