

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയും ഏഴ് വയസ്സുകാരനായ കുട്ടിയുമടക്കം കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തി കാർ ഡ്രൈവർ. ശ്രീരാംപുരത്തിന് സമീപമുള്ള ഭാഷ്യം സർക്കിളിനടുത്തുള്ള വീട്ടിൽ വെച്ച് രണ്ട് ദിവസങ്ങളിലായിട്ടാണ് പ്രതി കൊലപാതകങ്ങൾ നടത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ ഡ്രൈവറായ ശേഖറിനെ രാജാജിനഗർ പൊലീസ് അറസ്റ്റ് ചെയ്തു.
ഏകദേശം 20 വർഷം മുൻപ് വിവാഹിതരായ ശേഖറും ഭാര്യ സുനിതയും തമ്മിൽ കുടുംബവീട്ടിലേക്കുള്ള സുനിതയുടെ യാത്രകളെച്ചൊല്ലി നിരന്തരം വഴക്കുകൾ പതിവായിരുന്നു. ബന്ധുക്കൾ പലതവണ അനുരഞ്ജന ശ്രമങ്ങൾ നടത്തിയെങ്കിലും പ്രശ്നങ്ങൾ അവസാനിച്ചില്ല. സുനിതയ്ക്ക് മാതാവിനും സഹോദരന്മാരിൽ നിന്നും ലഭിക്കുന്ന പിന്തുണയിൽ പ്രകോപിതനായാണ് ശേഖർ കുടുംബത്തെ മുഴുവൻ ഇല്ലായ്മ ചെയ്യാൻ തീരുമാനിച്ചത്.
ആദ്യം സുനിതയെ ആട്ടുകല്ല് ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം തുണിയിൽ പൊതിഞ്ഞ് നന്ദി ഹിൽസിന് സമീപം മൃതദേഹം തള്ളുകയായിരുന്നു. തുടർന്ന് സുനിതയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത്, അവർ യാത്ര പോയിരിക്കുകയാണെന്ന് നാട്ടുകാരെ അറിയിച്ചു. അടുത്ത ദിവസം സുനിതയുടെ സഹോദരന്മാരായ ശിവകുമാർ, ശങ്കർ എന്നിവരെ വീട്ടിലേക്ക് വിരുന്നിനായി വിളിച്ചുവരുത്തി ഇതേ രീതിയിൽ കൊലപ്പെടുത്തി. തുടർന്ന് അവരുടെ ഭാര്യമാരായ ദിവ്യ, നളിനി, മാതാവ് രൂപവതി, ശിവകുമാറിന്റെ ഏഴ് വയസ്സുള്ള മകൻ പുനീത് എന്നിവരെയും ശേഖർ കൊലപ്പെടുത്തുകയായിരുന്നു.
നളിനിയുടെ മാതാവ് ശ്രീരാംപുരം പൊലീസിൽ നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. കൊലപാതകങ്ങൾക്ക് ശേഷം വീടിനുള്ളിലെ രക്തക്കറ നീക്കം ചെയ്യാൻ പ്രതി രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. മൃതദേഹങ്ങൾ കടത്താൻ ഉപയോഗിച്ച കാറും കൊലപ്പെടുത്താൻ ഉപയോഗിച്ച ആട്ടുകല്ലും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. നന്ദി ഹിൽസിന് സമീപത്തുനിന്നും പുനീതിന്റെ മൃതദേഹം കണ്ടെടുത്തു. മറ്റ് മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates