
ആയിരത്തിന് മുകളില്‍ വിധിന്യായങ്ങള്‍ പുറപ്പെടുവിച്ച 2024 സുപ്രീംകോടതിയേയും ഇന്ത്യന്‍ ജുഡീഷ്യറിയേയും സംബന്ധിച്ച് നിര്‍ണായകമായിരുന്നു. പലതും രാജ്യത്തെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വിഷയങ്ങളായിരുന്നു. ഇടതടവില്ലാതെ വിധിന്യായങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുകയും സുപ്രധാന വിധികള്‍ പറയുകയും ചെയ്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പടിയിറക്കത്തിനും പോയ വര്‍ഷം സാക്ഷിയായി. ചില സുപ്രധാന വിധികള്‍ ഏതെന്ന് നോക്കാം...
പോയ വര്‍ഷം ഫെബ്രുവരി 15നാണ് സുപ്രധാനമായ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ നല്‍കുന്ന ഇലക്ടറല്‍ ബോണ്ട് സ്‌കീം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് റദ്ദാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവന വിവരം അറിയാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമുണ്ടെന്നും രഹസ്യമാക്കി വെക്കാനാകില്ലെന്നുമുള്ള സുപ്രധാന വിധിയാണ് സുപ്രീംകോടതി പറഞ്ഞത്. ഇലക്ടറല്‍ ബോണ്ട് സംവിധാനം വിവരാവകാശം ലംഘിക്കുകയാണ്. കള്ളപ്പണം തടയാനുള്ള നടപടി എന്ന പേരില്‍ മാത്രം ഇത് മറച്ചുവെയ്ക്കാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഇലക്ടറല്‍ ബോണ്ട് വിതരണം നല്‍കിയവരുടെ വിവരങ്ങള്‍ പുറത്തു വിടാന്‍ എസ്ബിഐയ്ക്ക് കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജികളില്‍ വിധി പറഞ്ഞത്. 2018 മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയതാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി. സ്‌റ്റേറ്റ് ബാങ്കിന്റെ പ്രത്യേക ശാഖകളില്‍ നിന്ന് 1,000 രൂപ മുതല്‍ ഒരു ലക്ഷം വരെയുള്ള തുകയുടെ ബോണ്ടുകള്‍ വാങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാവുന്നതാണ് പദ്ധതി. എന്നാല്‍ ഇലക്ടറല്‍ ബോണ്ടില്‍ ആരാണ് പണം നല്‍കിയതെന്ന് വെളിപ്പെടുത്തേണ്ടതില്ലെന്നായിരുന്നു വ്യവസ്ഥ. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ സുപ്രീംകോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങള്‍ നല്‍കാന്‍ എസ്ബിഐ തയ്യാറാവുകയായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷനാണ് പൊതുജനങ്ങള്‍ക്കായി വിശദ വിവരങ്ങള്‍ പുറത്ത് വിട്ടത്.
ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധ നേടിയ കേസാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റ അറസ്റ്റ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള കെജരിവാളിന്റെ അറസ്റ്റ് രാഷ്ട്രീയമാണെന്നായിരുന്നു പ്രധാന ആരോപണം. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം അറസ്റ്റിനെ അപലപിക്കുകയും ചെയ്തു. അറസ്റ്റിനെ രാഷ്ട്രീമായി ഉപയോഗിക്കാമെന്ന് ആം ആദ്മിയും പ്രതിപക്ഷ പാര്‍ട്ടികളും കരുതിയെങ്കിലും തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിച്ചുവെന്നതാണ് വസ്തുത. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡിയാണ് ആദ്യം കെജരിവാളിനെ അറസ്റ്റ് ചെയ്തത്. ഇഡിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് മാസങ്ങള്‍ക്ക് ശേഷം കെജരിവാളിനെ സിബിഐയും അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി സ്ഥാനം ഒഴിയാതെ തന്നെ അരവിന്ദ് കെജരിവാള്‍ ജയിലിലിരുന്നുകൊണ്ട് ഭരണം നിര്‍വഹിക്കുകയും ചെയ്തു. അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് കെജരിവാള്‍ പരമോന്നത കോടതിയെ സമീപിച്ചു. കേസില്‍ നാല് കുറ്റപത്രമാണ് സമര്‍പ്പിച്ചത്. അതുകൊണ്ട് തന്നെ വിചാരണ നീണ്ടു പോവുകയും ചെയ്യും. അതുവരെ ഒരാളെ ജയിലിലിടുന്നത് തികച്ചും നിയമവിരുദ്ധമായ കാര്യമാണ്. ജാമ്യവുമായി ബന്ധപ്പെട്ട കാര്യം പരിഗണിക്കുമ്പോള്‍ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനമെന്നും ഒഴിവാക്കാനാവാത്ത ഘട്ടത്തില്‍ മാത്രമാണ് ജയിലെന്നും അതുകൊണ്ടു തന്നെ അനന്തകാലം ജയിലിലിടുന്നത് ശരിയല്ലെന്നു പറഞ്ഞായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. 50 ദിവസമാണ് കെജരിവാള്‍ തിഹാര്‍ ജയിലില്‍ കഴിഞ്ഞത്. ജാമ്യം നല്‍കരുതെന്ന ഇഡിയുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു സുപ്രീംകോടതിയുടെ തീരുമാനം.
''പൗരന്‍റെ വീടുകളുടെ സംരക്ഷണത്തിനുള്ള അവകാശം അവരുടെ മൗലികാവകാശമാണ്. കൈയേറ്റങ്ങള്‍ക്കെതിരെയും അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെയും നടപടിയെടുക്കുന്നതിന് മുമ്പ് നടപടിക്രമങ്ങള്‍ പാലിക്കാനും ഉറപ്പാക്കാനും സംസ്ഥാനത്തിന് ബാധ്യതയുണ്ട്. ബുള്‍ഡോസറിലൂടെ 'നീതി' നല്‍കുന്നത് മറ്റൊരു പരിഷ്‌കൃത സമൂഹത്തിലും കാണാനാവില്ല. നിയമവിരുദ്ധമായി പൗരന്‍റെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് ഉദ്യോഗസ്ഥര്‍ തന്നെ അംഗീകാരം നല്‍കുകയാണെങ്കില്‍ ചിലപ്പോള്‍ ഇത്തരം നടപടികള്‍ പ്രതികാരത്തിലേക്ക് വഴി മാറും'' - ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നടത്തിയ അവസാന വിധിയിലെ ശ്രദ്ധേയമായ പരാമര്‍ശങ്ങളിലൊന്നാണ് ഇത്. രാജ്യത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ബുള്‍ഡോസര്‍ രാജിന് അന്ത്യം കുറിച്ചുകൊണ്ടാണ്, കേസില്‍ സുപ്രീം കോടതി നിര്‍ണായക വിധി പറഞ്ഞത്. ഒരാള്‍ കുറ്റാരോപിതനായതുകൊണ്ടോ ശിക്ഷിക്കപ്പെട്ടതുകൊണ്ടോ അവരുടെ വീട് തകര്‍ക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ശിക്ഷാനടപടി എന്ന നിലയില്‍ ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാനയടക്കമുള്ള പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അധികാരികള്‍ കുറ്റാരോപിതരുടെ വീടുകള്‍ പൊളിക്കുന്നതിലേക്ക് നീങ്ങുന്നതിലെ ആശങ്കകള്‍ പരിഹരിക്കുന്നതിന് ദേശീയ തലത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നതായും സുപ്രീംകോടതി പറഞ്ഞു.
പൊതുനന്മയുടെ പേരില്‍ എല്ലാ സ്വകാര്യ സ്വത്തുക്കളും സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന സുപ്രീംകോടതി വിധി ഏറെ നിര്‍ണായകമായിരുന്നു. എല്ലാ സ്വകാര്യ സ്വത്തുക്കളും സമൂഹത്തിന്റെ ഭൗതിക വിഭവങ്ങള്‍ ആയി കണക്കാക്കാനാകില്ലെന്നും സുപ്രീംകോടതിയുടെ ഒന്‍പതംഗ ബെഞ്ച് വിധിച്ചു. ഏതു ഭൂമിയും ഏറ്റെടുക്കാമെന്ന, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ 1978ലെ വിധിയാണ് മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ച് റദ്ദാക്കിയത്. വിധിയില്‍ ഒന്‍പതംഗ ബെഞ്ചിലെ ഏഴുജഡ്ജിമാര്‍ യോജിച്ചപ്പോള്‍, രണ്ടുപേര്‍ വിയോജിച്ചു. ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ബി വി നാഗരത്ന വിധിയോട് ഭാഗികമായ വിയോജിപ്പ് പ്രകടിപ്പിച്ചു. എന്നാല്‍ ജസ്റ്റിസ് സുധാംശു ധൂലിയ ഭൂരിപക്ഷ വിധിയോട് പൂര്‍ണമായും വിയോജിക്കുകയായിരുന്നു. പൊതുനന്മ ലക്ഷ്യമിട്ട് വിതരണത്തിനായി സ്വകാര്യ ഉടമസ്ഥതയിലുള്ള എല്ലാ വിഭവങ്ങളും ഏറ്റെടുക്കാന്‍ ഭരണഘടനാപരമായി സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് ഭൂരിപക്ഷ വിധിയില്‍ കോടതി വ്യക്തമാക്കി. എന്നാല്‍ ചില കേസുകളില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വകാര്യ സ്വത്തുക്കളില്‍ അവകാശവാദം ഉന്നയിക്കാമെന്നും ചീഫ് ജസ്റ്റിസ് വിധിയില്‍ പറഞ്ഞു. എല്ലാ സ്വകാര്യ സ്വത്തുക്കളും ഏറ്റെടുക്കാമെന്നത് സാധാരണക്കാരെ പോലും വലിയ രീതിയില്‍ ബാധിക്കും. അതനുവദിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി. സ്വകാര്യ ഉടമസ്ഥതയിലുള്ള എല്ലാ വിഭവങ്ങളും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 39 (ബി) പ്രകാരം പൊതുനന്മ ലക്ഷ്യമിട്ട് സംസ്ഥാനങ്ങള്‍ക്ക് ഏറ്റെടുക്കാമെന്നാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍ വിധി പ്രസ്താവിച്ചത്. സോഷ്യലിസ്റ്റ് ആശയം ഉള്‍ക്കൊണ്ടുള്ള വിധിയില്‍, പൊതുനന്മയ്ക്കായി എല്ലാ സ്വകാര്യ സ്വത്തുക്കളും സംസ്ഥാനങ്ങള്‍ക്ക് ഏറ്റെടുക്കാമെന്നായിരുന്നു ഉത്തരവിട്ടത്. ഈ വിധിയാണ് ഭരണഘടനാ ബെഞ്ച് അസാധുവാക്കിയത്.
പട്ടികജാതി വിഭാഗങ്ങളിലെ കൂടുതല്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക സംവരണത്തിന് അര്‍ഹതയുണ്ടെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നതും കഴിഞ്ഞ വര്‍ഷമാണ്. കൂടുതല്‍ അടിച്ചമര്‍ത്തല്‍ നേരിടുന്നവരിലേക്ക് ആനുകൂല്യങ്ങള്‍ എത്തുന്നതിന് ഉപവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാമെന്ന ചരിത്ര വിധി ചീഫ് ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്നോട്ട് വെച്ചത്. ഇ വി ചിന്നയ്യ കേസില്‍ 2005 സുപ്രീംകോടതി ഉത്തരവിനെ തന്നെ തിരുത്തുന്നതാണ് ഏഴംഗ ഭരണഘടനാ ബെഞ്ച് 6-1 ഭൂരിപക്ഷത്തില്‍ പുറപ്പെടുവിച്ച വിധി. ഇതില്‍ ജസ്റ്റിസ് ബാല ത്രിവേദി മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. പിന്നാക്ക ഉപവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് പലപ്പോഴായി പുറപ്പെടുവിച്ച ആറ് വിധികള്‍ നിലവിലുണ്ടെന്നാണ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. പട്ടികജാതി വിഭാഗമെന്നത് ഏകീകൃതവര്‍ഗമല്ലെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ഉപവിഭാഗങ്ങളെ അംഗീകരിക്കുമ്പോള്‍ തന്നെ ഏതു ഉപവിഭാഗത്തെയാണോ തെരഞ്ഞെടുക്കുന്നത് ആ വിഭാഗത്തിന്റെ പ്രാതിനിധ്യം അപര്യാപ്തമാണെന്ന് വസ്തുതാപരമായി സമര്‍ഥിക്കാനും സര്‍ക്കാരിന് സാധിക്കണമെന്നും ഏഴംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. പ്രത്യേക സംവരണവുമായി ബന്ധപ്പെട്ട് രണ്ട് വിഷയങ്ങളാണ് ഏഴംഗ ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്. നിലവില്‍ സംവരണം നല്‍കുന്ന ഒരു ജാതിവിഭാഗത്തില്‍ വീണ്ടും ഉപവിഭാഗങ്ങള്‍ രൂപീകരിച്ച് സംവരണം അനുവദിക്കാന്‍ സാധിക്കുമോ? എന്നതാണ് ആദ്യത്തെ ആദ്യത്തെ വിഷയം. 