

കൊൽക്കത്ത: ഹോളി ആഘോഷത്തിനിടെ രാസവസ്തുക്കളടങ്ങിയ നിറങ്ങൾ മുഖത്തെറിഞ്ഞെന്ന് ബിജെപി എം പിയുടെ പരാതി. ഹൂഗ്ലി എം പിയായ ലോക്കറ്റ് ചാറ്റർജിയാണ് ആരോപണവുമായി രംഗത്തെത്തിയത്. തുണി ഉപയോഗിച്ച് കണ്ണ് മറച്ചിരിക്കുന്ന ലോക്കറ്റ് ചാറ്റർജിയുടെ ചിത്രങ്ങളും പുറത്തുവന്നു.
ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതനിടെയാണ് സംഭവം. കൊഡാലിയയിൽ പ്രചാരണത്തിനിടെ വഴിയിൽ സ്ത്രീകൾ ഹോളി ആഘോഷിക്കുമ്പോൾ അവിടേക്കെത്തിയതാണ് ലോക്കറ്റ് ചാറ്റർജി. ഹോളി ആഘോഷിക്കാൻ ക്ഷണിച്ചപ്പോൾ കൊറോണയായതിനാൽ ആവശ്യം നിരസിച്ചു. പകരം നിറങ്ങൾ ദേഹത്തെറിഞ്ഞോളാൻ സ്ത്രീകളോട് പറഞ്ഞു. എന്നാൽ അവിടെയുണ്ടായിരുന്ന രണ്ടുപുരുഷൻമാർ മുന്നോട്ടുവരികയും തീർച്ചയായും നിറങ്ങൾ വിതറാമെന്ന് പറയുകയായിരുന്നെന്ന് ലോക്കറ്റ് പറഞ്ഞു.
നിമിഷങ്ങൾക്കകം പുരുഷൻമാർ നിറങ്ങളുമായി വരികയും മുഖത്തേക്ക് എറിയുകയുമായിരുന്നു. കണ്ണട വെച്ചിരുന്നതിനാൽ കണ്ണിന് ഒന്നും പറ്റിയില്ലെന്നും എന്നാൽ കണ്ണിൻറെ വശങ്ങളിൽ പൊള്ളൽ അനുഭവപ്പെടുന്നുണ്ടെന്നും അവർ പറഞ്ഞു. തൃണമൂൽ ബാഡ്ജ് ധരിച്ച് മൂന്നുനാലുപേർ അൽപ്പം അകലെ നിൽക്കുന്നുണ്ടായിരുന്നുവെന്നും അവരിൽ ഒരാളാണ് രാസവസ്തുക്കൾ അടങ്ങിയ നിറങ്ങൾ മുഖത്തേക്ക് എറിഞ്ഞതെന്നും അവർ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates