

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ രാമക്ഷേത്രപ്രതിഷ്ഠാ ചടങ്ങില്‍ നേരിട്ട് പങ്കാളിയാകില്ല. പകരം ഡല്‍ഹിയിലെ ജണ്ടേവാലന്‍ ക്ഷേത്രത്തില്‍ നിന്ന് പരിപാടി തത്സമയം കാണുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷ്ഠാചടങ്ങിലേക്ക് തന്നെ വിളിച്ച ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന് അദ്ദേഹം സാമൂഹിക മാധ്യമത്തിലൂടെ നന്ദി അറിയിക്കുകയും ചെയ്തു. 500 വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് മഹത്തായ ക്ഷേത്രം പണിയുന്നതെന്നും ജനുവരി 22ന് ശേഷം കുടുംബത്തോടൊപ്പം ക്ഷേത്രദര്‍ശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ് ഉള്‍പ്പടെ നിരവധി ബിജെപി നേതാക്കള്‍ക്ക് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണമുണ്ട്.
ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ചടങ്ങുകളും പൂജകളുമാണ് അയോധ്യയില്‍ പ്രതിഷ്ഠയോടനുബന്ധിച്ച് നടക്കുന്നത്. ജനുവരി 16-ന് ഉച്ചയ്ക്ക് സരയൂനദിയില്‍ ആരംഭിച്ച ചടങ്ങുകള്‍ 22-ന് പ്രാണപ്രതിഷ്ഠവരെ തുടരും. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20-നാണ് പ്രതിഷ്ഠാചടങ്ങ്.വ്യാഴാഴ്ച ഉച്ചയ്ക്ക് 1.28-നാണ് ബാലരാമവിഗ്രഹം ക്ഷേത്രത്തിന്റെ ശ്രീകോവിലിലെത്തിച്ചത്. അഞ്ചുവയസുകാരന്റെ നില്‍ക്കുന്ന രൂപത്തിലുള്ള വിഗ്രഹത്തിന് 51 ഇഞ്ച് ഉയരവും 200 കിലോഗ്രാമിനടുത്ത് ഭാരവുമുള്ളതിനാല്‍ എന്‍ജിനിയര്‍മാരുടെകൂടി സാന്നിധ്യത്തിലാണ് ഇത് ശ്രീകോവിലില്‍ സ്ഥാപിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് നടക്കുന്ന പ്രാണപ്രതിഷ്ഠയ്ക്ക് ഹ്രസ്വമായ ചടങ്ങുകളാണുണ്ടാവുക. മുഹൂര്‍ത്തം നിശ്ചയിച്ച കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തിലാണ് ചടങ്ങുകള്‍. കാശിയിലെ ലക്ഷ്മീകാന്ത് ദീക്ഷിത് ചടങ്ങിന്റെ മുഖ്യകാര്‍മികനാകും. ക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ് ഉള്‍പ്പെടെയുള്ളവരും പങ്കെടുക്കും
പ്രധാനമന്ത്രിയും പ്രമുഖ വ്യവസായികളും ബോളിവുഡ്, കായികതാരങ്ങളുമടങ്ങുന്ന വിവിഐപികളെത്തുന്ന രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിന് മുന്നോടിയായി അയോധ്യയില്‍ വന്‍ സുരക്ഷാസന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് പാലീസും കേന്ദ്രസേനകളും പഴുതടച്ച കാവലാണ് ഒരുക്കുന്നത്. ദുരന്തനിവാരണസേനയും രംഗത്തുണ്ട്. അനുമതിയില്ലാത്ത ഒരുവാഹനംപോലും അയോധ്യയിലേക്ക് കടത്തിവിടുന്നില്ല. നേരത്തേ അയോധ്യയിലെത്തിയ, അനുമതിയില്ലാത്ത വാഹനങ്ങള്‍ റോഡിലിറക്കാനും അനുവദിക്കുന്നില്ല. ശനിയാഴ്ചയും ഞായറാഴ്ചയും ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല.എണ്ണായിരംപേരെയാണ് തിങ്കളാഴ്ചത്തെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ക്ഷണം ലഭിക്കാത്തവര്‍ക്ക് മുറികള്‍ നല്‍കേണ്ടതില്ലെന്ന കര്‍ശന നിര്‍ദേശമാണ് ഹോട്ടലുകള്‍ക്ക് അധികൃതര്‍ നല്‍കുന്നത്. അനുമതിയുള്ളവര്‍ തന്നെയാണോ ഹോട്ടലുകളില്‍ താമസിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ ശനിയാഴ്ചയും പരിശോധന നടത്തി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