2004 ലെ ഇവി ചിന്നയ്യ വേഴ്സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസില്‍ പട്ടികജാതിയില്‍ ഉള്‍പ്പെടുന്ന എല്ലാ വിഭാഗങ്ങളെയും ഏകീകൃത വിഭാഗമായാണ് കണ്ടത്, ഉപവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേകം സംവരണം നല്‍കരുത് എന്ന അന്നത്തെ കോടതി നിരീക്ഷണം ശരിയാണോ? എന്നതായിരുന്നു രണ്ടാമത്തെ വിഷയം. ഭരണഘടനയുടെ അനുച്ഛേദം 341 ആണ് ഇതിനു കാരണമായി കോടതി അന്ന് ഉയര്‍ത്തിക്കാണിച്ചത്. എന്നാല്‍ പട്ടികജാതിയെ ഏകീകൃതവര്‍ഗമായി കാണാന്‍ സാധിക്കില്ലെന്നും അതിലെ ഉപവിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണം നല്‍കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദം വിവക്ഷിക്കുന്ന തുല്യതയ്ക്കെതിരാകില്ലെന്നും അനുച്ഛേദം 341നെയും ലംഘിക്കില്ലെന്നും വിധിയില്‍ പറയുന്നു. അനുച്ഛേദം 15, 16 എന്നിവ പട്ടികജാതിയിലെ ഉപവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതിന് എതിരല്ലെന്നും പറയുന്നുണ്ട്. എന്നാല്‍ ഈ വിധിയിലൂടെ സര്‍ക്കാരുകള്‍ക്ക് തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യമനുസരിച്ച് ഏതെങ്കിലും വിഭാഗത്തിന് സംവരണം നല്‍കാന്‍ സാധിക്കില്ലെന്നും ആ വിഭാഗത്തിന്റെ പ്രാതിനിധ്യം അപര്യാപ്തമാണെന്ന് സര്‍ക്കാരുകള്‍ തെളിയിക്കണമെന്നും ഈ പ്രക്രിയകള്‍ മുഴുവന്‍ കോടതിയുടെ നിരീക്ഷണത്തിലായിരിക്കുമെന്നും വിധിന്യായം പറയുന്നു.
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കൈവശം വെക്കുന്നതും കാണുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നത് 2024ലാണ്. വിധി പുറപ്പെടുവിക്കുന്നതിനോടൊപ്പം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനും പാര്‍ലമെന്റിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചുവെന്നതാണ് പ്രത്യേകത. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും കാണുകയും ചെയ്യുന്നത് പോക്സോ ആക്ട്, 2012, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) ആക്റ്റ്, 2000 എന്നിവ പ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കികൊണ്ടായിരുന്നു സുപ്രീം കോടതിയുടെ തീരുമാനം. ചൈല്‍ഡ് പോണോഗ്രാഫി അഥവാ കുട്ടികളുടെ അശ്ലീലദൃശ്യം എന്ന പദം ഉപയോഗിക്കരുതെന്നും ഇതോടൊപ്പം കോടതി നിര്‍ദേശിച്ചു. കുട്ടികളുടെ അശ്ലീലത, ലൈംഗിക ചൂഷണം എന്നിവയില്‍ പുതിയ നിര്‍വചനം വേണമെന്നും സുപ്രീംകോടതി പാര്‍ലമെന്റിന് നിര്‍ദേശം നല്‍കി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഈ കേസിലെ വിധി പറഞ്ഞത്. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തതിന് പോക്സോ, ഐടി ആക്ട് പ്രകാരം 28 കാരനെതിരെ അമ്പത്തൂര്‍ പൊലീസ് കേസ് എടുത്തിരുന്നു. 2024 ജനുവരി 11 ന് മദ്രാസ് ഹൈക്കോടതി ഇയാള്‍ക്കെതിരെയുള്ള കേസ് റദ്ദാക്കി. ഈ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് രണ്ട് ശിശുക്ഷേമ എന്‍ജിഒകള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുകയും വിധിപറയുകയും ചെയ്തത്. കുട്ടികളുടെ അശ്ലീലം കാണുന്നത് ഒരു കുറ്റമല്ലെന്നും എന്നാല്‍ കുട്ടികളെ അശ്ലീലചിത്രങ്ങളില്‍ ഉപയോഗിക്കുന്നത് ''ഗുരുതരമായ'' ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അത് കുറ്റമായിരിക്കാമെന്നുമായിരുന്നു മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചത്.
