

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' നവംബര്‍ പത്തിന് പുറത്തിറങ്ങും. ആല്‍ഫ്രഡ് എ നോഫ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍. ഇറ്റലിയിലെ കുട്ടിക്കാലം മുതല്‍ നെഹ്റു-ഗാന്ധി കുടുംബത്തിലേക്കുള്ള വിവാഹം, രാഷ്ട്രീയ പ്രവേശനം, പ്രധാനമന്ത്രിപദം നിരസിക്കാനുള്ള തീരുമാനംവരെ എല്ലാം വിശദമായി പുസ്തകത്തിലുണ്ട്.
ജീവിതകഥ എഴുതുന്നത് അത്ര എളുപ്പമായിരുന്നില്ലെന്നും സ്‌നേഹത്തിന്റെ നൂലിഴകളാല്‍ കോര്‍ത്തിണക്കപ്പെട്ട ജീവിതത്തെ ഈ പുസ്തകത്തിലൂടെ നിര്‍വചിക്കാനായിരുന്നു തന്റെ ശ്രമമെന്നും സോണിയ പറയുന്നു. നെഹ്രു കുടുംബത്തെ കുറിച്ച് ഇതിനകം നിരവധി പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും പലപ്പോഴും ശരിയായ രീതിയില്‍ വിലയിരുത്തപ്പെട്ടിട്ടില്ലെന്നും സോണിയ പറയുന്നു.
1965ല്‍ കേംബ്രിജില്‍ വെച്ച് 19-ാം വയസ്സില്‍ രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയത് മുതലുള്ള പ്രണയവും പുസ്തകത്തില്‍ പറയുന്നു, രാജീവ് ഗാന്ധിയുടെ പൈലറ്റ് കാലവും 1980ല്‍ സഞ്ജയ് ഗാന്ധിയുടെ മരണം കുടുംബത്തില്‍ സൃഷ്ടിച്ച ആഘാതവും 1984-ല്‍ ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചതും തുടര്‍ന്ന് രാജീവ് ഗാന്ധി രാഷ്രട്രീയത്തിലെത്തിയതുമെല്ലാം പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നു.
ഇന്ത്യയിലെത്തിയശേഷം സാരി ശീലമാക്കിയതും ഹിന്ദി ഭാഷ പഠിച്ചതും ഇന്ത്യന്‍ ഭക്ഷണരീതികള്‍ സ്വായത്തമാക്കിയതുമെല്ലാം സോണിയ പങ്കുവെക്കുന്നു. രാജീവ് ഗാന്ധിയുടെ കൊലപാതകത്തോടെ തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളും അവര്‍ തുറന്നു പറയുന്നു. ഹൃദയവേദനയും വലിയ നഷ്ടങ്ങളുമാണ് തന്നെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചതെന്നും, അതുവരെ തന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും സോണിയ പറയുന്നു. 2004-ല്‍ പ്രധാനമന്ത്രി പദം നിരസിക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങളും അവര്‍ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates