ലഖ്നൗ: അയോദ്ധ്യയ്ക്ക് പിന്നാലെ മഥുര കേന്ദ്രീകരിച്ച് പുതിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി ഭാരതീയ ജനതാ പാർട്ടി. 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 'രാധേ രാധേ താമര വിരിയിക്കൂ'(രാധേ രാധേ, കമാൽ ഖില ദേ) എന്ന പുതിയ മുദ്രാവാക്യവുമായി ബിജെപി രംഗത്തെത്തി. മഥുരയിൽ നടന്ന രണ്ട് ദിവസത്തെ സംഘടനാ യോഗത്തിന് ശേഷം യുപി ബിജെപി അധ്യക്ഷൻ പങ്കജ് ചൗധരിയാണ് പുതിയ മുദ്രാവാക്യം പ്രഖ്യാപിച്ചത്. പാർട്ടിയുടെ സാംസ്കാരിക വ്യക്തിത്വം ഉയർത്തിപ്പിടിച്ചുകൊണ്ട് താഴേത്തട്ടിൽ സ്വാധീനം ഉറപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്ത് നടന്ന യോഗത്തിലാണ് പുതിയ മുദ്രാവാക്യം രൂപീകരിച്ചതെന്ന് പങ്കജ് ചൗധരി ചൂണ്ടിക്കാട്ടി. അയോധ്യക്ക് ശേഷം മറ്റൊരു ക്ഷേത്രനഗരിയായ മഥുരയിലേക്ക് ബിജെപി ചുവടുമാറ്റുന്നതിൻറെ മുന്നോടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. വികസനം, നിയമവാഴ്ച, സാംസ്കാരിക ദേശീയത എന്നിവയാണ് പാർട്ടിയുടെ പ്രധാന പ്രചാരണ അജണ്ടകൾ. സംസ്ഥാനത്തെ രണ്ട് കോടിയിലധികം വരുന്ന പാർട്ടി അംഗങ്ങളെയും രണ്ടര ലക്ഷത്തോളം സജീവ പ്രവർത്തകരെയും ലക്ഷ്യമിട്ടാണ് പുതിയ പ്രവർത്തനങ്ങൾ. മൂന്നാം തവണയും സർക്കാരുണ്ടാക്കി ഹാട്രിക് വിജയം നേടുകയെന്ന ലക്ഷ്യത്തോടെയാണ് യോഗം ചേർന്നത്.
കാടിളക്കിയുള്ള പ്രചാരണത്തിനാണ് സംസ്ഥാന നേതൃത്വം പദ്ധതിയിട്ടിരിക്കുന്നത്. അടുത്ത മാസം മുതൽ ആരംഭിക്കുന്ന പ്രചാരണ പരിപാടികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ നേതൃത്വം നൽകും. ആറ് പ്രദേശങ്ങളിൽ നിന്നായി തുടക്കം കുറിക്കുന്ന ജൻ ആശിർവാദ് യാത്രയാണ് ഇതിൽ പ്രധാനം. യാത്രകളുടെ സമാപനം കുറിച്ച് ലക്നൌവിൽ ചേരുന്ന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
യോഗത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് രാമക്ഷേത്ര നിർമ്മാണം അടക്കമുള്ള കാര്യങ്ങൾ പൂർത്തിയായതായും, സർക്കാരിന്റെ നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുൻ സമാജ്വാദി പാർട്ടി സർക്കാരിന്റെ കാലത്തെ ക്രമസമാധാന തകർച്ചയും ബിജെപി സർക്കാരിന്റെ സുരക്ഷാ റെക്കോർഡും തമ്മിലുള്ള വ്യത്യാസം ജനങ്ങളിലേക്ക് എത്തിക്കാനും യോഗത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates