'ഡോളറിനു പകരം സ്വന്തം കറന്‍സി, യുഎന്‍ രക്ഷാസമിതിയില്‍ പുനഃസംഘടന, പലസ്തീനില്‍ ദ്വിരാഷ്ട്ര പരിഹാരം'; ന്യൂഡല്‍ഹി പ്രഖ്യാപനം അംഗീകരിച്ച് ബ്രിക്‌സ്

വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നും സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു
brics 2026
ബ്രിക്‌സ് ഉച്ചകോടിക്കെത്തിയ ലോക നേതാക്കള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിPhoto | AP
Updated on
1 min read

ന്യൂഡല്‍ഹി: അന്താരാഷ്ട്ര തലത്തില്‍ ഗ്ലോബല്‍ സൗത്തിന്റെ ശബ്ദം ശക്തമാക്കുന്നതിനും, ആഗോള ഭരണസംവിധാനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും ആഹ്വാനം ചെയ്യുന്ന 'ന്യൂഡല്‍ഹി ഡിക്ലറേഷന്‍' ബ്രിക്‌സ് ഉച്ചകോടി ഔദ്യോഗികമായി അംഗീകരിച്ചു. ഇന്ത്യയുടെ ആതിഥേയത്വത്തില്‍ നടക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സംയുക്ത പ്രഖ്യാപന രേഖ പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍, ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ തുടങ്ങി പ്രമുഖ ലോകനേതാക്കളുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം അംഗീകരിക്കപ്പെട്ടത്.

യുഎന്‍ രക്ഷാസമിതി ഉള്‍പ്പെടെയുള്ള ഐക്യരാഷ്ട്രസഭയുടെ വിവിധ ഘടനകളില്‍ സമഗ്ര മാറ്റങ്ങള്‍ വരുത്തണമെന്ന് ഡിക്ലറേഷന്‍ ആവശ്യപ്പെടുന്നു. ആധുനിക ആഗോള സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ബ്രെട്ടണ്‍ വുഡ്‌സ് സ്ഥാപനങ്ങളിലും പരിഷ്‌കരണം വേണം. ഐക്യരാഷ്ട്രസഭയിലും സുരക്ഷാ കൗണ്‍സിലിലും ബ്രസീലിനും ഇന്ത്യയ്ക്കും കൂടുതല്‍ നിര്‍ണായക പങ്കാളിത്തം ലഭിക്കണം. ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ മേഖലകളില്‍ നിന്നുള്ള വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നും സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര സംഘടനകള്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, വികസ്വര രാജ്യങ്ങളുടെയും വികസനത്തില്‍ പിന്നാക്കാവസ്ഥ നേരിടുന്ന രാജ്യങ്ങളുടെയും പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത രേഖയില്‍ ഊന്നിപ്പറയുന്നു. പരമാധികാര തുല്യത, ഐക്യദാര്‍ഢ്യം, ജനാധിപത്യം, കൂട്ടായ സമവായം എന്നിവയിലുള്ള വിശ്വാസം ബ്രിക്‌സ് രാജ്യങ്ങള്‍ ആവര്‍ത്തിച്ചുറപ്പിച്ചു. രാഷ്ട്രീയം-സുരക്ഷ, സാമ്പത്തികം, സാംസ്‌കാരികം എന്നീ മൂന്ന് പ്രധാന മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനമായി.

ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള ആഭ്യന്തര വ്യാപാരം ഇനി മുതല്‍ യുഎസ് ഡോളറിനു പകരമായി അതത് രാജ്യങ്ങളിലെ പ്രാദേശിക കറന്‍സികളിലേക്ക് മാറ്റാന്‍ പ്രോത്സാഹനം നല്‍കുമെന്നതാണ് മറ്റൊരു തന്ത്രപരമായ നീക്കം. ഡോളറിന്റെ മേധാവിത്വം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണിത്. ഭീകരവാദത്തെ കടുത്ത ഭാഷയില്‍ അപലപിച്ച പ്രസ്താവന, ഏകപക്ഷീയമായ യുദ്ധങ്ങളെ തള്ളിക്കളയുകയും പശ്ചിമേഷ്യയിലെ സൈനിക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വാണിജ്യ കപ്പല്‍ ഗതാഗതത്തിന്റെയും കടല്‍യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ അനിവാര്യതയും ഊന്നിപ്പറയുന്നു. ഗാസയില്‍ മാനുഷിക സഹായം ഉറപ്പുവരുത്തണമെന്നും പലസ്തീനില്‍ ദ്വിരാഷ്ട്ര പരിഹാരം വേണമെന്നും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെടുന്നുണ്ട്.

രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന വിവിധ മന്ത്രിതല ചര്‍ച്ചകളെയും സമ്പര്‍ക്ക പരിപാടികളെയും നേതാക്കള്‍ അഭിനന്ദിച്ചു. ബ്രിക്‌സിന്റെ രണ്ട് ദശകങ്ങള്‍ പിന്നിടുന്ന വേളയില്‍, കൂടുതല്‍ നീതിയുക്തവും പ്രാതിനിധ്യമുള്ളതുമായ അന്താരാഷ്ട്ര ക്രമം രൂപപ്പെടുത്തുന്നതില്‍ ന്യൂഡല്‍ഹി ഡിക്ലറേഷന്‍ ഒരു വലിയ ചുവടുവെപ്പായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

brics 2026
'അധികാരത്തിന്റെ പിരമിഡ് മാറ്റണം'; ഗ്ലോബല്‍ സൗത്ത് അവഗണന നേരിടുന്നുവെന്ന് മോദി; ബ്രിക്‌സ് ഉച്ചകോടിക്ക് തുടക്കം
brics 2026
ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ ധാരണ; 10,000 കോടി ഡോളര്‍ വ്യാപാര ലക്ഷ്യവുമായി മോദിയും പുടിനും
brics 2026
ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍: കൗണ്‍സില്‍ അനുമതിക്കായി നിര്‍ദ്ദേശം സമര്‍പ്പിച്ചു
Summary

BRICS adopts New Delhi Declaration: Inside the 140-point document on Global South's ambitions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com