'മണിപ്പൂർ കത്തുന്നു; സർക്കാർ പൂർണ പരാജയം; ജനരോഷവും പ്രതിഷേധവും പ്രവഹിക്കുന്നു'- സ്വന്തം സർക്കാരിനെതിരെ ബിജെപി

'ക്രമസമാധാന പരിപാലനത്തിൽ നിന്നു സംസ്ഥാന സർക്കാരിനെ മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു മേൽക്കൈ നൽകുന്ന തരത്തിൽ കാര്യങ്ങൾ ക്രമീകരിക്കണം'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ഇംഫാൽ: മണിപ്പൂരിൽ കലാപം തുടരുന്ന സാഹചര്യത്തിൽ സ്വന്തം സർക്കാരിനെതിരെ ബിജെപി രം​ഗത്ത്. കലാപം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നു വ്യക്തമാക്കി സംസ്ഥാനത്തെ ബിജെപി നേതാക്കൾ ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയ്ക്ക് കത്തയച്ചു. ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ വിഷയത്തിൽ അടിയന്തരമായി ഉണ്ടാകണമെന്നും നേതാക്കൾ കത്തിൽ ചൂണ്ടിക്കാണിച്ചു. 

സർക്കാരിനെതിരെ വൻ തോതിൽ ജനരോഷം ഉയരുകയാണ്. പ്രതിഷേധത്തിന്റെ വേലിയറ്റം തന്നെയാണ് സർക്കാരിനെതിരെയുള്ളതെന്നും കത്തിലുണ്ട്. സംസ്ഥാന അധ്യക്ഷ ശാരദാ ദേവിയുടെ നേതൃത്വത്തിലുള്ള പാർട്ടിയുടെ എട്ട് പ്രമുഖ ഭാരവാഹികൾ കത്തിൽ ഒപ്പിട്ടിട്ടുണ്ട്. കലാപം 150 ദിവസമായതിനു പിന്നാലെയാണ് അതൃപ്തി വ്യക്തമാക്കി നേതാക്കൾ ദേശീയ നേതൃത്വത്തെ സമീപിച്ചത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസ്ഥാന നേതാക്കൾക്ക് ആശയ വിനിമയം നടത്തണം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, സുരക്ഷാ സേനകൾ ഉൾപ്പെടെയുള്ളവരുടെ കാര്യക്ഷമമായ ഇടപെടലുകൾ അനിവാര്യമാണ്. ക്രമസമാധാന പരിപാലനത്തിൽ നിന്നു സംസ്ഥാന സർക്കാരിനെ മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു മേൽക്കൈ നൽകുന്ന തരത്തിൽ കാര്യങ്ങൾ ക്രമീകരിക്കണം. 

​ഗവർണറുടെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയുടെ സമാധന യോ​ഗങ്ങൾ ചേരുന്നില്ല. തുടർ നടപടികളും ഉണ്ടാകുന്നില്ല. പാലയനം ചെയ്തവരെ തിരികെ എത്തിക്കുന്നതിലും അവർക്ക് നഷ്ടപ്പെട്ട വീടുകൾ ഉൾപ്പെടെയുള്ളവ പുനർ നിർമിച്ചു നൽകുന്നതിനും അടിയന്തര ഇടപെടൽ ഉണ്ടാകണം.

ദേശീയ പാതകളിൽ ​ഗതാ​ഗതം സാധാരണ നിലയിലാക്കേണ്ടതിന്റെ ആവശ്യകതയും പ്രശ്നങ്ങളുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും കത്തിൽ എടുത്തു പറയുന്നു. കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കണം. വീടുകൾ നഷ്ടപ്പെട്ടവർക്ക് ഉചിതമായ നഷ്ട പരിഹാരം നൽകണം 

ഇംഫാൽ ഈസ്റ്റിലെ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ കുടുംബ വസതിയും ഇംഫാൽ വെസ്റ്റിലെ ബിജെപി എംഎൽഎയുടെ വീടും ഒരേസമയം ആക്രമിക്കാൻ ആയുധധാരികളായ ജനക്കൂട്ടം ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനു വീഴ്ച സംഭവിച്ചതായി നേതാക്കൾ തുറന്നടിച്ചത്. 

സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് എത്തിക്കാൻ സർക്കാർ രാവും പകലും ശ്രമിക്കുന്നുണ്ട്. പക്ഷേ അതൊന്നും ഫലം കാണുന്നില്ല. സ്ഥിതി​ഗതികൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ നിരന്തരം പരാജയപ്പെടുന്നു. ജനങ്ങൾ ഓരോ ദിവസവും തള്ളി നീക്കാൻ അങ്ങേയറ്റം ബുദ്ധിമുട്ടുകയാണ്. ഇത്തരം കാര്യങ്ങളെല്ലാം പ്രതിസന്ധിയായി നിൽക്കുന്നു- കത്തിൽ വ്യക്തമാക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com