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ സുപ്രധാന വിധിയാണ് പോയ വര്‍ഷം സുപ്രീംകോടതി പുറപ്പെടുവിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ജയിലില്‍ നിന്ന് വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പ്രതികള്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ശിക്ഷാ ഇളവ് നല്‍കുന്നതില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഗുജറാത്ത് സര്‍ക്കാരിനില്ലെന്നും വ്യക്തമാക്കിയായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. 2008ലാണ് കേസില്‍ 11 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തി മഹാരാഷ്ട്ര കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 15 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിഞ്ഞെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രതികളെ 2022 ഓഗസ്റ്റില്‍ സര്‍ക്കാര്‍ മോചിപ്പിച്ചത്. ഗുജറാത്ത് കലാപത്തില്‍ ക്രൂരമായ ആക്രമണമായിരുന്നു ബില്‍ക്കിസ് ബാനുവിനും കുടുംബക്കാര്‍ക്കുമെതിരെ നടന്നത്. അഞ്ചു മാസം ഗര്‍ഭിണിയായ ഇരുപത്തിയൊന്നുകാരി ബില്‍ക്കീസ് ബാനുവിനെ 2002 ഗുജറാത്ത് കലാപത്തിനിടെ പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ഇവരുടെ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. സ്ത്രീകള്‍ ബഹുമാനം അര്‍ഹിക്കുന്നുവെന്നും പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷ നവീകരണത്തിനാണ്, പ്രതികാരം തീര്‍ക്കാനല്ലെന്നും സുപ്രീംകോടതി വിധി പ്രസ്താവിക്കുമ്പോള്‍ പറഞ്ഞു.
കോടതിയില്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ദയവായി എന്നോട് ക്ഷമിക്കൂ, എന്റെ എല്ലാ തെറ്റുകളും പൊറുക്കപ്പെടട്ടെ. നാളെ മുതല്‍ എനിക്ക് നീതി നല്‍കാന്‍ കഴിയില്ല. പക്ഷേ, ഞാന്‍ സംതൃപ്തനാണ്...ഇന്ത്യന്‍ ജുഡീഷ്യറിയുടെ അമരത്ത് നിന്നും രണ്ട് വര്‍ഷത്തെ സേവനത്തിന് ശേഷം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പടിയിറങ്ങുമ്പോള്‍ പറഞ്ഞ വാക്കുകളാണിത്. അത്രയേറെ സംതൃപ്തിയോടെയാണ് മടക്കമെന്നത് ഇതിനുമപ്പുറം എങ്ങനെ പറയാനാണ്. അലിഗഢ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച സുപ്രധാന വിധി പുറപ്പെടുവിച്ചായിരുന്നു പടിയിറക്കം. അവസാന പ്രവൃത്തി ദിവസം ഏകദേശം 220ലധികം കേസുകളില്‍ അദ്ദേഹം വിധി പറഞ്ഞു. ഇക്ടറല്‍ ബോണ്ട്, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, സ്വവര്‍ഗ വിവാഹം, ഹാദിയ കേസ്, ശബരിലമലയില്‍ സ്ത്രീ പ്രവേശനം ആകാം തുടങ്ങി ചര്‍ച്ച ചെയ്യപ്പെട്ട നിരവധി കേസുകളിലാണ് രണ്ട് വര്‍ഷത്തെ കാലയളവില്‍ അദ്ദേഹം വിധി പറഞ്ഞത്. വിധികള്‍ പറയുന്നതിനൊപ്പം കോടതികളിലും അദ്ദേഹം മാറ്റങ്ങള്‍ കൊണ്ടുവന്നു. ഭിന്നശേഷിക്കാര്‍ക്കായി മിറ്റി കഫേ, വനിതാ അഭിഭാഷകര്‍ക്കായി പ്രത്യേക ബാര്‍ റൂം, സുപ്രീംകോടതി പരിസരം മോടിപിടിപ്പിക്കുന്ന പദ്ധതികള്‍ തുടങ്ങി നിരവധി മാറ്റങ്ങളാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കാലത്ത് നടത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates